
ദില്ലി: ഇന്ത്യയിലെ ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷൻ വിവരങ്ങളിൽ വലിയ പൊരുത്തക്കേടുകൾ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച് ലോകാരോഗ്യ സംഘടനയും യുണിസെഫും. കുട്ടികളിലെ പ്രതിരോധ കുത്തിവെയ്പ്പുകളിൽ ഇന്ത്യ മികച്ച പുരോഗതി രേഖപ്പെടുത്തുമ്പോഴും നവജാതശിശുക്കൾക്ക് നൽകുന്ന ഹെപ്പറ്റൈറ്റിസ് ബി ആദ്യ ഡോസ് സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ പെരുപ്പിച്ചു കാട്ടിയതാണെന്ന് ഇരു ഏജൻസികളും വ്യക്തമാക്കുന്നു. രാജ്യത്തെ മൂന്നിലൊന്ന് കുട്ടികൾക്കും ജനിച്ച് 24 മണിക്കൂറിനുള്ളിൽ ലഭിക്കേണ്ട നിർണായകമായ പ്രതിരോധ മരുന്ന് ലഭിക്കുന്നില്ലെന്നും ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.
ഡബ്ല്യു.യു.ഇ.എൻ.ഐ.സി പുറത്തുവിട്ട പുതിയ വാർഷിക റിപ്പോർട്ടിലാണ് ഇന്ത്യയുടെ പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ച വ്യക്തമാക്കുന്നത്. രാജ്യത്തെ 92% നവജാതശിശുക്കൾക്കും ജനിച്ചയുടൻ നൽകേണ്ട ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ നൽകിയെന്നാണ് ഇന്ത്യ അവകാശപ്പെടുന്നത്. എന്നാൽ 70% കുട്ടികൾക്ക് മാത്രമാണ് വാക്സീൻ ലഭിച്ചിട്ടുള്ളതെന്നാണ് ലോകാരോഗ്യ സംഘടനയുടെയും യുണിസെഫിന്റെയും വിലയിരുത്തൽ. ലക്ഷ്യം വെച്ച ജനസംഖ്യയുടെ കേവലം 76%-നെ മാത്രം അടിസ്ഥാനമാക്കിയാണ് സർക്കാർ ഉയർന്ന ശതമാനം കണക്കാക്കിയതെന്നാണ് ഏജൻസികളുടെ കണ്ടെത്തൽ.
പ്രസവസമയത്ത് അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് ഹെപ്പറ്റൈറ്റിസ് ബി പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇങ്ങനെ ബാധിക്കുന്ന 90% കുട്ടികളിലും രോഗം പിന്നീട് ഗുരുതരമാകാനും ഭാവിയിൽ ലിവർ സിറോസിസ്, കരൾ കാൻസർ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകാനും സാധ്യതയുണ്ട്. അതിനാൽ ജനിച്ച് 24 മണിക്കൂറിനുള്ളിൽ നൽകുന്ന വാക്സിൻ ഏറെ നിർണായകമാണ്. കേന്ദ്ര സർക്കാരിന്റെ യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം വഴി ഈ വാക്സിൻ സൗജന്യമായി നൽകുന്നുണ്ടെങ്കിലും, ലക്ഷക്കണക്കിന് കുട്ടികളിലേക്ക് ഇത് കൃത്യസമയത്ത് എത്തുന്നില്ല എന്ന യാഥാർത്ഥ്യമാണ് അന്താരാഷ്ട്ര ഏജൻസികൾ പുറത്തുകൊണ്ടുവരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam