
ലോകം മുഴുവൻ വൈറസിൽ നിന്ന് ഓടി ഒഴിഞ്ഞു നടക്കുമ്പോഴും, രോഗം പിടിപെട്ടയാളെ പരിചരിക്കാൻ കിട്ടിയ അവസരം എന്നും ഓർമയിലുണ്ടാവും എന്നാണ് കൊറോണ വൈറസ് ബാധിച്ച രോഗിയെ പരിചരിച്ച നഴ്സിന് പറയാനുളളത്. ആലപ്പുഴ മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡിൽ പരിചരിച്ച നഴ്സ് അനുഭവം പങ്കുവെയ്ക്കുന്നു.
'ഈ ഭൂമിയിലെ ഏറ്റവും ഭീകരമായ അവസ്ഥ എന്താണെന്ന് ഇന്ന് എന്നോട് ആരെങ്കിലും ചോദിച്ചാല്‍ എനിക്ക് പറയാൻ കഴിയും. ആരോടും മിണ്ടാൻ കഴിയാതെ ഒരു മുറിയിൽ ശരീരമാസകലം മൂടിക്കെട്ടി ഭീകരനായ വൈറസുമായി ഏറ്റുമുട്ടുന്നതുതന്നെ. ലോകം മുഴുവൻ വൈറസിൽ നിന്ന് ഓടി ഒഴിഞ്ഞു നടക്കുമ്പോഴും, രോഗം പിടിപെട്ടയാളെ പരിചരിക്കാൻ കിട്ടിയ അവസരം എന്നും ഓർമയിൽ ഉണ്ടാകും'- കോവിഡ്–19 (കൊറോണ വൈറസ്) രോഗത്തെ നേരിട്ട കേരളത്തിന് അഭിമാനമായ ആരോഗ്യ പ്രവർത്തകരുടെ സംഘത്തിലെ നഴ്സ് മൃദുലയുടെ അനുഭവമാണിത്.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗിയെ പരിചരിച്ച മെഡിക്കൽ സംഘാംഗമായിരുന്നു മൃദുല. 6 ദിവസമാണ് രോഗിയെ മൃദുല പരിചരിച്ചത്. ഒരു ദിവസം 4 മണിക്കൂർ വീതം നഴ്സുമാർ മാറിമാറിയാണ് പരിചരിച്ചിരുന്നത്. ഡ്യൂട്ടി കഴിഞ്ഞാലും വീട്ടിൽ പോകാനാകാത്ത അവസ്ഥ. ആശുപത്രിയിൽ നിന്ന് ഹോസ്റ്റൽ മുറിയിലേക്കും തിരിച്ചും മാത്രമുള്ള ലോകം.
മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഒരു നോഡൽ ഓഫിസർ, 4 മെഡിക്കൽ ഓഫിസർമാർ, 12 പിജി ഡോക്ടർമാർ, 9 ഹൗസ് സർജൻമാർ, 8 സ്റ്റാഫ് നഴ്സുമാർ, 6 നഴ്സിങ് അസിസ്റ്റന്റുമാർ, 9 ക്ലീനിങ് ജീവനക്കാർ എന്നിവർ 4 മണിക്കൂർ വീതം മാറിമാറിയാണ് രോഗിയെ പരിചരിച്ചിരുന്നത്. ദിവസവും മെഡിക്കൽ ബോർഡ് ചേർന്ന് സ്ഥിതി വിലയിരുത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam