ഓരോ മനുഷ്യരുടെയും ചർമ്മവും ശാരീരികഘടനയും ഒന്നിനൊന്ന് വ്യത്യാസമാണ്. അങ്ങനെയുള്ളപ്പോൾ ഒരു ഉത്പന്നം, അത് ഉപയോഗിച്ച എല്ലാവരിലും ഒരേ കാലയളവിൽ ഒരേ മാറ്റം ഉണ്ടാക്കുന്നു എന്നതിൽ തന്നെ സംശയിക്കേണ്ടതില്ലേ? ചർമ്മം നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ, പരിവർത്തനാത്മകമായ (ഡൈനാമിക്ക്) അവയവമാണ്.

തൊലി വെളുപ്പാണ് സൗന്ദര്യം എന്ന തെറ്റിദ്ധാരണ ഇന്നും ഇന്ത്യക്കാർക്ക് ഇടയിൽ ആഴത്തിൽ വേരോടുന്നുണ്ട്. പണ്ട് വെളുപ്പ് മാത്രമാണ് സൗന്ദര്യത്തിന്റെ മാനദണ്ഡമായി കണക്കാക്കപ്പെട്ടിരുന്നത് എങ്കിൽ ജെൻ-സി ഉറ്റുനോക്കുന്നത് കൊറിയൻ 'ഗ്ലാസ് സ്‌കി'ന്നിനെ ആണ്. ഞാൻ ഏറ്റവും കൂടുതൽ കേൾക്കുന്ന ചോദ്യമാണ് 'പെട്ടെന്ന് നിറം വെക്കാൻ എന്താണുള്ളത്?' എന്നത്. 'ഞാൻ നിറം വെക്കാനുള്ള ഒന്നും തന്നെ വിൽക്കുന്നില്ല എന്നും സൗന്ദര്യം എന്നാൽ വെളുപ്പുള്ള ചർമ്മം എന്നല്ല അർഥം എന്നും പറഞ്ഞ് മനസ്സിലാക്കുമ്പോഴേക്ക് അവർ മറ്റേതെങ്കിലും സിന്തറ്റിക് കെമിക്കൽ ബ്രാൻഡുകൾ തേടി പോയിട്ടുണ്ടാകും. എന്താണ് യഥാർത്ഥ പേഴ്‌സണൽ കെയർ? പേഴ്‌സണൽ കെയർ ഉത്പന്നങ്ങൾ എങ്ങനെ സുരക്ഷിതമായി തെരഞ്ഞെടുക്കാം?

വെളുപ്പല്ല സൗന്ദര്യം; വെളുപ്പിക്കലല്ല സ്കിൻകെയർ

ഓരോ മനുഷ്യരുടെയും ചർമ്മവും ശാരീരികഘടനയും ഒന്നിനൊന്ന് വ്യത്യാസമാണ്. അങ്ങനെയുള്ളപ്പോൾ ഒരു ഉത്പന്നം, അത് ഉപയോഗിച്ച എല്ലാവരിലും ഒരേ കാലയളവിൽ ഒരേ മാറ്റം ഉണ്ടാക്കുന്നു എന്നതിൽ തന്നെ സംശയിക്കേണ്ടതില്ലേ? ചർമ്മം നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ, പരിവർത്തനാത്മകമായ (ഡൈനാമിക്ക്) അവയവമാണ്.

ശരീരത്തിന്റെ അകത്തും പുറത്തും നടക്കുന്ന മിക്കവാറും എല്ലാ പ്രവർത്തനങ്ങളും ചർമ്മത്തിലും പ്രതിഫലിക്കും. ചർമ്മത്തിൽ കാണുന്ന ഒട്ടനവധി പ്രശ്നങ്ങൾക്ക് കാരണം തേടി പോയാൽ ആന്തരികമായ പ്രവർത്തനമാറ്റങ്ങൾ കണ്ടെത്താം. അങ്ങനെയിരിക്കെ ചർമ്മത്തിന്റെ ഉപരിതലത്തിൽ പുരട്ടുന്ന ഉത്പന്നങ്ങൾ കൊണ്ട് മാത്രം 'ചില്ല് പോലെ തിളങ്ങുന്ന' ചർമ്മം ഉണ്ടാകുമെന്ന് വാദിക്കാൻ ഒരിക്കലും കഴിയില്ല.

ഏഷ്യയിലെ മനുഷ്യരിൽ ഒട്ടനവധി സ്കിൻ ടോണുകൾ അഥവാ കോംപ്ലക്‌ഷനുകൾ ഉണ്ട്. അവയിൽ ഏതെങ്കിലും ഒന്ന് ശ്രേഷ്ഠമോ മറ്റേതെങ്കിലും മോശമോ അല്ല. നമ്മുടെ യഥാർത്ഥ നിറത്തിൽ തന്നെ ചർമ്മം ആരോഗ്യത്തോടെ സൂക്ഷിക്കുക എന്നതാണ് സ്കിൻകെയറിന്റെ ലക്‌ഷ്യം. പുറമെ പുരട്ടുന്ന ഒരു പ്രകൃതിദത്ത ഉത്പന്നം കൊണ്ട് ഒരിക്കലും ഒരാളുടെ ചർമ്മത്തിന്റെ നിറം മറ്റൊന്നായി മാറ്റാൻ സാധിക്കില്ല. തുടർച്ചയായുള്ള ഉപയോഗത്തിലൂടെ, സൂര്യതാപം കൊണ്ടുള്ള നിറംമങ്ങൽ, മുഖക്കുരു, മുഖക്കുരുവിന്റെ പാട് എന്നിവ നിയന്ത്രിച്ച് ചർമ്മം ആരോഗ്യത്തോടെ സൂക്ഷിക്കാനാണ് സ്കിൻകെയർ ചെയ്യേണ്ടത്.

ആരോഗ്യകരമായ ഒരു ജീവിതചര്യയുടെ ഭാഗമാണ് ചിട്ടയോടെയുള്ള ചർമ്മസംരക്ഷണം. അത് ഉടനടി പരിഹാരം കിട്ടാനുള്ള ഒരെടുത്തുചാട്ടമല്ല. മറിച്ച് സ്ഥിരതയുള്ള ഒരു സെല്ഫ്കെയർ റുട്ടീൻ ആണ്. അങ്ങനെയുള്ള ചർമ്മസംരക്ഷണമാണ് സുസ്ഥിരവും ആരോഗ്യകരവുമായ ഫലം തരിക.

ഉപഭോക്താവിന്റെ കർത്തവ്യങ്ങൾ

ഒരു സ്കിൻകെയർ ഉത്പന്നം തെരഞ്ഞെടുക്കുമ്പോൾ ഉപഭോക്താവ് എന്ന നിലയിൽ ഓരോ പൗരനും ശ്രദ്ധിക്കേണ്ട ചില മാനദണ്ഡങ്ങൾ ഉണ്ട്:

1) ഇന്ത്യയിൽ നിലനിൽക്കുന്ന നിയമങ്ങൾ പാലിച്ചുകൊണ്ട് വിപണിയിൽ എത്തിച്ചിട്ടുള്ള ഉത്പന്നമാണോ അതെന്നറിയാൻ 'ഡ്രഗ് ആൻഡ് കോസ്‌മെറ്റിക്സ് ലൈസൻസ് നമ്പർ' പരിശോധിക്കുക. നമ്മുടെ രാജ്യത്ത് അംഗീകൃതമായ നിർമ്മാണമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള എല്ലാ കോസ്‌മെറ്റിക് ഉത്പന്നങ്ങൾക്കും ഈ ലൈസൻസ് നമ്പർ ഉണ്ടായിരിക്കും.

2) കൃത്യമായ ബാച്ച് നമ്പർ, നിർമാണ തീയതി എന്നിവ പരിശോധിക്കുക. വാങ്ങുന്ന ഉത്പന്നം ഉപയോഗ്യമാണോ എന്നറിയാനാണ് ഇത്.

