
ജോര്‍ജിയ: പേശികളുടെ ബലം ക്രമേണ കുറയുന്ന ഹിപ്റ്റോണിയ എന്ന രോഗമാണ് രണ്ടുവയസ്സുകാരന്‍ ലോഗന്. സഹായം ഇല്ലാതെ നടക്കാനോ നില്‍ക്കാനോ സാധിക്കാത്ത അവസ്ഥ. കുഞ്ഞിന്‍റെ പ്രയാസം മനസ്സിലാക്കിയ തെറാപ്പിസ്റ്റുകള്‍ ലോഗന്‍റെ മാതാപിതാക്കളോട് കുഞ്ഞിന് സ്വതന്ത്രമായി സഞ്ചരിക്കാന്‍ സഹായിക്കുന്ന ഒരു വീല്‍ ചെയര്‍ വാങ്ങി നല്‍കാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിന് വിലയേറിയ വീല്‍ ചെയര്‍ വാങ്ങാനുള്ള ശേഷി ഉണ്ടായിരുന്നില്ല. പ്രതിസന്ധിയിലും തളരാതിരുന്ന അവര്‍ മകന് വേണ്ടി പിവിസി പെപ്പുകള്‍ യോജിപ്പിച്ച് ഒരു വോക്കര്‍ നിര്‍മ്മിച്ചു. അതും യൂട്യൂബ് ട്യൂട്ടോറിയല്‍ കണ്ട്!
നാല് ചക്രങ്ങള്‍ ഘടിപ്പിച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഗേറ്റ് ട്രെയിനര്‍ ആയിരുന്നു ഡോക്ടര്‍മാര്‍ ലോഗന്‍റെ കുടുംബത്തോട് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇന്ഷുറന്സ് തുക ഉപയോഗിച്ച് കുഞ്ഞിന്‍റെ ചികിത്സ നടത്തുന്ന സ്റ്റോര്‍ ജീവനക്കാരായ മാതാപിതാക്കള്‍ക്ക്വില കൂടിയ വീല്‍ ചെയര്‍ വാങ്ങാനുള്ള പണം കണ്ടെത്താനായില്ല. കുഞ്ഞ് ലോഗന്‍ പരസഹായം ഇല്ലാതെ നടക്കുന്നത് കാണാന്‍ തീവ്രമായി ആഗ്രഹിച്ച മാതാപിതാക്കള്‍ വീട്ടുസാമഗ്രികള്‍ വില്‍ക്കുന്ന ഹോം ഡിപ്പോയെ സമീപിച്ച് ആവശ്യമായ സാധനങ്ങള്‍ വാങ്ങി. യൂട്യൂബ് ട്യൂട്ടോറിയല്‍ കണ്ട് വോക്കര്‍ നിര്‍മ്മിക്കുന്നത് കണ്ടുപഠിച്ചു.
ആഗ്രഹത്തിനൊപ്പം പരിശ്രമവും ചേര്‍ന്നപ്പോള്‍ അവര്‍ നിര്‍മ്മിച്ചത് മനോഹരമായ കുഞ്ഞു വോക്കര്‍. വോക്കറിന്‍റെ സഹായത്തോടെ നടക്കുന്ന ലോഗന്‍റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ട് ഒരു മാധ്യമപ്രവര്‍ത്തകയാണ് സംഭവം ലോകത്തെ അറിയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam