Covid 19 Children : കുട്ടികളിലെ കൊവിഡ്; മാതാപിതാക്കള്‍ മനസിലാക്കേണ്ടത്...

By Web TeamFirst Published Apr 17, 2022, 2:39 PM IST
Highlights

സ്‌കൂള്‍ തുറക്കുന്നതിന് മുമ്പായി തന്നെ 70 മുതല്‍ 90 ശതമാനം വരെയും ഉള്ള കുട്ടികള്‍ക്ക് പലരീതിയില്‍ കൊവിഡ് 19 പിടിപെട്ടിരിക്കാം എന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. അതുകൊണ്ട് തന്നെ സ്‌കൂള്‍ ഒരു പ്രധാന രോഗവ്യാപന കേന്ദ്രമായി കണക്കാക്കേണ്ടതില്ലെന്നാണ് ഇവര്‍ പറയുന്നത്

സ്‌കൂള്‍ തുറന്ന് കുട്ടികള്‍ കൂട്ടമായി വീണ്ടും പഠനത്തിലേക്കും കളികളിലേക്കുമെല്ലാം ( School Opening ) തിരിയുമ്പോള്‍ മാതാപിതാക്കളുടെ മനസില്‍ എപ്പോഴും ആധിയായിരിക്കും. കൊവിഡ് 19 രോഗത്തിന്റെ പിടിയില്‍ നിന്ന് പൂര്‍ണമായി മോചിപ്പിക്കപ്പെടാത്ത സാഹചര്യമാണ് നമുക്കിപ്പോഴുമുള്ളത്. ഈ ഘട്ടത്തില്‍ കുട്ടികളുടെ ആരോഗ്യത്തെ ചൊല്ലി ( Covid 19 Children )  ആശങ്കയുണ്ടാകുന്നത് സ്വാഭാവികം തന്നെ.

ഇതിനിടെ കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിനും എത്തി. എന്നാലിപ്പോഴും കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ മടിക്കുന്നവര്‍ ഏറെയാണ്. ഇക്കാര്യത്തില്‍ പ്രത്യേകിച്ച് പേടിക്കേണ്ട കാര്യങ്ങളൊന്നുമില്ലെന്നാണ് വിദഗ്ധര്‍ തന്നെ സൂചിപ്പിക്കുന്നത്. 

അതുപോലെ കുട്ടികളിലെ കൊവിഡ് എന്ന വിഷയത്തിലും അത്രമാത്രം ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. കുട്ടികളില്‍ മിക്കപ്പോഴും കൊവിഡ് നേരിയ രീതിയിലാണ് പിടിപെടുക. ഇതുവരെയുള്ള അനുഭവങ്ങള്‍ അങ്ങനെയാണ് സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ കാര്യമായ ചികിത്സയും അവര്‍ക്കാവശ്യമായി വരില്ല. 

എന്നാല്‍ സ്‌കൂൡ പോകുന്ന കുട്ടികള്‍ മാസ്‌ക് ഉപയോഗിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും രോഗവ്യാപനത്തെ ചൊല്ലി ശ്രദ്ധയുള്ളവരായിരിക്കുകയും വേണം. ഇവയെല്ലാം തന്നെ മാതാപിതാക്കളാണ് കാര്യമായും ശ്രദ്ധിക്കേണ്ടത്. ഇപ്പോള്‍ ധാരാളം പേര്‍ മാസ്‌ക് ഒഴിവാക്കിയിട്ടുണ്ട്. പക്ഷേ കുട്ടികളുടെ കാര്യം വരുമ്പോള്‍ ഈ അലംഭാവം നല്ലതല്ല. അവരെ വിഷയത്തിന്റെ ഗൗരവം സ്‌നേഹത്തോടെ പറഞ്ഞുമനസിലാക്കുകയും വേണം.

സ്‌കൂളിലെത്തിയാല്‍ മറ്റുള്ള സമയത്തെ അപേക്ഷിച്ച് ഭക്ഷണസമയത്താണ് കൂടുതല്‍ ശ്രദ്ധ വേണ്ടത്. കാരണം ആ സമയത്ത് എല്ലാ കുട്ടികളും മാസ്‌ക് മാറ്റിവയ്ക്കുന്നുണ്ട്. ഭക്ഷണം കഴിക്കാന്‍ അധികസമയം കളയാതെ, കൂടുതല്‍ പേരുമായി ഇടപെടാതെ പെട്ടെന്ന് തന്നെ കഴിച്ച് തിരിച്ച് മാസ്‌ക് ധരിക്കേണ്ടതുണ്ടെന്ന് കുട്ടികളെ പറഞ്ഞുമനസിലാക്കുക. 

'കഴിഞ്ഞ കാലത്തെ അനുഭവങ്ങള്‍ വച്ച് നോക്കുകയാണെങ്കില്‍ കുട്ടികളുടെ കാര്യത്തില്‍ അത്ര പേടിക്കാനൊന്നുമില്ല. അവര്‍ക്ക് കൊവിഡ് പിടിപെട്ടാല്‍ പോലും അത് ഗൗരവമായ അവസ്ഥകളിലേക്ക് എത്തിക്കാണുന്നത് അപൂര്‍വ്വമാണ്. രോഗത്തിന്റെ ഭാഗമായി വരുന്ന ലക്ഷണങ്ങള്‍ ഗൗരവമാണെങ്കില്‍ അതിന് തക്ക ചികിത്സ മാത്രം അവര്‍ക്ക് നല്‍കിയാല്‍ മതിയാകും. അനാവശ്യമായ ആശങ്ക കുട്ടികള്‍ക്കോ, മാതാപിതാക്കള്‍ക്കോ ഇക്കാര്യത്തില്‍ വേണ്ട...'- ദില്ലി എയിംസ് ഡയറക്ടറും കൊവിഡ് 19 രോഗവുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ നടത്തിവരികയും ചെയ്യുന്ന ഡോ. രണ്‍ദീപ് ഗുലേരിയ പറയുന്നു. 

കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കേണ്ടതിന്റെ പ്രാധാന്യം വിദഗ്ധരെല്ലാം തന്നെ ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്നുണ്ട്. വാക്‌സിന്‍ നല്‍കും മുമ്പ് ആവശ്യമെങ്കില്‍ കുട്ടികളെ പീഡിയാട്രീഷ്യനെ കാണിക്കാം. വാക്‌സിന് മുമ്പ് അവര്‍ക്ക് മരുന്നുകളോ ഗുളികകളോ ഒന്നും നല്‍കേണ്ടതില്ല. എന്നാല്‍ വാക്‌സിന് ശേഷം പനിയോ മറ്റോ അനുഭവപ്പെട്ടാല്‍ പാരസെറ്റമോള്‍ പോലുള്ള ( കുട്ടികള്‍ക്ക് നല്‍കാവുന്നത്) പരിഹാരങ്ങള്‍ തേടാം. 

സ്‌കൂള്‍ തുറക്കുന്നതിന് മുമ്പായി തന്നെ 70 മുതല്‍ 90 ശതമാനം വരെയും ഉള്ള കുട്ടികള്‍ക്ക് പലരീതിയില്‍ കൊവിഡ് 19 പിടിപെട്ടിരിക്കാം എന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. അതുകൊണ്ട് തന്നെ സ്‌കൂള്‍ ഒരു പ്രധാന രോഗവ്യാപന കേന്ദ്രമായി കണക്കാക്കേണ്ടതില്ലെന്നാണ് ഇവര്‍ പറയുന്നത്. കൊവിഡ ബാധിച്ച കുട്ടിയാണെങ്കില്‍ മൂന്ന് മാസത്തിന് ശേഷം മാത്രമേ വാക്‌സിന്‍ നല്‍കാവൂ. ഇക്കാര്യവും മാതാപിതാക്കള്‍ പ്രത്യേകം ഓര്‍മ്മിക്കുക.

Also Read:- കൊവിഡ് 19 തൊണ്ടവേദനയും അല്ലാതെ പിടിപെടുന്നതും എങ്ങനെ തിരിച്ചറിയാം?

click me!