Heart Attack | ഈ ആറ് അവയവങ്ങളിലെ വേദന ശ്രദ്ധിക്കുക; 'ഹാര്‍ട്ട് അറ്റാക്ക്' സൂചനയാകാം...

By Web TeamFirst Published Nov 18, 2021, 9:45 PM IST
Highlights

യുവാക്കളിലും ഹൃദയാഘാതം വര്‍ധിച്ചുവരികയാണ്. അധികവും ജീവിതശൈലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഹൃദ്രോഗങ്ങളിലേക്ക് യുവാക്കളെയടക്കം നയിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഇനി, ഹൃദയാഘാതത്തിന്റെ ചില ലക്ഷണങ്ങളിലേക്കാണ് പോകുന്നത്

ആഗോളതലത്തില്‍ തന്നെ ഹൃദയാഘാതം ( Heart Attack )  മൂലം മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ (World Health Organization ) കണക്ക്. 2019ല്‍ മാത്രം ഒന്നരക്കോടിയിലധികം പേരാണ് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം മരിച്ചതെന്ന് ലോകാരോഗ്യ സംഘടന രേഖപ്പെടുത്തുന്നു. ആ വര്‍ഷത്തില്‍ വിവിധ അസുഖങ്ങള്‍ മൂലം മരിച്ച ആകെ ആളുകളില്‍ 32 ശതമാനവും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് മരിച്ചവരാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

യുവാക്കളിലും ഹൃദയാഘാതം വര്‍ധിച്ചുവരികയാണ്. അധികവും ജീവിതശൈലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഹൃദ്രോഗങ്ങളിലേക്ക് യുവാക്കളെയടക്കം നയിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഇനി, ഹൃദയാഘാതത്തിന്റെ ചില ലക്ഷണങ്ങളിലേക്കാണ് പോകുന്നത്. പ്രധാനമായും നെഞ്ചുവേദനയാണ് ഹൃദയാഘാതത്തിന്റെ ലക്ഷണമായി വരാറ്.

എന്നാല്‍ നെഞ്ചില്‍ മാത്രമല്ല, ഹൃദയാഘാതത്തോട് അനുബന്ധമായി വേദന അനുഭവപ്പെടുന്നത്. പല അവയവങ്ങളിലും വേദനയും അസ്വസ്ഥതയും അനുഭവപ്പെടാം. അത്തരത്തില്‍ ആറ് അവയവങ്ങളില്‍ വരുന്ന വേദനയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇവയെല്ലാം തന്നെ മറ്റ് പല അസുഖങ്ങളുടെ ഭാഗമായും വരാവുന്നതാണ്. എന്നാല്‍ ഹൃദയാഘാത ലക്ഷണമായും വരാം. അതിനാല്‍ തന്നെ സമയബന്ധിതമായി വൈദ്യസഹായം തേടുകയാണ് ഉചിതം. ഇനി ആ ആറ് അവയവങ്ങളെതെല്ലാമെന്ന് ഒന്ന് നോക്കാം...

ഒന്ന്...

ആദ്യമേ സൂചിപ്പിച്ചത് പോലെ നെഞ്ചുവേദന തന്നെയാണ് ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണമായി വരുന്നത്. 

 


നെഞ്ചില്‍ വേദനയും അസ്വസ്ഥതയും, നെഞ്ചില്‍ എന്തോ നിറഞ്ഞുവരുന്നതായ അനുഭവവുമെല്ലാം ഹൃദയാഘാതത്തിന്റെ ലക്ഷണമായി വരാം. 

രണ്ട്...

നെഞ്ചുവേദന പോലെ തന്നെ നടുവേദനയും ഹൃദയാഘാത ലക്ഷണമായി വരാം. അധികവും സ്ത്രീകളിലാണ് ഇത് ലക്ഷണമായി വരാറെന്ന് 'അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍' ചൂണ്ടിക്കാട്ടുന്നു. 

മൂന്ന്...

കീഴ്ത്താടിയുടെ ഭാഗങ്ങളിലും ഹൃദയാഘാത ലക്ഷണമായി വേദന വരാം. പ്രത്യേകിച്ച് ഇടതുഭാഗത്താണ് ഈ വേദന അനുഭവപ്പെടുക. ഇതിനൊപ്പം തന്നെ ശ്വാസതടസം, അസാധാരണമായ വിയര്‍പ്പ്, ഓക്കാനം പോലുള്ള പ്രശ്‌നങ്ങളും കാണാം. 

നാല്...

രക്തം കട്ട പിടിച്ചത് മൂലമുണ്ടാകുന്ന ഹൃദയാഘാതത്തിന്റെ ഭാഗമായി കഴുത്തിലും വേദന അനുഭവപ്പെടാം. നെഞ്ചില്‍ നിന്ന് തുടങ്ങുന്ന വേദന കഴുത്തിലേക്ക് പടരുകയാണ് ചെയ്യുന്നത്. 

അഞ്ച്...

കഴുത്തുവേദന, കീഴ്ത്താടിയിലെ വേദന എന്നിവയ്‌ക്കൊപ്പം തന്നെ ചിലരില്‍ ഹൃദയാഘാതത്തിന്റെ ഭാഗമായി തോള്‍ഭാഗത്തും വേദന അനുഭവപ്പെടാം. 

 

 

നെഞ്ചില്‍ നിന്നാണ് വേദന തോളിലേക്ക് അനുഭവപ്പെടുന്നതെങ്കില്‍ തീര്‍ച്ചയായും ഇക്കാര്യം ശ്രദ്ധിക്കുക. 

ആറ്...

ചിലരില്‍ ഇടതുകയ്യിലും ഹൃദയാഘാതത്തിന്റെ ഭാഗമായി വേദന വരാം. ഇതും രക്തം കട്ട പിടിച്ചത് മൂലമുണ്ടാകുന്ന ഹൃദയാഘാതത്തിന്റെ ഭാഗമായാണ് സംഭവിക്കുക. പെട്ടെന്നുണ്ടാകുന്ന അസഹനീയമായ വേദനയാണ് ഈ സാഹചര്യത്തില്‍ അനുഭവപ്പെടുക. 

മേല്‍പ്പറഞ്ഞ ലക്ഷണങ്ങളെല്ലാം തന്നെ ആദ്യമേ സൂചിപ്പിച്ചത് പോലെ പല ആരോഗ്യപ്രശ്‌നങ്ങളുടെയും ഭാഗമായി വരാവുന്നതാണ്. എന്നാല്‍ സ്വയം ചികിത്സ ഒഴിവാക്കി, സംയമനത്തോടെ ലക്ഷണങ്ങളെ വിലയിരത്തുകയും വൈദ്യസഹായം തേടുകയും ചെയ്യുന്നതാണ് ഉചിതം.

Also Read:- അറിയാം, ഹൃദയസ്തംഭനത്തിലേക്ക് നയിച്ചേക്കാവുന്ന പത്ത് കാര്യങ്ങള്‍

click me!