ലഹരി മാത്രമല്ല ഈ 3 ദൈനംദിന ശീലങ്ങളും കരൾ തകരാറിലാവാൻ കാരണമാകും; നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത്

Published : Jun 24, 2026, 02:45 PM IST
liver health

Synopsis

മദ്യപിക്കാത്തവരിൽ പോലും ഇന്ന് കരൾ രോഗങ്ങൾ വർദ്ധിച്ചുവരുന്നതായി ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. മോശം ഭക്ഷണരീതി, മാനസിക സമ്മർദ്ദം, ഉറക്കമില്ലായ്മ എന്നിവയാണ് ഇതിന് പ്രധാന കാരണം.

കരൾ നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ്. ദഹനം, മെറ്റബോളിസം, ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളൽ എന്നിവയെല്ലാം നിയന്ത്രിക്കുന്നത് കരളാണ്. എന്നാൽ, മദ്യപിക്കാത്തവരിൽ പോലും ഇന്ന് കരൾ രോഗങ്ങൾ വർദ്ധിച്ചുവരുന്നതായി ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. മോശം ഭക്ഷണരീതി, മാനസിക സമ്മർദ്ദം, ഉറക്കമില്ലായ്മ എന്നിവയാണ് ഇതിന് പ്രധാന കാരണം. മദ്യപാനം പോലെ തന്നെ അല്ലെങ്കിൽ അതിനേക്കാൾ വേഗത്തിൽ കരളിനെ നശിപ്പിക്കുന്ന 3 ശീലങ്ങൾ ഇതാണ്.

1. തെറ്റായ ഭക്ഷണക്രമം

നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് കരളിന്റെ ജോലിഭാരം നിശ്ചയിക്കുന്നത്. സംസ്കരിച്ച ഭക്ഷണങ്ങൾ, അമിതമായ പഞ്ചസാര, മൈദ പോലുള്ള ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ, വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ, മോശം കൊഴുപ്പ് എന്നിവ അമിതമായി കഴിക്കുകയും പ്രോട്ടീന്റെ അളവ് കുറയുകയും ചെയ്യുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു.

2. ഉറക്കക്കുറവ്

ഉറക്കം എന്നത് തലച്ചോറിന് വിശ്രമം നൽകാൻ മാത്രമല്ല, കരളിലെ കോശങ്ങളെയും ശരീരത്തിലെ മെറ്റബോളിസം പ്രവർത്തനങ്ങളെയും ക്രമീകരിക്കുന്നതിന് ആവശ്യമായ സമയമാണ്. പലരും വിചാരിക്കുന്നതിലും വലിയ പങ്കാണ് ഉറക്കത്തിനും മാനസിക സമ്മർദ്ദത്തിനും കരളിന്റെ ആരോഗ്യത്തിലുള്ളത്. കൃത്യമായ ഉറക്കം ലഭിക്കാതെ വരുമ്പോൾ കരളിന് അതിന്റെ കേടുപാടുകൾ തീർക്കാനുള്ള സമയം ലഭിക്കാതെ വരികയും ഇത് പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യും.

3. വിട്ടുമാറാത്ത മാനസിക സമ്മർദ്ദം

മാനസികമായുണ്ടാകുന്ന സമ്മർദ്ദം ശരീരത്തെയും ഹോർമോൺ സന്തുലിതാവസ്ഥയെയും ദോഷകരമായി ബാധിക്കും. പഞ്ചസാരയും വറുത്ത ഭക്ഷണങ്ങളും അടങ്ങിയ മോശം ഡയറ്റ് കരളിന്റെ വിഷാംശം പുറന്തള്ളാനുള്ള ശേഷിയെ തകിടം മറിക്കുമ്പോൾ, ഉറക്കമില്ലായ്മ കോർട്ടിസോൾ ഹോർമോൺ വർദ്ധിപ്പിച്ച് ശരീരത്തിൽ വീക്കമുണ്ടാക്കുന്നു. ഉറക്കക്കുറവ് ഫാറ്റി ലിവർ വരാനുള്ള സാധ്യത ഇരട്ടിയാക്കുകയാണ് ചെയ്യുന്നത്.

കരളിന്റെ ആരോഗ്യം എങ്ങനെ വീണ്ടെടുക്കാം?

നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ വരുത്തുന്ന ചില ചെറിയ മാറ്റങ്ങളിലൂടെ കരളിനെ സംരക്ഷിക്കാനും ഫാറ്റി ലിവർ പോലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാനും സാധിക്കും.

ഭക്ഷണക്രമം ശ്രദ്ധിക്കുക

സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര, അമിത കൊഴുപ്പ് എന്നിവ ഒഴിവാക്കി സമീകൃതാഹാരം ശീലമാക്കുക.

വ്യായാമം പതിവാക്കുക

ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും ശാരീരിക അധ്വാനമോ വ്യായാമമോ ചെയ്യുക.

ശരീരഭാരം നിയന്ത്രിക്കുക

അമിതഭാരവും വയറിന് ചുറ്റും കൊഴുപ്പ് അടിയുന്നതും തടയുക.

ഗുളികകളുടെ ഉപയോഗം കുറയ്ക്കുക

ഡോക്ടറുടെ നിർദ്ദേശമില്ലാതെ അനാവശ്യമായി വേദനസംഹാരികളും ആന്റിബയോട്ടിക്കുകളും കഴിക്കുന്നത് കരളിനെ തകരാറിലാക്കാം. അതോടൊപ്പം മദ്യപാനവും പൂർണ്ണമായി ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുക.

കൃത്യമായി ഉറങ്ങുക

ദിവസവും രാത്രി 7 മുതൽ 8 മണിക്കൂർ വരെ സുഖകരമായ ഉറക്കം ഉറപ്പാക്കുക.

പരിശോധനകൾ നടത്തുക

കരൾ രോഗങ്ങൾ പലപ്പോഴും ലക്ഷണങ്ങൾ കാണിക്കാതെയാണ് വരുന്നത്. അതിനാൽ കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്താൻ ശ്രദ്ധിക്കണം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രോട്ടീന്റെ കുറവ് ; ശരീരം മുൻകൂട്ടി കാണിക്കുന്ന 8 ലക്ഷണങ്ങൾ
കൊളസ്ട്രോൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