പുറമേക്കുള്ള ഭംഗിക്കും, കാഴ്ചയ്ക്കും പ്രാധാന്യം നല്‍കുന്നവരാണ് അധികം പേരുമെന്നും എന്നാല്‍ അകത്ത് മാനസിക സമ്മര്‍ദ്ദങ്ങള്‍ പേറുന്നവരായിരിക്കും ഇവരില്‍ ഭൂരിഭാഗമെന്നം ആമുഖമെന്നോണം ലൂക്ക് പറയുന്നു. മാനസിക സമ്മര്‍ദ്ദം ഹൃദയത്തെ അത്രമാത്രം അപകടത്തിലാക്കുമെന്നതാണ് ലൂക്ക് പ്രാഥമികമായി തന്നെ ചൂണ്ടിക്കാട്ടുന്നത്

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി യുവാക്കളില്‍ ഹൃദയസ്തംഭനവും ( Cardiac Arrest ) ഹൃദയാഘാതവുമെല്ലാം ( Heart Attack) കൂടുതലായി കണ്ടുവരുന്ന കാലമാണിത്. പ്രധാനമായും ജീവിതരീതികളിലെ മോശം പ്രവണതകളാണ് ഇത്തരത്തില്‍ ഹൃദയസ്തംഭനത്തിലേക്കും ഹൃദയാഘാതത്തിലേക്കുമെല്ലാം കൂടുതല്‍ പേരെ നയിക്കുന്നതെന്ന് വിവിധ പഠനങ്ങള്‍ പറയുന്നു. 

അങ്ങനെയെങ്കില്‍ ഹൃദയാരോഗ്യം ഭദ്രമാക്കാന്‍ ജീവിതരീതിയില്‍ എന്തെല്ലാമാണ് മെച്ചപ്പെടുത്തേണ്ടത് എന്ന സംശയം നിങ്ങളില്‍ വരാം. ഡയറ്റ്, ഉറക്കം, വ്യായാമം, മാനസിക സമ്മര്‍ദ്ദങ്ങള്‍ എന്നിങ്ങനെ ജീവിതരീതിയില്‍ പല ഘടകങ്ങളും ഒരുപോലെ ആരോഗ്യകരമായി കൊണ്ടുപോയെങ്കില്‍ മാത്രമേ ഹൃദയത്തെയും സുരക്ഷിതമാക്കാന്‍ സാധിക്കൂ. 

അത്തരത്തില്‍ ഹൃദയത്തെ അപകടപ്പെടുത്താവുന്ന ചില മോശം ജീവിതരീതികളെ ചൂണ്ടിക്കാട്ടുകയാണ് പ്രമുഖ ലൈഫ്‌സ്റ്റൈല്‍ കോച്ച് ആയ ലൂക്ക് കുടീഞ്ഞ്യോ. പുറമേക്കുള്ള ഭംഗിക്കും, കാഴ്ചയ്ക്കും പ്രാധാന്യം നല്‍കുന്നവരാണ് അധികം പേരുമെന്നും എന്നാല്‍ അകത്ത് മാനസിക സമ്മര്‍ദ്ദങ്ങള്‍ പേറുന്നവരായിരിക്കും ഇവരില്‍ ഭൂരിഭാഗമെന്നം ആമുഖമെന്നോണം ലൂക്ക് പറയുന്നു. മാനസിക സമ്മര്‍ദ്ദം ഹൃദയത്തെ അത്രമാത്രം അപകടത്തിലാക്കുമെന്നതാണ് ലൂക്ക് പ്രാഥമികമായി തന്നെ ചൂണ്ടിക്കാട്ടുന്നത്. 

ഇതിന് പുറമെ നിത്യജീവിതത്തില്‍ നാം ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങള്‍ കൂടി ലൂക്ക് സൂചിപ്പിക്കുന്നു. 

1. പതിവായി ഉറക്കമില്ലായ്മ നേരിടുന്നുവെങ്കില്‍, അത് പരിഹരിച്ചില്ലെങ്കില്‍ ഹൃദയം അപകടത്തിലാകാം. 

2. വിശ്രമമില്ലാതെ ജോലി ( ഏത് തരം ജോലിയും ആകാം) ചെയ്യുന്നതും, 'റിലാക്‌സ്' ചെയ്യാന്‍ സമയം കണ്ടെത്താതിരിക്കുന്നതും നല്ലതല്ല. 

3. കൊവിഡ് കാലത്താണെങ്കില്‍ കൊവിഡ് ഭേദപ്പെട്ടയുടന്‍ തന്നെ കായികമായി കാര്യമായി അധ്വാനിക്കുന്നത് ചില സന്ദര്‍ഭങ്ങളില്‍ ഹൃദയത്തിന് പ്രതികൂലമായി വരാം. 

4. പ്രമേഹം നിയന്ത്രിക്കാതെ ഏറെ നാള്‍ കൊണ്ടുനടക്കുന്നതും ഹൃദയത്തിന് വെല്ലുവിളിയാണ്. 

5. ഏതെങ്കിലും അസുഖങ്ങള്‍ക്ക് ഡോക്ടര്‍ മരുന്ന് കുറിച്ചുതന്നിട്ടുണ്ടെങ്കില്‍ ഡോ്ക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ഇത് നിര്‍ത്തരുത്. അതുപോലെ നിര്‍ദേശിച്ച പ്രകാരമല്ലാതെ കഴിക്കുകയും അരുത്. 

6. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ നിര്‍ബന്ധമായും ഇടവിട്ട് ചെക്കപ്പ് നടത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം വരാനിരിക്കുന്ന അപകടം തിരിച്ചറിയാതെ പോയേക്കാം. 

7. ഡോക്ടറുടെയോ വിദഗ്ധരുടെയോ നിര്‍ദേശമില്ലാതെ സ്റ്റിറോയ്ഡുകള്‍, സപ്ലിമെന്റുകള്‍, ഡയറ്റ്, കായിക പരിശീലനം എന്നിവയിലേര്‍പ്പെടുന്നത്. 

8. ഉറക്കം ശരിയാകാത്ത സമയത്ത് വര്‍ക്കൗട്ട് ചെയ്യരുത്. 

9. പുകവലിക്കുന്ന ശീലമുണ്ടെങ്കില്‍ അത് ഉപേക്ഷിക്കുക. 

10. റിഫൈന്‍ഡ് ഷുഗര്‍, റിഫൈന്‍ഡ് കാര്‍ബ്‌സ് എന്നിവയടങ്ങിയ ഭക്ഷണം പതിവായും അമിതമായും കഴിക്കാതിരിക്കുക. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, റിഫൈന്‍ഡ് ഓയില്‍ എന്നിവയെല്ലാം പരിമിതപ്പെടുത്തേണ്ടതുണ്ട്.

Also Read:- ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഒഴിവാക്കേണ്ട 10 ഭക്ഷണങ്ങൾ