പാൻക്രിയാറ്റിക് ക്യാൻസറിനെ ഭയപ്പെടണമോ? ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ എന്തെല്ലാം?

Published : Nov 27, 2026, 03:48 PM IST
CANCER

Synopsis

മറ്റു പല ക്യാൻസറുകളെ അപേക്ഷിച്ച് തുടക്കത്തിൽ പ്രകടമായ ലക്ഷണങ്ങളോ കഠിനവേദനയോ കുറവായതിനാൽ പാൻക്രിയാറ്റിക് ക്യാൻസർ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു.

സാധാരണയായി നാം നേരിടുന്ന ചെറിയ ആരോഗ്യ അസ്വസ്ഥതകളെ ഗ്യാസ്, ഭക്ഷണം ദഹിക്കാത്തതിന്റെ പ്രശ്നം എന്നിങ്ങനെ നിസ്സാരവൽക്കരിക്കുകയാണ് പതിവ്. സ്വയം ചികിത്സയിലൂടെയോ അസിഡിറ്റി ഗുളികകളിലൂടെയോ താത്കാലിക പരിഹാരം കണ്ടെത്താനും നമ്മൾ ശ്രമിക്കാറുണ്ട്. എന്നാൽ ആഴ്ചകളോളം വിട്ടുമാറാതെ നിൽക്കുന്ന ചില ദഹനവ്യതിയാനങ്ങൾ ശരീരത്തിലെ സുപ്രധാന അവയവമായ പാൻക്രിയാസിനെ ബാധിക്കുന്ന ഗുരുതര രോഗങ്ങളുടെ പ്രാരംഭ ലക്ഷണമാകാൻ സാധ്യതയുണ്ട്.

മറ്റു പല ക്യാൻസറുകളെ അപേക്ഷിച്ച് തുടക്കത്തിൽ പ്രകടമായ ലക്ഷണങ്ങളോ കഠിനവേദനയോ കുറവായതിനാൽ പാൻക്രിയാറ്റിക് ക്യാൻസർ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു. അതിനാൽ രോഗത്തെക്കുറിച്ചുള്ള കൃത്യമായ ധാരണയും പ്രാഥമിക ലക്ഷണങ്ങളോടുള്ള ജാഗ്രതയും കൃത്യസമയത്തുള്ള രോഗനിർണ്ണയവും ഫലപ്രദമായ ചികിത്സയും ഉറപ്പാക്കാൻ അത്യന്താപേക്ഷിതമാണ്.

പാൻക്രിയാസും ദഹനപ്രക്രിയയും തമ്മിലുള്ള ബന്ധം

ആമാശയത്തിന് തൊട്ടുപിന്നിലായി സ്ഥിതി ചെയ്യുന്ന പാൻക്രിയാസ് ദഹനവ്യവസ്ഥയുടെ പ്രധാന കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇൻസുലിൻ ഉത്പാദിപ്പിക്കുന്നതിനൊപ്പം, നാം കഴിക്കുന്ന ഭക്ഷണത്തിലെ കൊഴുപ്പ്, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് എന്നിവയെ വിഘടിപ്പിച്ച് ശരീരത്തിന് ആഗിരണം ചെയ്യാൻ പാകത്തിലാക്കുന്ന ദഹനരസങ്ങൾ ഉത്പാദിപ്പിക്കുക എന്നതാണ് പാൻക്രിയാസിന്റെ പ്രധാന ദൗത്യം.

പാൻക്രിയാസിൽ അർബുദമുഴകൾ വളരുമ്പോൾ, പ്രത്യേകിച്ച് ഗ്രന്ഥിയുടെ തലഭാഗത്ത് മുഴകൾ ഉണ്ടാകുമ്പോൾ അത് ദഹനരസങ്ങളെ ചെറുകുടലിലേക്ക് എത്തിക്കുന്ന പാൻക്രിയാറ്റിക് നാളിയെ തടസ്സപ്പെടുത്തുന്നു. ഇതോടെ ദഹനരസങ്ങൾ കുടലിൽ എത്താതാവുകയും ഭക്ഷണം ശരിയായി ദഹിക്കാതെ പോവുകയും ചെയ്യുന്നു. ഇതിനെയാണ് വൈദ്യശാസ്ത്രത്തിൽ എക്സോക്രൈൻ പാൻക്രിയാറ്റിക് ഇൻസഫിഷ്യൻസി (ഇ.പി.ഐ) എന്ന് വിളിക്കുന്നത്.

അവഗണിക്കരുതാത്ത പ്രാഥമിക ലക്ഷണങ്ങൾ

മറ്റു പല കാൻസറുകളെ അപേക്ഷിച്ച് തുടക്കത്തിൽ പ്രകടമായ ലക്ഷണങ്ങൾ കാണാത്തതിനാൽ പാൻക്രിയാറ്റിക് കാൻസറിനെക്കുറിച്ചുള്ള കൃത്യമായ ധാരണയും പ്രാഥമിക ലക്ഷണങ്ങളെക്കുറിച്ചുള്ള ജാഗ്രതയും ഓരോരുത്തർക്കും അത്യന്താപേക്ഷിതമാണ്. താഴെ പറയുന്ന മാറ്റങ്ങൾ തുടർച്ചയായി കണ്ടാൽ ഉടൻ ഡോക്ടറെ കാണേണ്ടതാണ്:

അകാരണമായ ഭാരക്കുറവ്: ഡയറ്റിംഗോ വ്യായാമമോ ഇല്ലാതെ, പോഷകങ്ങൾ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടാത്തതിനാൽ പേശികളുടെ ബലം കുറയുകയും ആറുമാസത്തിനുള്ളിൽ ശരീരഭാരത്തിന്റെ 5 മുതൽ 10 ശതമാനത്തിലധികം നഷ്ടപ്പെടുകയും ചെയ്യുന്നത് നിർണ്ണായക ലക്ഷണമാണ്.

മഞ്ഞപ്പിത്തം: പാൻക്രിയാസിന്റെ തലഭാഗത്തുള്ള മുഴ പിത്തരസക്കുഴൽ തടസ്സപ്പെടുത്തുമ്പോൾ കണ്ണുകളിലും ചർമ്മത്തിലും മഞ്ഞനിറം, കടുത്ത നിറത്തിലുള്ള മൂത്രം, ഇളം നിറത്തിലുള്ള മലം, ശരീരത്തിൽ ചൊറിച്ചിൽ എന്നിവയുണ്ടാകാം.

വയറുവേദനയും നടുവേദനയും: ഭക്ഷണം കഴിക്കുമ്പോഴോ കിടക്കുമ്പോഴോ ഇത് കൂടാം.

പ്രമേഹം: അമിതവണ്ണമോ കുടുംബപാരമ്പര്യമോ ഇല്ലാത്ത 50 വയസ്സിന് മുകളിലുള്ളവരിൽ പെട്ടെന്ന് പ്രമേഹം കണ്ടെത്തുന്നത് ചിലപ്പോൾ പാൻക്രിയാറ്റിക് കാൻസറിന്റെ സൂചനയാകാം.

പ്രധാന അപകടസാധ്യതകൾ

താഴെ പറയുന്ന ഘടകങ്ങൾ ഉള്ളവർ രോഗസാധ്യതയെക്കുറിച്ച് കൂടുതൽ ജാഗ്രത പാലിക്കണം:

പുകവലി: പാൻക്രിയാറ്റിക് കാൻസർ സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നു.

പ്രായം: 60 വയസ്സിന് മുകളിലുള്ളവരിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്.

ദീർഘകാല പാൻക്രിയാറ്റൈറ്റിസ്: ആഗ്നേയഗ്രന്ഥിയിലുണ്ടാകുന്ന വിട്ടുമാറാത്ത വീക്കം.

കുടുംബപാരമ്പര്യവും ജനിതക മാറ്റങ്ങളും: കുടുംബത്തിൽ ഒന്നിലധികം പേർക്ക് രോഗമുണ്ടാകുകയോ BRCA1/BRCA2 ജനിതക മാറ്റങ്ങൾ ഉണ്ടാവുകയോ ചെയ്യുന്നത് അപകടസാധ്യത കൂട്ടുന്നു.

അമിതവണ്ണവും ജീവിതശൈലിയും: അമിതവണ്ണവും മദ്യത്തിന്റെ അമിത ഉപയോഗവും രോഗസാധ്യത വർദ്ധിപ്പിക്കുന്നു.

രോഗനിർണ്ണയം വൈകാനുള്ള കാരണങ്ങളും പരിശോധനകളും

ദഹനക്കേടുമായി എത്തുന്നവർക്ക് ആദ്യം ചെയ്യുന്ന എൻഡോസ്കോപ്പിയിൽ ആമാശയത്തിന്റെ ഉൾഭാഗം മാത്രമേ കാണാനാകൂ. സാധാരണ അൾട്രാസൗണ്ട് സ്കാനിംഗിൽ കുടലിലെ വായു തടസ്സമാകുന്നതിനാൽ പാൻക്രിയാസിലെ ചെറിയ മുഴകൾ മറഞ്ഞിരിക്കാം. അതിനാൽ ലക്ഷണങ്ങൾ തുടർന്നാൽ ഒരു ഗ്യാസ്ട്രോ എൻട്രോളജിസ്റ്റിന്റെയോ ഓങ്കോളജിസ്റ്റിന്റെയോ നിർദ്ദേശപ്രകാരം താഴെ പറയുന്ന പരിശോധനകൾ നടത്തണം:

പാൻക്രിയാസ് പ്രോട്ടോക്കോൾ സി.ടി സ്കാൻ: പാൻക്രിയാസിനെയും രക്തധമനികളെയും വ്യക്തമായി കാണാൻ സഹായിക്കുന്ന പ്രത്യേക കോൺട്രാസ്റ്റ് സി.ടി സ്കാൻ.

എൻഡോസ്കോപ്പിക് അൾട്രാസൗണ്ട് (ഇ.യു.എസ്): എൻഡോസ്കോപ്പിന്റെ അറ്റത്തുള്ള അൾട്രാസൗണ്ട് ഉപയോഗിച്ച് ചെറിയ മുഴകൾ പോലും കണ്ടെത്താനും ബയോപ്സി എടുക്കാനും സാധിക്കുന്ന പരിശോധന.

> മല-രക്ത പരിശോധനകൾ: ദഹനരസങ്ങളുടെ കുറവ് അളക്കുന്ന ഫീക്കൽ ഇലാസ്റ്റേസ് പരിശോധന, കരളിന്റെ പ്രവർത്തനമറിയാനുള്ള എൽ.എഫ്.ടി, സി.എ 19-9 (CA 19-9) ട്യൂമർ മാർക്കർ പരിശോധന എന്നിവ.

ചികിത്സാരീതികളും പോഷകാഹാര വീണ്ടെടുപ്പും

പ്രാരംഭഘട്ടത്തിൽ രോഗം തിരിച്ചറിഞ്ഞാൽ ആധുനിക ചികിത്സകളിലൂടെ ഫലപ്രദമായി നേരിടാനാകും:

> ശസ്ത്രക്രിയ : രോഗം പാൻക്രിയാസിൽ ഒതുങ്ങിനിൽക്കുന്ന ഘട്ടത്തിൽ മുഴ നീക്കം ചെയ്യുന്നു.

> കീമോതെറാപ്പി: ശസ്ത്രക്രിയയ്ക്ക് മുൻപോ ശേഷമോ കാൻസർ കോശങ്ങളെ നശിപ്പിക്കാനും രോഗവ്യാപനം തടയാനും നൽകുന്ന മരുന്നുകൾ.

> ടാർഗെറ്റഡ് തെറാപ്പി & ഇമ്മ്യൂണോതെറാപ്പി: ജനിതക പരിശോധനയിലൂടെ കണ്ടെത്തുന്ന പ്രത്യേക മാറ്റങ്ങളെ ലക്ഷ്യമിട്ടുള്ള ആധുനിക ചികിത്സകൾ.

