'ഏകദേശം നൂറിൽ ഒരാളിൽ എന്ന കണക്കിൽ കണ്ടുവരുന്ന തലച്ചോറിനെ ബാധിക്കുന്ന രോഗം'

Published : May 24, 2023, 01:09 PM ISTUpdated : May 24, 2023, 01:11 PM IST
'ഏകദേശം നൂറിൽ ഒരാളിൽ എന്ന കണക്കിൽ കണ്ടുവരുന്ന തലച്ചോറിനെ ബാധിക്കുന്ന രോഗം'

Synopsis

ഒരിക്കലും നിസാരമായൊരു അവസ്ഥയല്ല ഇത്. അപൂര്‍വമായി കാണുന്ന രോഗവുമല്ല. നമ്മുടെ ഓരോ ദിവസത്തെയും ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയാണിത്. അതിനാല്‍ തന്നെ ഇത് സമയബന്ധിതമായി തിരിച്ചറിയുകയും വേണ്ട ചികിത്സയെടുക്കുകയും ചെയ്യേണ്ടതുണ്ട്. 

നമ്മുടെ ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. അടുത്ത കാലങ്ങളിലായി മാനസികാരോഗ്യത്തെ കുറിച്ചും വലിയ രീതിയില്‍ ചര്‍ച്ചകളും സംവാദങ്ങളുമുണ്ടാകുന്നു എന്നത് പ്രതീക്ഷയേകുന്ന കാര്യം തന്നെയാണ്. എങ്കില്‍പ്പോലും ഇനിയും ഏറെ ദൂരം ഈ മേഖലയില്‍ നാം മുന്നോട്ട് പോകേണ്ടതുണ്ട് എന്നാണ് വിദഗ്ധരടക്കം ചൂണ്ടിക്കാട്ടുന്നത്. 

ഇന്ന് മെയ് 24 'വേള്‍ഡ് സ്കീസോഫ്രീനിയ ഡേ' ആണ്. സ്കീസോഫ്രീനിയ എന്ന രോഗത്തെ കുറിച്ച് നിങ്ങളില്‍ ചിലരെങ്കിലും കേട്ടിരിക്കും. തലച്ചോറിനെ ബാധിക്കുന്നൊരു രോഗമാണിത്. പ്രധാനമായും ഇല്ലാത്ത കാഴ്ചകളോ ശബ്ദമോ ഗന്ധമോ എല്ലാം അനുഭവപ്പെടുക, അല്ലെങ്കില്‍ അത്തരത്തിലുള്ള തോന്നലുകളില്‍ തന്നെ തുടരുക. ഇവ വിശ്വസിക്കുക. തുടങ്ങിയ പ്രശ്നങ്ങളാണ് സ്കീസോഫ്രീനിയ രോഗികളില്‍ കാണാറുള്ളത്. 

ഒരിക്കലും നിസാരമായൊരു അവസ്ഥയല്ല ഇത്. അപൂര്‍വമായി കാണുന്ന രോഗവുമല്ല. നമ്മുടെ ഓരോ ദിവസത്തെയും ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയാണിത്. അതിനാല്‍ തന്നെ ഇത് സമയബന്ധിതമായി തിരിച്ചറിയുകയും വേണ്ട ചികിത്സയെടുക്കുകയും ചെയ്യേണ്ടതുണ്ട്. 

എന്താണ് സ്കീസോഫ്രീനിയ എന്ന് ലളിതമായി മനസിലാക്കുന്നതിനും ഈ രോഗത്തെ കുറിച്ച് അറിയേണ്ടത് എത്രത്തോളം പ്രധാനമാണെന്നതിനുമായി കോഴിക്കോട് കുതിരവട്ടത്തെ സര്‍ക്കാര്‍ മാനസികാരോഗ്യ ആശുപത്രിയിലെ ഡോ. അബ്ദുള്‍ സാദിഖ് എഴുതിയ കുറിപ്പ് വായിക്കൂ...

ഡോ. അബ്ദുള്‍ സാദിഖ് എഴുതുന്നു...

'ഞാൻ സൈക്യാട്രി പിജി കഴിഞ്ഞിറങ്ങിയത് 2006 ലാണ്. ഉടനെ തന്നെ അടുത്തുള്ള ഒരു പോളിക്ലിനിക്കിൽ ആഴ്ചയിൽ ഒരു ദിവസം കൺസൽട്ടേഷന് പോയിത്തുടങ്ങി. അന്ന് ആ ക്ലിനിക്കിൽ പേരുകേട്ട ക്ലിനീഷ്യനും വലിയ തമാശക്കാരനുമായ ഒരു ഈ. എൻ. ടി ഡോക്ടർ ഉണ്ടായിരുന്നു. 

പരിശോധനയൊക്കെ കഴിഞ്ഞാൽ ഞങ്ങൾ രണ്ടുപേരും ക്ലിനിക്കിന് തൊട്ടടുത്തുള്ള ചന്ദ്രേട്ടന്‍റെ തട്ടുകടയിൽ നിന്ന് ചായയും പരിപ്പുവടയും കഴിക്കുക പതിവാണ്. പച്ചമുളകും കറിവേപ്പിലയും ഇഞ്ചിയും ചതച്ചുചേർത്ത പരിപ്പുവട മസാല തിളച്ച എണ്ണയിൽ വീഴുമ്പോളുള്ള മണം ആസ്വദിച്ച് കൊണ്ട്  ഞങ്ങൾ പരസ്പരം വിളമ്പാത്ത വിഷയങ്ങളില്ല. ചന്ദ്രേട്ടൻ നോൺ-അക്കാദമിക്ക് പരിപ്പുവട വിളമ്പുമ്പോൾ ഞാനും ഈ. എൻ. ടി ഡോക്ടറും അക്കാദാമിക് പരിപ്പുവടകളായിരിക്കും അധികവും വിളമ്പാറ്.

ചെവിയിൽ അശരീരികൾ (ഓഡിറ്ററി ഹാലൂസിനേഷൻസ്) കേൾക്കുക, മനസ്സിൽ വിചാരിക്കുന്നത് ചെവിയിൽ കേൾക്കുക (തോട്ട് എക്കോ) എന്നിങ്ങനെയൊക്കെയുള്ള പ്രത്യക്ഷത്തിൽ ചെവിലക്ഷണങ്ങളായി തോന്നി വഴി തെറ്റി തന്‍റെ ഓ. പി യിൽ വരുന്ന സ്കിസോഫ്രീനിയാരോഗികളെ അദ്ദേഹം എന്റെ ഓ. പി യിലേക്ക് വഴി തിരിച്ചു വിടുക പതിവായിരുന്നു.

ഒരു ദിവസം ഏകദേശ സമയം വൈകുന്നേരം ആറ് മണി കഴിഞ്ഞു കാണും, ഞാൻ കൺസൽറ്റേഷൻ മുറിയിൽ രോഗികൾ ഒന്നുമില്ലാതെ ബോറടിച്ചിരിക്കുകയായിരുന്നു.
എന്തോ അത്യാവശ്യകാര്യമുള്ളത് കൊണ്ട് തന്‍റെ രോഗികളെയെല്ലാം നേരത്തെ പരിശോധിച്ച് തീർത്ത് ഈ. എൻ. ടി ഡോക്ടർ പോകാനായി കാറിൽ കയറിയ സമയത്ത് മൂക്കിൽ എന്തോ സാധനം പോയി എന്ന് പറഞ്ഞ് ഒരു യുവാവിനെ കൊണ്ടുവന്നു. 

രോഗിയെ പരിശോധിക്കാൻ അദ്ദേഹത്തിന് സമയം ഇല്ലാത്തത് കൊണ്ട് വെറുതെ ഇരിക്കുകയായിരുന്ന എന്‍റെ അടുത്തേക്ക് പറഞ്ഞുവിട്ടു. എന്തെങ്കിലും ചെയ്യാൻ എനിക്ക് കഴിഞ്ഞാൽ രോഗിക്ക് ഒരു ആശ്വാസവും എനിക്ക് ബോറടി മാറ്റാൻ ഒരു രോഗിയും തരപ്പെടുമല്ലോ എന്നായിരുന്നു സഹൃദയനായ ആ ഡോക്ടർ ചിന്തിച്ചത്.