3) ലേബലിൽ രേഖപ്പെടുത്തിയിട്ടുള്ള ചേരുവകൾ ശ്രദ്ധിക്കുക. അലർജനുകൾ ഉണ്ടോ, കഠിനമായ രാസവസ്തുക്കൾ (ഹാർഷ് കെമിക്കൽസ്) ഉണ്ടോ എന്നെല്ലാം ഇതിൽ നിന്ന് മനസ്സിലാക്കാം.

4) കൃത്യമായ കസ്റ്റമർ കെയർ നമ്പറുകളോ പോളിസികളോ കമ്പനിക്ക് ഉണ്ടോ എന്ന് അന്വേഷിക്കുക.

5) ഏതൊരു ഉത്പന്നം വാങ്ങിയാലും പാച്ച്-ടെസ്റ്റ് ചെയ്ത് സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം ഉപയോഗിക്കുക.

ഇത്രയും മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാൽ തന്നെ ഭയപ്പാടില്ലാതെ സ്കിൻകെയർ ഉത്പന്നങ്ങൾ തെരഞ്ഞെടുക്കാം.

കെമിക്കലുകൾ എത്രയാകാം?

കെമിക്കലുകൾ അടങ്ങിയ ഒന്നും ഉപയോഗിക്കില്ല എന്ന് വാശിപിടിച്ചാൽ നമുക്ക് പച്ചവെള്ളം പോലും കുടിക്കാൻ പറ്റാതെ വരും. അപ്പോൾ രാസവസ്തുക്കൾ അല്ല കുഴപ്പം. ചർമ്മത്തിനും ശരീരത്തിനും ഹാനികരമായ 'ഹാർഷ് കെമിക്കലു'കൾ ആണ് പ്രശ്നം. ഇവയെ എങ്ങനെ വേർതിരിക്കാം? ഇന്ത്യയിൽ ഔദ്യോഗികമായ ഡ്രഗ് ക്വാളിറ്റി സ്റ്റാൻഡേർഡ്‌സ് രേഖപ്പെടുത്തിയിരിക്കുന്ന പുസ്തകമാണ് Indian Pharmacopoea (IP.) ഐ.പി സൂചിക പ്രകാരം ഡോക്ടറുടെ നിർദ്ദേശം ആവശ്യമില്ലാതെ, ജനങ്ങൾക്ക് കടകളിൽ നിന്നും വാങ്ങാവുന്ന കോസ്‌മെറ്റിക് ഉത്പന്നങ്ങളിൽ എത്ര ശതമാനം വരെ ഒരു രാസവസ്തു ഉപയോഗിക്കാം എന്ന് കൃത്യമായ കണക്കുകളുണ്ട്. Cosmetics Rules, 2020 and Bureau of Indian Standards (BIS.) ഈ സൂചികയ്ക്ക് മുകളിൽ രാസവസ്തുക്കൾ ഉപയോഗിക്കുമ്പോഴാണ് അത് ചർമ്മത്തിന് ദോഷകരമാകുന്നത്.

എന്നാൽ ഈ സൂചിക പാലിച്ചുകൊണ്ടുള്ള കോസ്‌മെറ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം തുടരുന്നത് കൊണ്ട് യാതൊരു ആരോഗ്യപ്രശ്നവും BIS ചൂണ്ടിക്കാട്ടിയിട്ടില്ല. എന്നിരുന്നാലും സ്വന്തം ചർമ്മം എങ്ങനെയുള്ളതാണെന്ന് വിദഗ്ധസഹായത്തോടെ വിലയിരുത്തിയ ശേഷം അതിന് ചേരുന്ന പൊതു ഉപയോഗ ഉത്പന്നം (general application product) തെരഞ്ഞെടുക്കുന്നതിൽ യാതൊരു തെറ്റുമില്ല. അതിൽ തന്നെ Parabens, sulphates, aldehydes, animal fats, ethyl alcohol, pthalates, sodium chloride തുടങ്ങിയ കഠിന രാസവസ്തുക്കൾ ഇല്ലാത്ത ഉത്പന്നങ്ങൾ തെരഞ്ഞെടുക്കുക എന്നതാണ് പ്രധാനം.

