
ഭുവനേശ്വര്‍: സര്‍ക്കാര്‍ ജീവനക്കാര്‍ പോലും ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളെ സമീപിക്കുമ്പോള്‍ ഭാര്യയുടെ പ്രസവം സര്‍ക്കാര്‍ ആശുപത്രിയിലാക്കിയ കളക്ടര്‍ക്ക് കയ്യടി നല്‍കി സോഷ്യല്‍ മീഡിയ. ഒഡീഷയിലെ മാല്‍ക്കഗിരി ജില്ലയിലെ കളക്ടര്‍ മനിഷ് അഗര്‍വാളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയനാകുന്നത്.
ജൂലൈ 12-നാണ് മനിഷിനും ഭാര്യ സോനത്തിനും ആണ്‍കുഞ്ഞ് ജനിച്ചത്. സര്‍ക്കാര്‍ സംവിധാനങ്ങളോട് ആളുകള്‍ക്കുള്ള സമീപനം മാറുവാന്‍ തന്‍റെ പ്രവൃത്തിക്ക് സാധിക്കുമെന്ന് കരുതുന്നതായി മനീഷ് അഗര്‍വാള്‍ പറഞ്ഞു. മനിഷും ഭാര്യയും കുഞ്ഞിനോടൊപ്പം ആശുപത്രിയിലുള്ള ചിത്രം സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
സാധാരണയായി സര്‍ക്കാര്‍ ജീവനക്കാര്‍ മികച്ച ചികിത്സയ്ക്കായി ഭുവനേശ്വറിലോ വിശാഖപട്ടണത്തോ ആണ് പോവുന്നത്. എന്നാല്‍ സ്വകാര്യ ആശുപത്രികളെക്കാള്‍ മികച്ച സൗകര്യങ്ങള്‍ ഇപ്പോള്‍ മാല്‍ക്കഗിരി ഡി എച്ച് എച്ച് ഹോസ്പിറ്റലിലുണ്ട്. ഇനി വരുംവര്‍ഷങ്ങളില്‍ ആശുപത്രിയുടെ സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും കൂടുതല്‍ ആളുകളെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് എത്തിക്കാൻ ശ്രമിക്കുമെന്നും മനിഷ് പറയുന്നു.