"ഒരു  ഫോറീൻ ബോഡി നോസ് വന്നിട്ടുണ്ട്. എനിക്കൊരു മീറ്റിംഗ് ഉണ്ട്. ഈ വൈകിയ സമയത്ത് വേറെ എവിടേയും ഈ. എൻ. ടി ഡോക്ടർമാർ ഉണ്ടാവില്ല. അതുകൊണ്ട് നീ ഒന്ന് നോക്കിയിട്ട് വേണ്ടത് ചെയ്യൂ " കാറിലിരുന്ന്കൊണ്ട് ഈ എൻ. ടി ഡോക്ടർ എന്നെ മൊബൈലിൽ വിളിച്ചു പറഞ്ഞു.

"ഞാനോ...മൂക്കിലെ ഫോറീൻ ബോഡിയോ...എനിക്ക് ഒരു ഐഡിയയും ഇല്ലാത്ത ഏരിയയാണ് " ഞാൻ എന്റെ നിസ്സഹായാവസ്ഥ പറഞ്ഞ് ഒഴിഞ്ഞുമാറാൻ നോക്കി. 
"സംഗതി സിംപിൾ ആണ്. നീ ഒന്നും ചെയ്യേണ്ട. വെറുതെ മൂക്കിലേക്ക് ഒന്ന് ടോർച്ച് അടിച്ചു നോക്കുക മാത്രം ചെയ്‌താൽ മതി. എന്തെങ്കിലും കണ്ടാൽ... കണ്ടാൽ മാത്രം... ഒരു ഫോർസപ്സോ ക്യൂരെറ്റോ എന്താണെങ്കിലും കയ്യിൽ കിട്ടുന്നത് ഉപയോഗിച്ച് തോണ്ടി പുറത്ത് കളയുക." 

മൂപ്പരത് ആവുന്നത്ര സിമ്പിളാക്കി പറഞ്ഞു തന്നെങ്കിലും എനിക്കത് അങ്ങനെ തോന്നിയില്ല.

മൂക്കിനുള്ളിൽ പോയ ഒരു സാധനം എടുക്കുക എന്ന് പറഞ്ഞാൽ എനിക്കത് വലിയൊരു ടാസ്കാണ്.  സത്യമായിട്ടും അത്തരം ജോലികൾക്ക് പറ്റിയ ബോഡീലാംഗ്വേജ് അല്ല എന്‍റേത്. ഒരു ഫ്യൂസ് പോയത് നന്നാക്കാനോ... ബൾബ് മാറ്റിയിടാനോ...എന്തിന് പറയുന്നു ഒരു നൂല് സൂചിയിൽ കോർക്കാൻ പോലും ചിലപ്പോൾ കഴിയാത്ത ആളാണ് ഞാൻ. ഒരുപാട് കാരണങ്ങൾ കൊണ്ട് എനിക്ക് അത്തരം ഫൈൻ മോട്ടോർ സ്‌കില്ലുകൾ കുറവാണ്. അതുകൊണ്ടാണ് മരുന്നിന് പോലും ഫൈൻ മോട്ടോർ സകിൽസ്  വേണ്ടാത്ത സൈക്യാട്രി ഞാൻ തെരഞ്ഞെടുത്തത് തന്നെ.