> റേഡിയേഷൻ തെറാപ്പി & പാലിയേറ്റീവ് കെയർ: വേദന കുറയ്ക്കാനും, പിത്തരസക്കുഴലിലെ തടസ്സം നീക്കാനും, ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ഇതോടൊപ്പം ദഹനരസങ്ങളുടെ കുറവ് പരിഹരിക്കാൻ ഡോക്ടർമാർ പാൻക്രിയാറ്റിക് എൻസൈം റീപ്ലേസ്‌മെന്റ് തെറാപ്പി (പി.ഇ.ആർ.ടി) നിർദ്ദേശിക്കാറുണ്ട്. ഭക്ഷണത്തോടൊപ്പം ഈ എൻസൈം ഗുളികകൾ കഴിക്കുന്നതിലൂടെ പോഷകങ്ങൾ ആഗിരണം ചെയ്യപ്പെടുകയും രോഗിക്ക് ശരീരഭാരവും ആരോഗ്യവും വീണ്ടെടുക്കാൻ സാധിക്കുകയും ചെയ്യുന്നു.

വൈദ്യസഹായം തേടേണ്ട നിർണ്ണായക ഘട്ടങ്ങൾ

സ്വയം ചികിത്സ നിർത്തി വിദഗ്ധ ഡോക്ടറെ കാണേണ്ട സാഹചര്യങ്ങൾ താഴെ പറയുന്നവയാണ്:

രണ്ടാഴ്ചയിലധികം അസിഡിറ്റി മരുന്നുകൾ കഴിച്ചിട്ടും മാറാത്ത വിശപ്പില്ലായ്മയും വയറുവീർക്കലും.

മുമ്പ് കഴിച്ചിരുന്നതിന്റെ പകുതി ഭക്ഷണം കഴിക്കുമ്പോൾ തന്നെ വയറു നിറയുന്ന അവസ്ഥ.

വിളറിയതോ എണ്ണമയമുള്ളതോ ആയ മലം പോലുള്ള വ്യത്യാസങ്ങൾ.

ഡയറ്റിംഗോ വ്യായാമമോ ഇല്ലാതെ ശരീരഭാരം ഗണ്യമായി കുറയുക.

ദഹനപ്രശ്നങ്ങളോടൊപ്പം കടുത്ത നിറത്തിലുള്ള മൂത്രം, കണ്ണുകളിൽ മഞ്ഞനിറം, ശരീരത്തിൽ ചൊറിച്ചിൽ, നടുവിലേക്ക് വ്യാപിക്കുന്ന വയറുവേദന, അല്ലെങ്കിൽ 50 വയസ്സിന് ശേഷം പെട്ടെന്നുണ്ടാകുന്ന പ്രമേഹം എന്നിവ കാണപ്പെടുക.

സാധാരണ ദഹനക്കേടായി തോന്നുന്ന ലക്ഷണങ്ങൾ പോലും ആഴ്ചകളോളം നീണ്ടുനിൽക്കുകയാണെങ്കിൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ വിദഗ്ധ പരിശോധനയ്ക്ക് വിധേയരാകണം. ശരീരം നൽകുന്ന ഇത്തരം ചെറിയ മുന്നറിയിപ്പുകളെ ഗൗരവമായി കാണുന്നത് രോഗം നേരത്തെ കണ്ടെത്താനും പൂർണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചുവരാനും സഹായിക്കും.

ലേഖനം തയ്യാറാക്കിയത്:

ഡോ. മനു പ്രസാദ്

സീനിയർ കൺസൾട്ടന്റ്,

മെഡിക്കൽ ഓൺങ്കോളജി ,

ആസ്റ്റർ മിംസ്, കണ്ണൂർ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭയം വേണ്ട, ശ്രദ്ധയോടെ തെരഞ്ഞെടുക്കാം സ്കിൻകെയർ ഉത്പന്നങ്ങൾ
ശൈത്യകാലത്ത് ഹൃദയാഘാത സാധ്യത വർദ്ധിക്കുന്നത് എന്തുകൊണ്ട്? ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്