Omicron India : ഒമിക്രോണിനെ പേടിക്കണം; കാരണങ്ങള്‍ ഇവയാണ്...

By Web TeamFirst Published Jan 6, 2022, 7:10 PM IST
Highlights

ഒമിക്രോണിനെ കുറിച്ചുള്ള പഠനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ലഭ്യമായ പല വിവരങ്ങളും ആധികാരികമായി ഉറപ്പിക്കപ്പെട്ടിട്ടില്ല. എങ്കില്‍പ്പോലും ജാഗ്രതയോടെ മുന്നോട്ടുനീങ്ങേണ്ടത് ഇന്നിന്റെ ആവശ്യമായി കാണേണ്ടതുണ്ട്. അതുകൊണ്ട് തന്നെ കൊവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്

കൊവിഡ് 19 ( Covid 19 ) രോഗം പരത്തുന്ന വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് ഒമിക്രോണ്‍ ( Omicron Variant ) . നേരത്തേ ഇന്ത്യ അടക്കം പല രാജ്യങ്ങളിലും ശക്തമായ കൊവിഡ് തരംഗത്തിന് ( Covid Wave ) കാരണമായ ഡെല്‍റ്റ എന്ന വകഭേദത്തെക്കാള്‍ ( Delta Variant ) മൂന്നിരട്ടിയിലധികം വേഗതയില്‍ രേഗവ്യാപനം നടത്തുമെന്നതാണ് ഒമിക്രോണിന്റെ സവിശേഷത. 

ചുരുങ്ങിയ സമയത്തിനകം കൂടുതല്‍ പേരിലേക്ക് രോഗമെത്തിക്കുമെന്നതായിരുന്നു ഡെല്‍റ്റ ഉയര്‍ത്തിയിരുന്ന വെല്ലുവിളി. ഇതിനെക്കാള്‍ മൂന്നിരട്ടിയിലധികം വേഗത്തില്‍ രോഗവ്യാപനം നടത്തുമെന്ന് പറയുമ്പോള്‍ ഒമിക്രോണ്‍ ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല. 

എന്നാല്‍ രോഗതീവ്രത കുറവാണെന്ന പ്രചരണത്തിന്റെ പേരില്‍ ഒമിക്രോണിനെ നിസാരവത്കരിക്കുന്ന ധാരാളം പേരുണ്ട്. ഈ മനോഭാവം സമീപഭാവിയില്‍ വലിയ തിരിച്ചടിയാണ് നല്‍കുകയെന്നാണ് വിദഗ്ധര്‍ ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തുന്നത്. 

സാധാരണ ജലദോഷത്തിന് വരുന്ന വിഷമതകള്‍ തന്നെയാണ് ഒമിക്രോണ്‍ കൊവിഡിന്റെയും ലക്ഷണങ്ങളായി വരുന്നത്. തൊണ്ടവേദന, മൂക്കൊലിപ്പ്, തളര്‍ച്ച, തലവേദന, തുമ്മല്‍ എന്നിങ്ങനെയാണ് ലക്ഷണങ്ങള്‍. ഇതിനോടൊപ്പം ചിലരില്‍ വിശപ്പില്ലായ്മയും ഓക്കാനവും കണ്ടേക്കാം. 

അധികപേരിലും ഒമിക്രോണ്‍ കാര്യമായ ലക്ഷണങ്ങള്‍ പ്രകടമാക്കുന്നില്ല. അതുപോലെ തന്നെ ഡെല്‍റ്റയില്‍ നിന്ന് വ്യത്യസ്തമായി ഓക്‌സിജന്‍ നില താഴുന്ന സാഹചര്യവും ഒമിക്രോണ്‍ കാര്യമായി സൃഷ്ടിക്കുന്നില്ല. ഇക്കാരണങ്ങള്‍ കൊണ്ട് ഒമിക്രോണിനെ നിസാരവത്കരിക്കാന്‍ സാധിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

'ഒമിക്രോണ്‍ എന്നാല്‍ സാധാരണഗതിയില്‍ കാണുന്ന ജലദോഷമല്ല. അങ്ങനെ ചിന്തിക്കുന്നുവെങ്കില്‍ അത് അപകടമാണ്. ഡെല്‍റ്റയെ അപേക്ഷിച്ച് രോഗതീവ്രത കുറവാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യങ്ങളും കുറവാണെന്നും കാണുമ്പോള്‍ ആണ് ഇത്തരം ചിന്തകളുണ്ടാകുന്നത്. എന്നാല്‍ ഒരേസമയം നിരവധി പേരിലേക്ക് കൊവിഡ് രോഗമെത്തുമ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും മരണനിരക്കും ആനുപാതികമായി വര്‍ധിക്കുമെന്നത് ചിന്തിക്കാന്‍ ആളുകള്‍ക്ക് കഴിയുന്നില്ല...'- ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള വിദഗ്ധ ഡോ. മരിയ വാന്‍ഖെര്‍കോവ് പറയുന്നു. 

കൊവിഡ് കേസുകള്‍ കുത്തനെ വര്‍ധിച്ച് അത് ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുമെന്നത് തന്നെയാണ് ഒമിക്രോണ്‍ ഉയര്‍ത്തുന്ന പ്രധാന വെല്ലുവിളി. അങ്ങനെ വന്നാല്‍ ലോക്ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങള്‍ വീണ്ടും വരികയും അത് നമ്മുടെ സാമൂഹിക ജീവിതം അടക്കം പല മേഖലകളെയും പ്രതികൂലമായി ബാധിക്കുമെന്നത് മറ്റൊരു പ്രശ്‌നം. 

ഒമിക്രോണ്‍ മറ്റ് വൈറസ് വകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമായി ശ്വാസകോശത്തിന്റെ മുകള്‍ഭാഗങ്ങളെയാണ് കാര്യമായി ബാധിക്കുകയെന്നും ഇതില്‍ ആദ്യഘട്ടത്തില്‍ ലക്ഷണങ്ങള്‍ കാര്യമായി പ്രകടമായില്ലെങ്കിലും പിന്നീട് ഗുരുതരമായ ന്യുമോണിയയ്ക്ക് കാരണമാകാമെന്നും ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള വിദഗ്ധന്‍ ആബിദി മുഹമ്മദ് പറയുന്നു. 

ഒമിക്രോണ്‍ വ്യാപകമാകുന്നതോടെ വൈറസില്‍ വീണ്ടും വകഭേദങ്ങളുണ്ടാകാനുള്ള സാധ്യതകള്‍ തുറന്നുവരുമെന്നതാണ് മറ്റൊരു ഭീഷണിയെന്നും വിദഗ്ധര്‍ ഓര്‍മ്മപ്പെടുത്തുന്നു. ഇത് കൊവിഡ് പ്രതിസന്ധിയില്‍ തുടരാന്‍ നമ്മെ ഏവരെയും നിര്‍ബന്ധിക്കുമെന്നും ഇവര്‍ താക്കീത് ചെയ്യുന്നു. ഫ്രാന്‍സില്‍ ഇതിനോടകം തന്നെ IHU എന്ന പേരില്‍ പുതിയ വൈറസ് വകഭേദം കണ്ടെത്തപ്പെട്ടിട്ടുണ്ട്. 12 പേരെ ഇത് ബാധിക്കുകയും ചെയ്തിട്ടുണ്ട്. 

ഒമിക്രോണിനെ കുറിച്ചുള്ള പഠനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ലഭ്യമായ പല വിവരങ്ങളും ആധികാരികമായി ഉറപ്പിക്കപ്പെട്ടിട്ടില്ല. എങ്കില്‍പ്പോലും ജാഗ്രതയോടെ മുന്നോട്ടുനീങ്ങേണ്ടത് ഇന്നിന്റെ ആവശ്യമായി കാണേണ്ടതുണ്ട്. അതുകൊണ്ട് തന്നെ കൊവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്. മാസ്‌ക് ധരിക്കുക, സാമൂഹികാകലം പാലിക്കുക, ആള്‍ക്കൂട്ടം ഒഴിവാക്കുക, കൈകള്‍ ശുചിയായി സൂക്ഷിക്കുക, വാക്‌സിന്‍ ഉറപ്പുവരുത്തുക എന്നിങ്ങനെയാണ് കാര്യങ്ങളാണ് നമുക്ക് ചെയ്യാന്‍ സാധിക്കുന്നത്.

Also Read:- ബീഹാറില്‍ ഒരു ആശുപത്രിയിലെ 159 ഡോക്ടര്‍മാര്‍ക്ക് കൊവിഡ്; ആശങ്ക കനക്കുന്നു...

click me!