സുഹൃത്ത് ഡോക്ടർ പറഞ്ഞതല്ലേ എന്ന് കരുതി അവസാനം ഫോറീൻ ബോഡി ഒന്ന് ട്രൈ ചെയ്യാം എന്ന് ഞാനും വിചാരിച്ചു. രോഗിയുടെ മൂക്കിനുള്ളിലേക്ക് ടോർച്ചടിച്ചു നോക്കിയപ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിപ്പോയി. കണ്ണിൽ ഇരുട്ട് കേറുന്ന പോലെ എനിക്ക് തോന്നി. സത്യത്തിൽ എം. ബി. ബി എസ് പാസ്സായതിന് ശേഷം ഒരു മൂക്കിന്‍റെ ഉൾഭാഗത്തേക്ക് അന്നാണ് ഞാൻ ആത്മാർത്ഥമായി ഒന്ന് നോക്കുന്നത്. മൂക്കിന്‍റെ ഉൾഭാഗം നമ്മൾ വിചാരിക്കുന്ന പോലെ ഒരു സ്ഥലമേ അല്ല കേട്ടോ. എന്ത് മാത്രം 'കോങ്കെ 'കളാണ് അവിടെ !! അവസാനം 'കോങ്കെ' ഏത് ഫോറീൻ ബോഡി ഏത് എന്ന് തിരിച്ചറിയാൻ കഴിയാതെ ഞാൻ വിയർത്തു. 

എന്‍റെ സംശയം അതല്ല...എന്തിനാണ് മൂക്കിനകത്ത് ഇത്രയും 'കോങ്കെ 'കൾ. മനുഷ്യശരീരത്തിൽ വേറെ എവിടെയും 'കോങ്കെ ' എന്ന പേരിൽ ഒരു സാധനം ഞാൻ കേട്ടിട്ടില്ല.

"ഞാൻ അയച്ച ആ ഫോറീൻ ബോഡി നോസ്  എന്തായി ?"  പിറ്റേ ആഴ്ച നോൺ-അക്കാദമിക്ക് പരിപ്പുവട രുചിച്ചു കൊണ്ടിരിക്കുമ്പോൾ ഈ. എൻ. ടി ഡോക്ടർ അക്കാദമിക്ക് ചോദ്യവുമായി വന്നു.

"ഓ.. അതോ.. അതൊരു സ്‌കിസോഫ്രീനിയ ആയിരുന്നു. ഞാൻ മരുന്ന് എഴുതികൊടുത്തു വിട്ടു " 

"ങ്ങേ...നീ അയാളെ സ്‌കിസോഫ്രീനിക്കാക്കിയോ" 

"ഞാൻ നോക്കിയപ്പോൾ മൂക്കിൽ ഒന്നും കണ്ടില്ല. മൂക്കിൽ ഒരു കമ്പ്യൂട്ടർ ചിപ്പുണ്ടെന്നും അയൽവാസിയാണ് അത്‌ മൂക്കിൽ കൊണ്ട് വന്ന് ഇട്ടതെന്നും അതുവെച്ച് അയാൾ തന്‍റെ ചിന്തകളേയും പ്രവർത്തികളെയും നിയന്ത്രിക്കുന്നു എന്നുമൊക്കെ അവൻ പറഞ്ഞപ്പോൾ പിന്നെ ഒന്നും നോക്കിയില്ല. വേഗം മരുന്ന് എഴുതി വിട്ടു. സംഗതി 'ഡെലൂഷൻ ഓഫ് കൺട്രോൾ ' 'ബിസയർ ഡെല്യൂഷൻ' അങ്ങനെയുള്ള കുറേ സംഭവം ഡെല്യൂഷൻസുണ്ടല്ലോ... അതൊക്കെ സ്കിസോഫ്രീനിയയുടെ ലക്ഷണങ്ങളുമാണല്ലോ "

മറ്റൊരിക്കൽ തന്‍റെ തൊണ്ടയിലെ എല്ല് (ആഡംസ് ആപ്പിൾ ) ഇളകുന്നുണ്ട് എന്ന് സംശയം പറഞ്ഞ് ഒരു ചെറുപ്പക്കാരൻ ഈ. എൻ. ടി ഡോക്ടറെ കാണാൻ വന്നു. ഒരു കുഴപ്പവും ഇല്ലാത്ത അയാൾക്ക് ഈ. എൻ. ടി ഡോക്ടർ ഒരു വിറ്റാമിൻ ഗുളിക എഴുതി വിട്ടു. ഒരാഴ്ച കഴിഞ്ഞ് അയാൾ പഴയ പ്രശ്നവുമായി വീണ്ടും വന്നപ്പോൾ  രോഗിയെ എന്‍റെ ഓ. പി യിലേക്ക് അയച്ചു. തൊണ്ടയിലെ എല്ല്  ഇളകുന്നതല്ല അയാളുടെ പ്രധാന പ്രശ്നം. അത്‌ ഇളകുന്നത് കൊണ്ട് ആളുകൾ തന്നെ ശ്രദ്ധിക്കുന്നതും കളിയാക്കുന്നതുമാണ് അയാളുടെ പ്രധാന പ്രശ്നം. അതായത് ഞങ്ങടെ ഭാഷയിൽ പറഞ്ഞാൽ 'ഡെല്യൂഷൻ ഓഫ് റഫറൻസ്'. അതിന്‍റെ പേരിൽ അയാൾ ഒരു വർഷമായി വീട്ടിൽ നിന്ന് പുറത്തേക്ക്  പോകാതെയായി. 

ഞാൻ അയാൾക്ക് ആന്‍റി- സൈക്കോട്ടിക് മരുന്നുകൾ പ്രിസ്ക്രൈബ് ചെയ്ത് പറഞ്ഞു വിട്ടു. പിറ്റേ ആഴ്ച ചന്ദ്രേട്ടന്‍റെ കടയിൽ വെച്ച്  കണ്ടപ്പോൾ ഈ. എൻ. ടി ഡോക്ടർ താൻ റഫർ ചെയ്ത രോഗിയെപ്പറ്റി പതിവുപോലെ എന്നോട് ചോദിച്ചു.

"അയാളേയും നീ സ്‌കിസോഫ്രീനിയയാക്കാക്കിയോ?"
പിന്നീടും അദ്ദേഹത്തിന്‍റെ ഓ. പി യിൽ വഴിയറിയാതെ വന്ന പല രീതിയിലുള്ള സൈക്കോട്ടിക് രോഗികളെ അദ്ദേഹം എന്‍റെയടുത്തേക്ക് റഫർ ചെയ്തിരുന്നു. അവയിൽ തൊണ്ടയിൽ നിന്ന് സംസാരം കേൾക്കുന്നവരുണ്ടായിരുന്നു (സോമറ്റിക് ഹാല്ലൂസിനേഷൻ )....തൊണ്ടയിൽ ക്യാൻസർ ഉണ്ടെന്ന് മിഥ്യാധാരണയുള്ളവരുണ്ടായിരുന്നു ( ഹൈപോകോൻഡ്രിയാക്കൽ ഡെല്യൂഷൻ )... മൂക്കിന്‍റെ അറ്റം വളഞ്ഞിരിക്കുന്നുവെന്ന് മിഥ്യാധാരണയുള്ളവരും ഉണ്ടായിരുന്നു ( സോമറ്റിക് ഡെല്യൂഷൻ ).
അങ്ങനെ പലരുമുണ്ടായിരുന്നു !!?

ചന്ദ്രേട്ടന്‍റെ പരിപ്പുവടയും ചായയും കഴിച്ചുകൊണ്ട് ഞങ്ങളുടെ ക്ലിനിക്കൽ പ്രാക്ടീസ് കാലം അതിന്‍റെ സുഖമമായ പ്രയാണം യഥാവിധം തുടർന്നുപോരുകയായിരുന്നു. ആയിടക്ക് ഈ. എൻ. ടി ഡോക്ടറുടെ  ഒരു സുഹൃത്ത് പുതുതായി ഒരു വീട് വച്ചു.  ഞാൻ താമസിക്കുന്നതിന് തൊട്ടടുത്തായിരുന്നു അത്‌. അവരുടെ ഒരു കോമൺ സുഹൃത്ത് ആ പുതിയ വീടിന്‍റെ ലൊക്കേഷൻ അറിയാൻ നമ്മുടെ ഈ. എൻ. ടി ഡോക്ടറെ വിളിച്ചപ്പോൾ ഈ. എൻ. ടി ഡോക്ടർ ഇങ്ങനെ പറഞ്ഞു.

"എന്‍റെ ഒരു സൈക്യാട്രിസ്റ്റ് സുഹൃത്തിന്‍റെ വീടിന്‍റെ തൊട്ടടുത്താണ്. പക്ഷേ... മൂപ്പരോട് വഴി ചോദിക്കാനോ സംസാരിക്കാനോ നിൽക്കേണ്ട..! കണ്ടാലും കാണാത്ത പോലെ നടിച്ചാൽ മതി. ഇല്ലെങ്കിൽ മൂപ്പര് നിന്നെ പിടിച്ച് സ്‌കിസോഫ്രീനിക്കാക്കും"

തന്‍റെ സ്വതസിദ്ധമായ ശൈലിയിൽ ഈ. എൻ. ടി ഡോക്ടർ തമാശക്ക് വേണ്ടി പറഞ്ഞതായിരുന്നു അത്‌. രോഗലക്ഷണങ്ങൾ പലതും തമാശയാണെങ്കിലും സ്‌കിസോഫ്രീനിയ എന്ന രോഗം ഒരു തമാശയല്ല. അത്‌ മനസ്സിലാവാൻ ആ രോഗത്തിനേയും രോഗിയേയും നമ്മൾ പഠിക്കണം. 

ലോകത്ത് എല്ലായിടത്തും ഏകദേശം നൂറിൽ ഒരാളിൽ എന്ന കണക്കിൽ കണ്ടുവരുന്ന തലച്ചോറിനെ ബാധിക്കുന്ന ഈ രോഗം സാധാരണയായി ഒരാളുടെ കൗമാരത്തിലാണ് പിടിമുറുക്കുന്നത്. പിന്നീടത് ജീവിതകാലം മുഴുവൻ തുടരുന്നു. നോർമൽ ജീവിതവുമായി അയാൾക്ക് മുന്നോട്ട് പോവാൻ ഏറ്റവും മിനിമം ഒരു ആന്‍റി- സൈക്കോട്ടിക്ക് മരുന്നെങ്കിലും കഴിക്കേണ്ടാതായി വരും. അങ്ങനെ വെറും ഒരു കഷ്ണം ഗുളിക കഴിക്കുന്നത് കൊണ്ട് മാത്രം ഒരു നോർമൽ ജീവിതം നയിച്ച് മുന്നോട്ട് പോകുന്ന നിരവധി മനുഷ്യരുണ്ട് ലോകത്ത്.

തിരിച്ചറിയാൻ കഴിയുന്നതും കഴിയാത്തതുമായ ഒട്ടനവധി ലക്ഷണങ്ങളുള്ള സ്‌കിസോഫ്രീനിയാ രോഗികൾ നമുക്ക് ചുറ്റുമുണ്ട്. രോഗലക്ഷണം ചിലപ്പോൾ ഈ. എൻ. ടി പ്രശ്നമായി ഈ. എൻ. ടി ഓ. പി യിൽ പോകും , കണ്ണിന്‍റെ പ്രശ്നമായി ഓഫ്താൽമോളജി ഓ. പി യിൽ പോകും , വയറിന്‍റെ പ്രശ്നമായി ഗ്യാസ്ട്രോ ഓ.പി യിൽ പോകും , അതല്ലെങ്കിൽ വേറെ ചില  പ്രശ്നങ്ങളായി അസ്ട്രോളജിസ്റ്റിന്‍റെയടുത്തോ ന്യൂമറോളജിസ്റ്റിന്‍റെയടുത്തോ അല്ലെങ്കിൽ ഏതെങ്കിലും 'ഫെയ്ത് ഹീലേഴ്‌സ് ' ന്‍റെയടുത്തോ പോകുന്നവരുമുണ്ട്.  അവസാനം ഒരു സൈക്യാട്രിസ്റ്റിന്‍റെ ഓ. പി റൂമിന് മുമ്പിൽ എത്തുന്നത് വരെ ആ അലച്ചിൽ തുടർന്നു കൊണ്ടിരിക്കും.

സ്‌കിസോഫ്രീനിയാ രോഗം വലിയൊരു സത്യവും അതിലും വലിയൊരു മിസ്റ്ററിയുമാണ്. സൈക്യാട്രി സ്റ്റഡി ക്ലാസ്സുകളിൽ കൃത്യമായി വരാറുള്ള ഉത്തമൻമാർ പോലും പറയുന്നത് ഈ രോഗത്തെക്കുറിച്ച് ഇനിയും ഒരുപാട് കാര്യങ്ങൾ ആധുനിക ശാസ്ത്രത്തിന്  വ്യക്തമാകേണ്ടിയിരിക്കുന്നു എന്നാണ്. ഈ കാലമത്രയും ഈ രോഗം ഞാൻ ഒരുപാട് ഡയഗ്ണോസ് ചെയ്തിട്ടുണ്ട്.. ചികിൽസിച്ചിട്ടുമുണ്ട്....എന്നതൊഴിച്ചാൽ ഞാൻ ആരേയും സ്‌കിസോഫ്രീനിക്ക് ആക്കിയിട്ടില്ല.

ചില പ്രത്യേക ജീനുകൾ ഒന്നായോ കൂട്ടായോ പ്രവർത്തത്തിച്ചുണ്ടാക്കുന്ന
ബ്രെയിൻ ന്യൂറോണൽ ഇൻസൾട്ടുകളോ, ഭ്രൂണാവസ്ഥയിലോ വളർച്ചാഘട്ടങ്ങളിലോ ഉണ്ടായേക്കാവുന്ന അണുബാധ- ട്രോമ തുടങ്ങിയവയാലുള്ള ന്യൂറോണൽ ഇൻസൾട്ടുകളോ, പേരന്‍റിംഗ് റിലേറ്റഡ്- അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിൽ കുട്ടികൾ നേരിടുന്ന നിരന്തര സ്‌ട്രെസ്സുകൾ ഉണ്ടാക്കുന്ന ന്യൂറോണൽ ഇൻസൾട്ടുകളോ എല്ലാം വളരെ സങ്കീർണ്ണമായ രീതിയിൽ പ്രവർത്തിക്കുന്നതിന്‍റെ ഫലമായി കാലക്രമേണ തലച്ചോറിലെ പ്രത്യേക ഭാഗങ്ങളിൽ ഡോപമിൻ, സെറോട്ടോണിൻ പോലുള്ള ന്യൂറോകെമിക്കലുകളുടെ അളവിൽ വ്യതിയാനം സംഭവിക്കുമ്പോളാണ് ഒരാളിൽ സ്‌കിസോഫ്രീനിയ രൂപപ്പെടുന്നത് എന്നാണ് ആധുനിക ശാസ്ത്രലോകം ഏറ്റവും അവസാനമായി പറഞ്ഞുവച്ചിട്ടുള്ളത്. 

സ്‌കിസോഫ്രീനിയ എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് ഒറ്റവാക്കിൽ ചോദിച്ചാൽ അതിനുള്ള ഉത്തരം സഖാവ് കോട്ടപ്പള്ളിയുടെ ലൈനിൽ കുറച്ച് ഉരുണ്ട് കളിച്ച് പറയാനേ ആർക്കും കഴിയൂ. അല്ലാതെ, നിങ്ങൾ വിചാരിക്കുംപോലെ ഞാൻ ആരേയും സ്‌കിസോഫ്രീനിക്ക് ആക്കിയിട്ടില്ല. നിങ്ങൾക്ക് വേണമെങ്കിൽ ഒരാളെ കമ്മ്യൂണിസ്റ്റാക്കാം !! ലെനിനിസ്റ്റാക്കാം!!
എന്നാൽ ഒരാൾക്കും വേറെരാളെ സ്കിസോഫ്രീനിക്കാൻ കഴിയുകയില്ല....'

 

Also Read:- ബഹളം കേട്ടാല്‍ പതിയെ തലവേദന വരുന്ന ശീലമുണ്ടോ? എങ്കിലറിയേണ്ടത്...

 

PREV
Read more Articles on
click me!

Recommended Stories

സ്ത്രീകളിലെ ക്യാൻസർ ; ശരീരം കാണിക്കുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ
അവഗണിക്കരുത്, ലങ് ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ തിരിച്ചറിയാം