സ്ഥിരമായി മദ്യപിക്കാറുണ്ടോ? ശ്രദ്ധിക്കാം ഈ ലക്ഷണങ്ങളെ...

Web Desk   | others
Published : Oct 23, 2021, 10:52 PM IST
സ്ഥിരമായി മദ്യപിക്കാറുണ്ടോ? ശ്രദ്ധിക്കാം ഈ ലക്ഷണങ്ങളെ...

Synopsis

അമിത മദ്യപാനവും, ദീര്‍ഘകാലമായുള്ള മദ്യപാനവും പ്രധാനമായും ബാധിക്കുന്നത് കരളിന്റെ ആരോഗ്യത്തിനെയാണ്. 'ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍' (കരള്‍വീക്കം), 'ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ്', ' ആല്‍ക്കഹോളിക് സിറോസിസ്' എന്നിങ്ങനെ മൂന്ന് ഗുരുതരമായ അവസ്ഥയിലേക്കാണ് മദ്യപാനം കരളിനെ എത്തിക്കുക

മദ്യപാനം പതിവാക്കിയ ധാരാളം പേര്‍ നമുക്കിടയിലുണ്ട്. ഇത് ചെറുതും വലുതുമായ അനവധി ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് നമുക്കെല്ലാം അറിയാം. എങ്കില്‍പോലും മദ്യത്തിന് അടിമകളായി തുടരുന്നവര്‍ ഏറെയാണ്. 

അമിത മദ്യപാനവും, ദീര്‍ഘകാലമായുള്ള മദ്യപാനവും പ്രധാനമായും ബാധിക്കുന്നത് കരളിന്റെ ആരോഗ്യത്തിനെയാണ്. 'ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍' (കരള്‍വീക്കം), 'ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ്', ' ആല്‍ക്കഹോളിക് സിറോസിസ്' എന്നിങ്ങനെ മൂന്ന് ഗുരുതരമായ അവസ്ഥയിലേക്കാണ് മദ്യപാനം കരളിനെ എത്തിക്കുക. 

ജീവന് പോലും വെല്ലുവിളിയാകുന്ന അവസ്ഥകളാണ് ഇത് മൂന്നും. പലപ്പോഴും നേരത്തേ തന്നെ ഈ രോഗങ്ങളെ തിരിച്ചറിയാതെ ചികിത്സയെടുക്കാന്‍ വൈകുന്നതും മദ്യപാനം നിര്‍ത്താതിരിക്കുന്നതും രോഗത്തെ ഇരട്ടിവേഗത്തില്‍ തീവ്രമാക്കുകയും അത് രോഗിയുടെ ജീവനെടുക്കുകയും ചെയ്യുന്നു. 

അതിനാല്‍ തന്നെ മദ്യപാനം കരളിനെ ബാധിക്കുന്നുവെന്നതിന്റെ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കല്‍ പ്രധാനമാണ്. അത്തരത്തില്‍ കരളിനെ മദ്യം പ്രതികൂലമായി ബാധിക്കുന്നതിന്റെ ചില ലക്ഷണങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

മദ്യം കരളിനെ ദോഷകരമായി ബാധിച്ചുതുടങ്ങിയിരിക്കുന്നു എന്നതിന്റെ ഒരു സൂചനയാണ് അസഹനീയമായ ക്ഷീണം. 

 


നിത്യജീവിതത്തില്‍ ചെയ്തുതീര്‍ക്കേണ്ടതായ കാര്യങ്ങളൊന്നും ചെയ്യാനാകാത്ത വിധം ഊര്‍ജ്ജമില്ലായ്മ അനുഭവപ്പെടാം. 

രണ്ട്...

കാര്യമായ വിശപ്പില്ലായ്മയാണ് മറ്റൊരു സൂചന. ഭക്ഷണം കഴിക്കാനെടുക്കുമ്പോള്‍ ഓക്കാനം തോന്നുക, ഭക്ഷണത്തോട് വിരക്തി തോന്നുക എന്നിവയെല്ലാം മദ്യം കരളിനെ ബാധിച്ചുതുടങ്ങുന്നു എന്നതിന്റെ ലക്ഷണമാകാം. ഇതിനൊപ്പം തന്നെ പോഷകാഹാരക്കുറവ് മൂലമുള്ള ബുദ്ധിമുട്ടുകളും അനുഭവപ്പെടാം.

മൂന്ന്...

'ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസി'ന്റെ ഭാഗമായി ഇടവിട്ട് ഛര്‍ദ്ദിയും ഓക്കാനവും വരാം. ഇതിനൊപ്പം വയറുവേദനയും വയറ്റില്‍ അസ്വസ്ഥതയും അനുഭവപ്പെടാം. ഇടവിട്ടുള്ള പനിക്കും സാധ്യതയുണ്ട്. 

നാല്...

വിശപ്പില്ലായ്മയും ഭക്ഷണത്തോടുള്ള വിരക്തിയും മൂലം ശരീരഭാരം കാര്യമായി കുറയുന്ന അവസ്ഥയുണ്ടാകാം. ഇതും കരള്‍ അപകടത്തിലാണെന്ന് വിളിച്ചറിയിക്കുന്ന സൂചനയാകാം. 'ബാലന്‍സ്ഡ്' ഡയറ്റും നല്ല ജീവിതരീതിയുമാണ് കരളിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താന്‍ അവലംബിക്കേണ്ടത്. എന്തായാലും ശരീരഭാരം നന്നായി കുറയുന്നതായി കണ്ടാല്‍ നിര്‍ബന്ധമായും പെട്ടെന്ന് തന്നെ വേണ്ട പരിശോധനകള്‍ നടത്തുക. 

അഞ്ച്...

മദ്യപാനം കരളിനെ സാരമായി ബാധിക്കുന്ന ഘട്ടത്തില്‍ കരള്‍ വീക്കം കാണപ്പെടാം. ഇത് രോഗിയെ മരണം വരെയെത്തിക്കുന്ന സിറോസിസ് എന്ന അവസ്ഥയിലേക്കാണ് എത്തിക്കുക. കരള്‍ വീക്കമുണ്ടായാല്‍ അത് പലതരം വിഷമതകളായി പുറത്തുകാണാം. 

 

 

വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ, വേദന, വിശപ്പില്ലായ്മ, അസ്വസ്ഥത തുടങ്ങി പല പ്രശ്‌നങ്ങളും പ്രകടമായി ഇതോടനുബന്ധമായി വരാം. 

മദ്യപാനം പരിപൂര്‍ണമായി ഉപേക്ഷിക്കാനാണ് ഈ ഘട്ടങ്ങളിലെല്ലാം ശ്രമിക്കേണ്ടത്. ഇതിനായി വൈദ്യസഹായം തേടേണ്ടി വന്നാല്‍ അത് മടി കൂടാതെ ചെയ്യുക. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്ന് മനസിലാക്കി, സന്തോഷപൂര്‍വം മികച്ച ജീവിതരീതികളിലേക്ക് മാറുക.

Also Read:- രാത്രി വൈകി ഉറങ്ങുന്നവരാണോ നിങ്ങൾ…? എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?