
വ്യാജ ഡോക്ടര്‍മാരെ ( Fake Doctor ) കുറിച്ചുള്ള ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പലപ്പോഴും നാം കാണാറുണ്ട്. ഇത്തരത്തില്‍ വ്യാജ ഡോക്ടര്‍മാരുടെ വലയില്‍ പെട്ട് ജീവന്‍ തന്നെ നഷ്ടമായവര്‍ നിരവധിയാണ്. ജീവിതം നഷ്ടമായവരും ഇക്കൂത്തില്‍ അനേകം പേരുണ്ടാകാം.
എന്തായാലും ഇങ്ങനെയുള്ള വിപത്തുകളെ ചെറുക്കുകയെന്നത് സമൂഹത്തിന്റെ ആകെ തന്നെ ധാര്‍മ്മികമായ ബാധ്യതയാണ്. ഇപ്പോഴിതാ മദ്ധ്യപ്രദേശിലെ ഖന്ദ്വയില്‍ നിന്ന് പുറത്തുവന്നിരിക്കുന്നൊരു വാര്‍ത്ത നോക്കൂ.
തെറ്റായി ഇന്‍ജെക്ഷന്‍ നല്‍കിയതിനെ തുടര്‍ന്ന് രോഗി തന്നെ മരിച്ചുപോയി എന്നതാണ് വാര്‍ത്ത. ദീപക് വിശ്വകര്‍മ്മ എന്ന ഹോമിയോ ഡോക്ടറാണ് സംഭവത്തില്‍ പ്രതി. ഹോമിയോ ഡോക്ടറായ ഇയാള്‍ പലപ്പോഴും രോഗികള്‍ക്ക് അലോപ്പതി മരുന്നുകളാണേ്രത നല്‍കിവന്നിരുന്നത്.
ഹോമിയോയും അലോപ്പതിയും തികച്ചും രണ്ട് ചികിത്സാരീതിയാണെന്നിരിക്കെ, അറിവില്ലാതെ ഇവ പരസ്പരം കൂട്ടിക്കുഴച്ച് പ്രയോഗിച്ചാല്‍ അത് രോഗികളുടെ ജീവനെടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അത്തരമൊരു സംഭവം തന്നെയാണ് ഖന്ദ്വയിലുണ്ടായിരിക്കുന്നത്.
മരിച്ച രോഗിയുടെ വിശദാംശങ്ങള്‍ ഇപ്പോള്‍ ലഭ്യമില്ല. ഇയാള്‍ എന്ത് രോഗത്തിനാണ് ചികിത്സ തേടിയെത്തിയതെന്നും അറിവില്ല. എന്നാല്‍ തെറ്റായ ഇന്‍ജെക്ഷനാണ് ദീപക് രോഗിക്ക് നല്‍കിയതെന്നും തുടര്‍ന്ന് അണുബാധയുണ്ടാവുകയും രോഗി മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നും പൊലീസ് അറിയിക്കുന്നു. സംഭവത്തില്‍ രോഖാമൂലം പരാതി ലഭിച്ചതോടെയാണ് പൊലീസ് ഇടപെട്ടത്.
ദീപകിനെ അറസ്റ്റ് ചെയ്ത് ഇയാള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുകയും ഇയാളുടെ ക്ലിനിക് സീല്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മുമ്പും ആര്‍ക്കെങ്കിലും ഇയാളുടെ ചികിത്സാപിഴവ് മൂലം അപതടം സംഭവിച്ചിട്ടുണ്ടോയെന്നത് അടക്കമുള്ള കാര്യങ്ങളും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam