വെളുക്കാൻ ക്രീം തേച്ച് വൃക്കരോഗം; എന്താണ് 'നെഫ്രോട്ടിക് സിൻഡ്രോം'?

Published : Oct 06, 2023, 11:33 AM IST
വെളുക്കാൻ ക്രീം തേച്ച് വൃക്കരോഗം; എന്താണ് 'നെഫ്രോട്ടിക് സിൻഡ്രോം'?

Synopsis

'നെഫ്രോട്ടിക് സിൻഡ്രോം' എന്ന വൃക്കരോഗമാണ് ക്രീം പതിവായി ഉപയോഗിച്ചവരെ ബാധിച്ചതെന്ന് വ്യക്തമായി. അപ്പോഴും എന്താണ്  'നെഫ്രോട്ടിക് സിൻഡ്രോം' എന്ന് മിക്കവര്‍ക്കും അറിയില്ല.

വെളുക്കാൻ വേണ്ടി ക്രീം വാങ്ങി തേച്ചതിനെ തുടര്‍ന്ന് വൃക്ക രോഗം ബാധിച്ച സംഭവം ഏറെ ഞെട്ടലോടെയും ആശങ്കയോടെയുമാണ് നാം കേട്ടത്. മലപ്പുറത്താണ് സംഭവം നടന്നത്. പത്തിലധികം പേര്‍ക്കാണ് ക്രീമിന്‍റെ പതിവായ ഉപയോഗത്തെ തുടര്‍ന്ന് വൃക്കരോഗം പിടിപെട്ടത്. ഇവരില്‍ പതിനാല് വയസുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമല്ലാത്ത രീതിയിലാണ് തുടരുന്നത്. 

ദിവസങ്ങള്‍ക്ക് മുമ്പ് ഈ വാര്‍ത്ത പുറത്തുവന്നപ്പോള്‍ അവ്യക്തതകളായിരുന്നു എങ്ങുമുണ്ടായിരുന്നത്. എങ്ങനെയാണ് മുഖത്ത് തേക്കുന്നൊരു ക്രീം വൃക്കരോഗമുണ്ടാക്കുന്നത്, എങ്ങനെയാണ് ഒരു ക്രീം ഇത്രയധികം ജീവന് ഭീഷണിയാകുന്നത് എന്നുതുടങ്ങിയ സംശയങ്ങളെല്ലാം ധാരാളം പേര്‍ പങ്കുവച്ചു. 

പിന്നീടാണ് ഇതിന്‍റെ വിശദാംശങ്ങളോരോന്നായി വന്നത്. 'നെഫ്രോട്ടിക് സിൻഡ്രോം' എന്ന വൃക്കരോഗമാണ് ക്രീം പതിവായി ഉപയോഗിച്ചവരെ ബാധിച്ചതെന്ന് വ്യക്തമായി. അപ്പോഴും എന്താണ്  'നെഫ്രോട്ടിക് സിൻഡ്രോം' എന്ന് മിക്കവര്‍ക്കും അറിയില്ല. നമ്മളങ്ങനെ സാധാരണഗതിയില്‍ കേട്ടിട്ടുള്ള, അല്ലെങ്കില്‍ കേള്‍ക്കാറുള്ള രോഗങ്ങളില്‍ പെട്ടതല്ല ഇത്. 

എന്താണ്  'നെഫ്രോട്ടിക് സിൻഡ്രോം'?

ക്രീമില്‍ അധികമായി അടങ്ങിയിരുന്ന ചില ധാതുക്കള്‍- കെമിക്കലുകള്‍ ആണ് തിരിച്ചടിയായത്. നമുക്കറിയാം, നമ്മുടെ ശരീരത്തിലേക്ക് ഭക്ഷണത്തിലൂടെയും അല്ലാതെയുമെല്ലാം പല ധാതുക്കളും കെമിക്കലുകളുമെല്ലാം എത്തുന്നുണ്ട്. ഇവയില്‍ പലതും നമ്മുടെ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമാണ്. എന്നാല്‍ ആവശ്യത്തിലധികം വരുന്നവ ശരീരം പുറന്തള്ളുകയാണ് ചെയ്യാറ്. ഈ ജോലി ചെയ്യുന്നത് വൃക്കയാണ്. 

ഒരു അരിപ്പ പോലെയാണ് വൃക്ക പ്രവര്‍ത്തിക്കുന്നത്. ഇവിടെയിപ്പോള്‍ ക്രീമിലൂടെ പല ഘടകങ്ങളും ശരീരത്തിലേക്ക് അമിതമായെത്തിയപ്പോള്‍ ഇതിനെ അരിച്ചുകളയുന്ന ജോലി വൃക്കയ്ക്ക് ഭാരമായി വന്നു. ഇതിന് പിന്നാലെ വൃക്കയിലെ ചെറിയ രക്തക്കുഴലുകള്‍ക്ക് കേടുപാട് പറ്റി. ഈയൊരു അവസ്ഥയാണ് 'നെഫ്രോട്ടിക് സിൻഡ്രോം'. അതായത് വൃക്കയിലെ ചെറിയ രക്തക്കുഴലുകള്‍ക്ക് കേടുപാട് പറ്റുന്ന അവസ്ഥയെന്ന് ലളിതമാക്കി പറയാം. ഇതുമൂലം കൂടുതല്‍ പ്രോട്ടീൻ മൂത്രത്തില്‍ കലരുന്ന അവസ്ഥയുമുണ്ടാകുന്നു. 

ലക്ഷണങ്ങള്‍...

 'നെഫ്രോട്ടിക് സിൻഡ്രോം' ലക്ഷണങ്ങളിലൂടെ മനസിലാക്കാൻ സാധിക്കുന്നതാണ്. ശരീരത്തില്‍ അവിടവിടെ നീര് കെട്ടുന്നതാണ് ഒരു പ്രധാന ലക്ഷണം. പ്രത്യേകിച്ച് കണ്ണിന് ചുറ്റും, മുട്ടിലും കാല്‍പാദങ്ങളിലും. 

മൂത്രം അമിതമായി പത വന്നതുപോലെ കാണപ്പെടാം. ഇത് നേരത്തേ സൂചിപ്പിച്ചത് പോലെ പ്രോട്ടീൻ അധികമായി കലരുന്നത് മൂലം സംഭവിക്കുന്നതാണ്. ശരീരഭാരം കൂടിക്കൊണ്ടേയിരിക്കാം. ഇത് വൃക്ക നേരാംവണ്ണം പ്രവര്‍ത്തിക്കാതെ, ദ്രാവകങ്ങള്‍ പുറന്തള്ളാൻ സാധിക്കാതെ ശരീരത്തില്‍ തന്നെ അടിയുന്നത് കൊണ്ടാണുണ്ടാകുന്നത്. നീര് വരുന്നതും ഇക്കാരണം കൊണ്ടുതന്നെ. 

കാര്യമായ ക്ഷീണവും അതോടൊപ്പം തന്നെ വിശപ്പില്ലായ്മയും അനുഭവപ്പെടും. രോഗം ബാധിച്ച് ഇത്രയും ലക്ഷണങ്ങള്‍ കാണുന്നുവെങ്കില്‍ തന്നെ അവസ്ഥ മോശമായിത്തുടങ്ങുന്നു എന്നാണ് സൂചന. 

ചികിത്സയും വെല്ലുവിളിയും...

വൃക്കയുടെ പ്രവര്‍ത്തനം അവതാളത്തിലാകുന്നത് തന്നെ വലിയ പ്രതിസന്ധി. ഇതിന് പുറമെ ബിപി (രക്തസമ്മര്‍ദ്ദം), കൊളസ്ട്രോള്‍ എന്നിവ കൂടാനും, രക്തം കട്ടയായി ബ്ലോക്കുണ്ടാകാനും, വിവിധ അണുബാധകള്‍ പിടിപെടാനുമെല്ലാം  'നെഫ്രോട്ടിക് സിൻഡ്രോം' കാരണമാകാം. എല്ലാം ജീവന് ഭീഷണി തന്നെ. 

എന്തുകൊണ്ടാണോ രോഗം പിടിപെട്ടത് എന്ന് മനസിലാക്കി ഈ കാരണത്തിന് പരിഹാരം കാണലാണ് പ്രധാന ചികിത്സ. മരുന്ന് അടക്കമുള്ള ചികിത്സ ലഭ്യമാണ്. വളരെ കൃത്യമായി ചികിത്സ പിന്തുടരുകയും ഡോക്ടര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം.

Also Read:- വെള്ളത്തോട് അലര്‍ജി; വെള്ളം തട്ടിയാല്‍ ചൊറിച്ചിലും ചിലപ്പോള്‍ രക്തസ്രാവവും- അപൂര്‍വരോഗം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

 

PREV
click me!

Recommended Stories

Health Tips: വിറ്റാമിന്‍ 'എ'യുടെ കുറവ്; ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ തിരിച്ചറിയാം
കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