Asianet News MalayalamAsianet News Malayalam

Covid 19 Sore Throat : കൊവിഡ് 19 തൊണ്ടവേദനയും അല്ലാതെ പിടിപെടുന്നതും എങ്ങനെ തിരിച്ചറിയാം?

2021ല്‍ നടന്നൊരു സര്‍വേ പ്രകാരം കൊവിഡ് പിടിപെട്ടുകഴിയുമ്പോള്‍ രോഗിയില്‍ ഏറ്റവുമാദ്യം പ്രകടമാകുന്നൊരു ലക്ഷണമാണ് തൊണ്ടവേദന. മറ്റുള്ള ലക്ഷണങ്ങളെല്ലാം പുറത്തുവരും മുമ്പ് തന്നെ തലപൊക്കിത്തുടങ്ങുന്ന ബുദ്ധിമുട്ട്. ഇതോടെ തന്നെ രോഗിക്ക് സ്വയം നിരീക്ഷണത്തിലാകാന്‍ സാധിക്കും.
 

can covid 19 sore throat and other kind of sore throat differentiate
Author
Trivandrum, First Published Apr 16, 2022, 6:44 PM IST

കൊവിഡ് 19മായുള്ള നമ്മുടെ ( Covid 19 Disease ) പോരാട്ടം തുടര്‍ന്നുകൊണ്ടിരിക്കുക തന്നെയാണ്. ആദ്യഘട്ടത്തേതില്‍ നിന്ന് വ്യത്യസ്തമായി പിന്നീട് കൊവിഡ് വാക്‌സിന്‍ ( Covid Vaccine ) ഏറെ ആശ്വാസം പകര്‍ന്നുവെങ്കില്‍ കൂടിയും ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് ( Virus Mutants ) പലപ്പോഴും വലിയ വെല്ലുവിളികളുയര്‍ത്തി. ഓരോ വകഭേദം വരുമ്പോഴും അതുണ്ടാക്കുന്ന കൊവിഡിലുള്ള സവിശേഷതകളെ കുറിച്ചും ഗവേഷകര്‍ മനസിലാക്കുകയും അവ പങ്കുവയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. 

രോഗവ്യാപനത്തിന്റെ കാര്യത്തില്‍ തന്നെയാണ് മിക്കപ്പോഴും ഓരോ വകഭേദങ്ങളും വ്യത്യാസപ്പെട്ടിരിക്കാറ്. രോഗവ്യാപനത്തിന്റെ വേഗത ഓരോ പുതിയ വകഭേദത്തിലും കൂടിത്തന്നെയാണ് വരാറ്. എന്നാല്‍ രോഗതീവ്രത മാറിയും മറിഞ്ഞും വരാറുണ്ട്. 

അതേസമയം ലക്ഷണങ്ങളുടെ കാര്യത്തിലാണെങ്കില്‍ ഓരോ വകഭേദത്തിനും പ്രത്യേകതകള്‍ ഉണ്ടാകാറുണ്ട്. ഡെല്‍റ്റയില്‍ നിന്ന് അല്‍പം വ്യത്യാസങ്ങളോടെയാണ് ഒമിക്രോണില്‍ ലക്ഷണങ്ങള്‍ കണ്ടിരുന്നത്. ഒമിക്രോണിന്റെ ഉപവകഭേദങ്ങളെത്തിയപ്പോള്‍ അതില്‍ വീണ്ടും ലക്ഷണങ്ങളില്‍ വ്യതിയാനങ്ങള്‍ വന്നു. 

ഇതിന് ശേഷം വന്ന എക്‌സ്-ഇ പോലുള്ള വകഭേദങ്ങളിലും ലക്ഷണങ്ങളുടെ കാര്യത്തില്‍ വ്യതിയാനങ്ങളുണ്ട്. എന്നാല്‍ ചില ലക്ഷണങ്ങള്‍ പൊതുവെ കൊവിഡിന്റെ ലക്ഷണങ്ങളായി നിലനില്‍ക്കുന്നത് തന്നെയാണ്. തൊണ്ടുവേദന അത്തരത്തിലൊരു ലക്ഷണമാണ്. പക്ഷേ സീസണല്‍ ആയി വരുന്ന ജലദോഷത്തിന്റെ ഭാഗമായുണ്ടാകുന്ന തൊണ്ടവേദനയും, മറ്റ് അലര്‍ജി- അണുബാധ എന്നിവയുടെയെല്ലാം ഭാഗമായി വരുന്ന തൊണ്ടവേദനയും കൊവിഡ് തൊണ്ടവേദനയും എങ്ങനെ തിരിച്ചറിയാം? 

സത്യത്തില്‍ ഇവ തമ്മില്‍ തിരിച്ചറിയുക എളുപ്പമല്ലെന്നാണ് വിദഗ്ധര്‍ തന്നെ വ്യക്തമാക്കുന്നത്. തൊണ്ട 'ഡ്രൈ' ആവുക, വേദന അനുഭവപ്പെടുക, സംസാരിക്കുമ്പോഴും വെള്ളമോ ഉമിനീരോ ഭക്ഷണമോ എല്ലാം ഇറക്കുമ്പോഴും അസ്വസ്ഥത, തൊണ്ടയില്‍ ഭാരം അനുഭവപ്പെടുക തുടങ്ങിയവയെല്ലാം തൊണ്ടവേദനയുടെ വിവിധ വിഷമതകളാണ്. 

ഇത്തരം പ്രശ്‌നങ്ങളെല്ലാം തന്നെ കൊവിഡ് തൊണ്ടവേദനയിലും അല്ലാത്തവയിലും സമാനമാണ്. ഒപ്പം തന്നെ പനി, മൂക്കൊലിപ്പ്, ചുമ, തുമ്മല്‍ എന്നിവയെല്ലാം വൈറല്‍ അണുബാധകളില്‍ സഹജമാണ്. അതിനാല്‍ തന്നെ ഇവയൊന്നും വച്ച് കൊവിഡിനെയും അല്ലാത്ത അസുഖങ്ങളെയും തിരിച്ചറിയുക സാധ്യമല്ല. 

എന്നാല്‍ ചില ഘടകങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ ഒരുപക്ഷേ കൊവിഡിനെ തിരിച്ചറിയാന്‍ സാധിക്കും. അതിലൊരു ഘടകം തീര്‍ച്ചയായും രോഗവ്യാപനം തന്നെയാണ്. ഒരാളില്‍ നിന്ന് ഈ അസുഖലക്ഷണങ്ങള്‍ എത്ര പെട്ടെന്നാണ് മറ്റുള്ളവരില്‍ കാണുന്നത് എന്നതിന് അനുസരിച്ച് കൊവിഡ് ഉറപ്പിക്കാം. അതായത്, കൊവിഡ് ആണെങ്കില്‍ വളരെ പെട്ടെന്ന് തന്നെ ഇത് സമ്പര്‍ക്കത്തിലുള്ളവര്‍ക്കും പിടിപെടാം. മറ്റ് ഏത് അണുബാധയെക്കാളും വേഗത്തിലായിരിക്കും കൊവിഡില്‍ രോഗവ്യാപനമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

അതുപോലെ ചില ലക്ഷണങ്ങള്‍ കൊവിഡില്‍ പ്രകടമായി വരാം. ശ്വാസതടസം, ഗന്ധമോ രുചിയോ നഷ്ടമാകുന്ന അവസ്ഥ എന്നിവയെല്ലാം അത്തരം ലക്ഷണങ്ങളാണ്. അതേസമയം ഒമിക്രോണില്‍ അധികമായി കാണുന്ന തലവേദന, ഓക്കാനം പോലുള്ള ലക്ഷണങ്ങള്‍ വച്ച് കൊവിഡിനെ തിരിച്ചറിയുക സാധ്യമല്ല. കാരണം ഇവയെല്ലാം വൈറല്‍ അണുബാധകളുടെ സാധാരണ ലക്ഷണങ്ങളില്‍ പെട്ടവയാണ്. 

2021ല്‍ നടന്നൊരു സര്‍വേ പ്രകാരം കൊവിഡ് പിടിപെട്ടുകഴിയുമ്പോള്‍ രോഗിയില്‍ ഏറ്റവുമാദ്യം പ്രകടമാകുന്നൊരു ലക്ഷണമാണ് തൊണ്ടവേദന. മറ്റുള്ള ലക്ഷണങ്ങളെല്ലാം പുറത്തുവരും മുമ്പ് തന്നെ തലപൊക്കിത്തുടങ്ങുന്ന ബുദ്ധിമുട്ട്. ഇതോടെ തന്നെ രോഗിക്ക് സ്വയം നിരീക്ഷണത്തിലാകാന്‍ സാധിക്കും. രോഗബാധയുടെ ആദ്യ ആഴ്ചയ്ക്ക് ശേഷം, വിശേഷിച്ച് അഞ്ച് ദിവസത്തിന് ശേഷം കൊവിഡ് തൊണ്ടവദനയ്ക്ക് ആശ്വാസമുണ്ടാകേണ്ടതാണ്. എന്നാല്‍ ചിലരില്‍ ഇത് ദീവസങ്ങളോളം നീണ്ടുനില്‍ക്കുന്നുണ്ട്. അത്തരം സാഹചര്യങ്ങളില്‍ വീട്ടില്‍ തന്നെ ചികിത്സ നടത്താന്‍ മെനക്കെടാതെ, ആശുപത്രിയിലെത്തി ഡോക്ടറെ കണ്ട് ചികിത്സയെടുക്കേണ്ടത് നിര്‍ബന്ധമാണ്. 

ഇനി കൊവിഡിന്റെ നിലവില്‍ കാണപ്പെടുന്ന ഒരു സംഘം ലക്ഷണങ്ങള്‍ കൂടി ഒന്ന് പരിശോധിക്കാം. തൊണ്ടവേദനയ്‌ക്കൊപ്പം ഇവ കൂടി കാണുകയാണെങ്കില്‍ കൊവിഡ് പരിശോധന നടത്തുന്നതാണ് ഉചിതം. പനിയും കുളിരും, ചുമ, തളര്‍ച്ച, ശരീരവേദന, തലവേദന, ഗന്ധവും രുചിയും നഷ്ടമാകുന്ന അവസ്ഥ, ശ്വാസതടസം, മൂക്കടപ്പ്, ഓക്കാനം, വയറിളക്കം എന്നിവയാണ് പൊതുവായി കാണപ്പെടുന്ന ലക്ഷണങ്ങള്‍.

Also Read:- ഒന്ന് ഊതിയാൽ മതി, കൊവി‍ഡ് ആണോ എന്നറിയാം

Follow Us:
Download App:
  • android
  • ios