പലപ്പോഴും രോഗിയുടെ ജീവന്‍ വച്ച് പോലുമാണ് ഇവര്‍ കളിക്കുന്നത്. സാമ്പത്തികമായ വെട്ടിപ്പ് അല്ലെങ്കില്‍ പിന്നെ ലൈംഗികമായ ചൂഷണമാണ് ഇവരുടെ ലക്ഷ്യം

നിയമങ്ങള്‍ എത്ര മുറുക്കിയാലും അതിനും അപ്പുറത്ത് സൈ്വര്യമായി വിലസുന്ന കുറ്റവാളികളുണ്ട്. ഇങ്ങനെ വിശേഷിപ്പിക്കാവുന്നൊരു വിഭാഗമാണ് വ്യാജ ഡോക്ടര്‍മാര്‍ ( Fake Doctor ). ബിരുദവും ബിരുദാനന്തര ബിരുദവുമെല്ലാം കയ്യിലുണ്ടെന്ന് കാണിച്ച്, ഇതിന് വ്യാജ സര്‍ട്ഫിക്കറ്റുകളടക്കമുള്ള രേഖകളും ഒപ്പിച്ച് സാധാരണക്കാരായ എത്രയോ പേരെയാണ് ഇത്തരക്കാര്‍ ദിനംപ്രതി ( Cheating Case ) വഞ്ചിക്കുന്നത്. 

പലപ്പോഴും രോഗിയുടെ ജീവന്‍ വച്ച് പോലുമാണ് ഇവര്‍ കളിക്കുന്നത്. സാമ്പത്തികമായ വെട്ടിപ്പ് അല്ലെങ്കില്‍ പിന്നെ ലൈംഗികമായ ചൂഷണമാണ് ഇവരുടെ ലക്ഷ്യം. 

ഇങ്ങനെയുള്ള സംഭവങ്ങള്‍ കണ്ടെത്തപ്പെട്ടാല്‍ നിയമപരമായ നടപടികളുണ്ടാകുമെന്ന് ഇവര്‍ക്കെല്ലാം നേരത്തേ അറിയാം. എങ്കില്‍പ്പോലും നിയമത്തിന്റെ കണ്ണ് വെട്ടിച്ച് തട്ടിപ്പ് നടത്താന്‍ ഇവര്‍ ധൈര്യപ്പെടുന്നുവെന്നതാണ് സത്യം. 

സമാനമായൊരു വാര്‍ത്തയാണ് ഇറ്റലിയില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്. ഗൈനക്കോളജിസ്റ്റാണെന്ന് അവകാശപ്പെട്ട് നാന്നൂറിലധികം സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ച ഒരാള്‍ പൊലീസ് പിടിയിലായിരിക്കുകയാണിപ്പോള്‍. ഇരകളാക്കപ്പെട്ട സ്ത്രീകളില്‍ നിന്ന് തന്നെ ചിലര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. 

നാല്‍പതുകാരനായ ഇയാള്‍ ഗൈനക്കോളജിസ്റ്റാണെന്നാണ് അവകാശപ്പെട്ടിരുന്നത്. ഇതിനായി വ്യാജരേഖകളും മറ്റും സൂക്ഷിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ശേഷം ഗൈനക് പ്രശ്‌നങ്ങളുമായി ബന്ധപ്പെടുന്ന സ്ത്രീകള്‍ക്ക് ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് അപ്പോയിന്‍മെന്റ് നല്‍കും. 

തുടര്‍ന്ന് വെബ് കാമിലൂടെ ശരീരഭാഗങ്ങള്‍ പരിശോധിക്കാനാണെന്ന വ്യാജേന ലൈംഗികമായി ചൂഷണം ചെയ്യുകയാണ് പതിവ്. ചിലരോട് വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് കൂടുതലായി ചോദ്യങ്ങള്‍ ചോദിച്ചതും, കൂടിക്കാഴ്ചയ്ക്ക് നിര്‍ബന്ധിച്ചതുമാണ് ഇയാള്‍ക്കെതിരെ ഇവരില്‍ സംശയം ജനിപ്പിച്ചത്. അങ്ങനെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. 

ഇത്രയധികം സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടും ഇയാള്‍ ഇതുവരെ പിടിക്കപ്പെട്ടില്ലെന്നത് ഭയപ്പെടുത്തുന്ന കാര്യം തന്നെയാണ്. പൊലീസ് പരിശോധനയില്‍ പ്രതിയുടെ വീട്ടില്‍ നിന്ന് സ്മാര്‍ട് ഫോണുകളും മെമ്മറി കാര്‍ഡുകളുമെല്ലാം കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. 

Also Read:- 'സിഫിലിസ്' എന്ന ലൈംഗിക രോഗം; പ്രധാനപ്പെട്ട ലക്ഷണങ്ങൾ