
ബോങ് തെറ്റ് എന്ന 27 -കാരൻ യുവാവ്, ഒരു കമ്പോഡിയക്കാരനാണ്. ഒരു പക്ഷേ അയാളെപ്പോലെ ഒരു ദുർഭാഗ്യവാൻ ഈ ലോകത്ത് വേറെ കാണില്ല. ഇരുപതു വർഷം മുമ്പ്, ബോങ്ങിന് വെറും ആറു വയസ്സ് പ്രായമുള്ളപ്പോൾ അയാളുടെ കാലിൽ ഒരു കൊതുക് പറന്നു വന്നിരുന്നു. അവൻ അതറിഞ്ഞില്ല. ചിറകുകൾ ഒന്ന് വിറപ്പിച്ച്, കൊമ്പുകൊണ്ട് ഉന്നം വെച്ച്, ആ കൊതുക് ബ്ലോക്കിന്റെ കുഞ്ഞു കാലിൽ ആഞ്ഞൊന്നു കുത്തി. അതും കുഞ്ഞു ബോങ് അറിഞ്ഞില്ല. കുറച്ചു നേരം കഴിഞ്ഞ് കാലിൽ വല്ലാതെ ചൊറിഞ്ഞു തുടങ്ങിയപ്പോൾ അവൻ അറിഞ്ഞു. കൊതുകിനെ അടിച്ചു കൊന്നു. എന്നാൽ, ആ കൊതുക് ഒരു സാധാരണ കൊതുകായിരുന്നില്ല. അന്നത്തെ ആ കൊതുകുകടിയുടെ അനന്തര ഫലങ്ങൾ അവന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ചു കളഞ്ഞു.
കൊതുകുകടി ഏറ്റ ഭാഗം മാത്രമാണ് ആദ്യം വീങ്ങിവന്നത്. അപ്പോൾ അത് ഏതൊരു കൊതുകു കടിക്കും ശേഷമുണ്ടാകുന്ന വീക്കം എന്നേ ബോങും വീട്ടുകാരും കരുതിയുള്ളൂ. പക്ഷേ, ആ വീങ്ങൽ ദിനം പ്രതി ഇരട്ടിച്ചു വന്നു. വീർത്തുവീർത്ത് ബോങ്ങിന്റെ കാൽ മന്തുബാധിച്ചവരെപ്പോലെ ഒരു തെങ്ങിൻ തടി കണക്കായി. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ബോങ്ങിന് സ്വൈരമായിട്ടൊന്നിരിക്കാൻ വയ്യ, കിടക്കാൻ വയ്യ, നടക്കാൻ വയ്യ. ഇങ്ങനൊരു ദുരിതം വേറെയുണ്ടോ?
പന്ത്രണ്ടു വയസ്സായപ്പോഴേക്കും അവന്റെ കാലിലെ നീര് നടക്കാൻ ഒട്ടും പറ്റാത്ത പാകത്തിൽ വളർന്നു കഴിഞ്ഞിരുന്നു. ഫാക്ടറി ജീവനക്കാരായ അവന്റെ അച്ഛനമ്മമാർക്ക് അവനെ ചികിത്സിക്കാനുള്ള പങ്കുണ്ടായിരുന്നില്ല. താമസിയാതെ അവന്റെ സ്‌കൂളിൽ പോക്കും മുടക്കി ആ രോഗം. രണ്ടുണ്ടായിരുന്നു പ്രശ്നം. ഒന്ന്, ആ നീരുവെച്ച കാലും വലിച്ചുവലിച്ച് സ്‌കൂൾ വരെ നടക്കാനുള്ള പ്രയാസം. രണ്ട്, ഇനി അങ്ങനെ നടന്നു ചെന്നാൽ തന്നെ സഹപാഠികളിൽ നിന്ന് ഏൽക്കേണ്ടി വന്നിരുന്ന പരിഹാസം. അങ്ങനെ സ്‌കൂളിൽ പോയി പഠിക്കാനും, വളർന്നു വലുതാകുമ്പോൾ ഒരു പ്രൊഫഷണൽ സോക്കർ കളിക്കാരനാകാനും ഒക്കെയുള്ള ബോങ്ങിന്റെ സ്വപ്‌നങ്ങൾ തുടക്കത്തിലേ പാളം തെറ്റി.
രണ്ട് പതിറ്റാണ്ടു കാലം ഇങ്ങനെ ചീർത്ത കാലുമായി ദുരിതം സഹിച്ച ശേഷമാണ് സുമനസ്സുകളായ ഏതോ ദമ്പതികളുടെ സാമ്പത്തിക സഹായം ബോങ്ങിനെ തേടിയെത്തുന്നത്. അവർ അവനെയും കൊണ്ട് ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ അടുത്തെത്തി. ബോങ്ങിന്റെ രോഗം Lymphatic Filariasis ആണെന്ന് ഡോക്ടർ വിധിയെഴുതി. അത് പരാദങ്ങൾ കാരണമുണ്ടാകുന്ന ഒരു അപൂർവ രോഗാവസ്ഥയായിരുന്നു. കൊതുകുകൾ കടിച്ചുണ്ടാകുന്ന മുറിവിലൂടെയാണ് ഈ പരാദജീവികൾ (parasites) മനുഷ്യരുടെ രക്തവ്യൂഹത്തിൽ എത്തുന്നത്. താമസിയാതെ കാലിലെ ഈ ഭീമൻ വളർച്ച നീക്കം ചെയ്ത് സാമാന്യ ജീവിതത്തിലേക്ക് തിരിച്ചു നടക്കാനാകും എന്ന പ്രതീക്ഷയിലാണ് ബോങ്. ഈ ദുരിതഘട്ടത്തിൽ സുമനസ്സുകളായ അഭ്യുദയകാംക്ഷികളുടെ കരുതൽ ബോങ്ങിന് താങ്ങും തണലുമായി കൂടെയുണ്ട്.