മാസ്‌ക് ധരിക്കുക, കഴിവതും പുറത്തുപോകാതിരിക്കുക, പോയാലും സാമൂഹികാകലം പാലിക്കുക, ആള്‍ക്കൂട്ടം ഒഴിവാക്കുക, വാക്‌സിന്‍ ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങളാണ് ഈ ഘട്ടത്തില്‍ നമുക്ക് ചെയ്യാവുന്നത്. ഇത്തരത്തിലുള്ള കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ കൃത്യമായി പാലിക്കുന്നതിലൂടെ വലിയൊരു പരിധി വരെ വരാനിരിക്കുന്ന ദുരന്തത്തെ തടഞ്ഞുനിര്‍ത്താന്‍ നമുക്ക് സാധിച്ചേക്കും

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗമാണെന്ന സ്ഥിരീകരണം ( Covid Third Wave ) പുറത്തുവരുന്നതിനിടെ പലയിടങ്ങളില്‍ നിന്നും ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. കൂട്ടമായി ആരോഗ്യപ്രവര്‍ത്തകരെ ( Health Workers ) തന്നെ രോഗം കടന്നുപിടിക്കുന്ന കാഴ്ചയാണ് പലയിടത്തും കാണാനാകുന്നത്. 

ബീഹാറിലെ പറ്റ്‌നയില്‍ നളന്ദ മെഡിക്കല്‍ കോളേജില്‍ നേരത്തേ ഡോക്ടര്‍മാര്‍ക്ക് കൂട്ടമായി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് അതേ ആശുപത്രിയിലെ 72 ഡോക്ടര്‍മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഇപ്പോള്‍ നളന്ദ മെഡി. കോളേജില്‍ മാത്രം 159 ഡോക്ടര്‍മാര്‍ കൊവിഡ് പൊസിറ്റീവാണ്. 

'ഇവിടെ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍മാരില്‍ മഹാഭൂരിപക്ഷം പേര്‍ക്കും ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ചിലരില്‍ മാത്രം ചെറിയ ലക്ഷണങ്ങള്‍ കണ്ടിരുന്നു. എല്ലാവരെയും ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്...' നളന്ദ മെഡി. കോളേജ് സൂപ്രണ്ട് ഡോ. ബിനോദ് കുമാര്‍ സിംഗ് അറിയിച്ചു. 

ദില്ലിയിലും ഡോക്ടര്‍മാര്‍ക്ക് കൂട്ടമായി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ദില്ലി എയിംസില്‍ മാത്രം 50 ഡോക്ടര്‍മാരാണ് കൊവിഡ് പൊസിറ്റീവ് ആയിരിക്കുന്നത്. 

പല ആശുപത്രികളിലും സമാനമായ സാഹചര്യമുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകളും വാര്‍ത്തകളും നല്‍കുന്ന സൂചന. രാജ്യത്ത് മൂന്നാം തരംഗം തുടങ്ങുമ്പോള്‍, കൊവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തുമ്പോള്‍ മുന്‍നിരയില്‍ പോരാളികളായി നില്‍ക്കേണ്ടവരാണ് ആരോഗ്യപ്രവര്‍ത്തകര്‍. എന്നാല്‍ ഇവര്‍ക്കിടയില്‍ തന്നെ രോഗം വ്യാപകമാകുന്നത് വലിയ തിരിച്ചടിയാണ് നമുക്ക് സമ്മാനിക്കുക. 

ആരോഗ്യപ്രവര്‍ത്തകരെ സുരക്ഷിതരാക്കി നിര്‍ത്തുന്നതിനുള്ള എല്ലാവിധ നടപടികളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം. അല്ലാത്തപക്ഷം രണ്ടാം തരംഗത്തില്‍ കണ്ടതിന് സമാനമായി ആളുകള്‍ ചികിത്സയ്‌ക്കെത്തുമ്പോള്‍ ആശുപത്രിയില്‍ തന്നെ അതിന് സൗകര്യമില്ലാത്ത സാഹചര്യമുണ്ടായേക്കുമെന്നും ഇത് കൊവിഡ് തരംഗത്തിന്റെ രൂക്ഷത വര്‍ധിപ്പിക്കുമെന്നുമാണ് വിലയിരുത്തല്‍. 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയ 36,000 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒമിക്രോണ്‍ കേസുകളാണെങ്കില്‍ 2000 കവിഞ്ഞിരിക്കുന്നു. ആകെ കൊവിഡ് കേസുകളില്‍ ഇത്ര വര്‍ധനവുണ്ടാകുന്നത് നാല് മാസത്തിനിടെ ആദ്യമായാണ്. വരും ദിവസങ്ങളില്‍ ഇത് വീണ്ടും ഉയരുമെന്നാണ് ലഭ്യമായ വിവരം. ജാഗ്രതയോടെ മുന്നോട്ട് നീങ്ങേണ്ട അവസ്ഥയാണ് രാജ്യത്ത് നിലവിലുള്ളതെന്ന് ആരോഗ്യവിദഗ്ധര്‍ പ്രത്യേകം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 

മാസ്‌ക് ധരിക്കുക, കഴിവതും പുറത്തുപോകാതിരിക്കുക, പോയാലും സാമൂഹികാകലം പാലിക്കുക, ആള്‍ക്കൂട്ടം ഒഴിവാക്കുക, വാക്‌സിന്‍ ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങളാണ് ഈ ഘട്ടത്തില്‍ നമുക്ക് ചെയ്യാവുന്നത്. ഇത്തരത്തിലുള്ള കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ കൃത്യമായി പാലിക്കുന്നതിലൂടെ വലിയൊരു പരിധി വരെ വരാനിരിക്കുന്ന ദുരന്തത്തെ തടഞ്ഞുനിര്‍ത്താന്‍ നമുക്ക് സാധിച്ചേക്കും.

Also Read:- ഫ്രാന്‍സില്‍ പുതിയ കൊവിഡ് വകഭേദം കണ്ടെത്തി, ഒമിക്രോണിനെക്കാളും അപകടകാരി