മാജിക്കൽ റെമഡീസ് ആക്റ്റ്

ഇന്ത്യയിൽ ഒരു പേഴ്‌സണൽ കെയർ ഉത്പന്നവും 'രോഗപ്രതിവിധി' എന്ന നിലയ്‌ക്കോ 'ഉടനടി പരിഹാരം' എന്ന തരത്തിലോ മാർക്കറ്റ് ചെയ്യാൻ നിയമം അനുവദിക്കുന്നില്ല. മുടി വളരും എന്നോ മുഖക്കുരു മാറും എന്നോ മുഖം വെളുക്കും എന്നോ അവകാശപ്പെട്ടുകൊണ്ടുള്ള മാർക്കറ്റിങ് തീർത്തും നിയമവിരുദ്ധമാണ്.

ഓരോരുത്തരുടെ ചർമ്മവും വ്യത്യസ്തം ആണെന്നിരിക്കെ, സ്ഥിരമായ ഉപയോഗത്തിലൂടെ പ്രശ്നങ്ങൾ നിയന്ത്രിക്കാൻ സഹായിക്കും എന്ന് മാത്രമാണ് നിയമപരമായി പറയാനാവുക. എന്നാൽ ഈ നിയമത്തിന്റെ കടുത്ത ലംഘനമാണ് ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും പരസ്യങ്ങളിലൂടെ നടക്കുന്നത്. ഇത്തരം അവകാശവാദങ്ങളിലൂടെ തന്നെ ഒരു ഉത്പന്നത്തിന്റെ ഗുണമേന്മ ഉപഭോക്താവ് മനസ്സിലാക്കണം.

ആത്മാർത്ഥത വിനയാകുമ്പോൾ

ഊരും പേരുമില്ലാത്ത ഇറക്കുമതി ഉത്പന്നങ്ങൾ നാട്ടിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമ്പോൾ വലിയ വില നൽകേണ്ടി വരുന്നത് ഈ നാട്ടിൽ നിയമാനുസൃതമായി, നികുതി അടച്ച്, എല്ലാ സർട്ടിഫിക്കേഷനുകളോടും കൂടെ ഹാർഷ് കെമിക്കലുകൾ ഒഴിവാക്കി പ്രവർത്തിക്കുന്ന പേഴ്‌സണൽ കെയർ ബ്രാൻഡുകൾ ആണ്. ഒരു വിഷലിപ്തമായ ഉത്പന്നം മൂലം കമ്പോളത്തിൽ ഉള്ള അനേകം ഫലപ്രദമായ ഉത്പന്നങ്ങളെ ഉപഭോക്താക്കൾ അവിശ്വസിക്കുന്നു.

ചർമ്മസംരക്ഷണം നല്ലതല്ല എന്നോ, സ്കിൻകെയർ ഉത്പന്നങ്ങൾ എല്ലാം ആരോഗ്യത്തിന് ദോഷമാണെന്നോ അല്ല ജനം മനസ്സിലാക്കേണ്ടത്. എല്ലാത്തിലും നല്ലതും ചീത്തയും ഉള്ളതുപോലെ കോസ്‌മെറ്റിക് രംഗത്തും കൊള്ളലാഭം കൊയ്യുന്ന തട്ടിപ്പുകാർ ഉണ്ടെന്നതാണ്. അവർക്കെതിരായ യുദ്ധത്തിൽ നിയമാനുസൃതമായി പ്രവർത്തിക്കുന്ന എല്ലാ ബ്രാൻഡുകളും ജനങ്ങൾക്കൊപ്പം തന്നെയാണ് എന്നാണ് ഞാൻ മനസിലാക്കുന്നത്.

കേരളത്തിൽ നിന്നുള്ള യുവ സംരംഭകരിൽ ശ്രദ്ധേയയാണ് അനഘ ജയൻ. മാധ്യമപ്രവർത്തക, അധ്യാപിക തുടങ്ങിയ മേഘലകളിലും അനഘ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹിക വിഷയങ്ങളിലും സ്ത്രീശാക്തീകരണത്തിലും സജീവമായി ഇടപെടുന്നു.