
കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിൻ മാർച്ചിൽ തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫൈസർ. സർക്കാരിന്റെ താൽപര്യം കണക്കിലെടുത്ത് വാക്‌സിൻ ഡോസുകളുടെ നിർമാണം നടന്നുവരുന്നതായി ഫൈസർ ചീഫ്. എക്സിക്യൂട്ടീവ് ഓഫീസർ ആൽബർട്ട് ബൗർല സിഎൻബിസിയോട് പറഞ്ഞു.
രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കും ഒമിക്രോൺ വകഭേദം ബാധിക്കുന്നതായാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് പുതിയ വാക്‌സിൻ മാർച്ചോടെ തയ്യാറാവുമെന്നാണ് കരുതുന്നത്. നിലവിലുള്ള രണ്ട് വാക്‌സിൻ ഷോട്ടുകളും ഒരു ബൂസ്റ്ററും ഒമിക്രോണിൽ നിന്നുള്ള ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങളിൽ നിന്ന് സംരക്ഷണം നൽകിയിട്ടുണ്ടെന്നും ആൽബർട്ട് ബൗർല പറഞ്ഞു.
പുതിയ വകഭേദമായ ഒമിക്രോൺ അതിവേഗത്തിൽ പകരുന്നതാണെന്നും വാക്സിൻ ഒമിക്രോണിനെ പ്രതിരോധിക്കുമെന്നാണ് ഞങ്ങൾ കരുതുന്നതെന്നും ബൗർല വ്യക്തമാക്കി. ഒമിക്രോൺ വകഭേദം അതിവേഗത്തിൽ വ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ആർജിത പ്രതിരോധശേഷി കൂടുതലുള്ള രാജ്യങ്ങളിൽ അടക്കം ഒമിക്രോൺ അതിവേഗം പടരുന്നു. എന്നാൽ ഇതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
രോഗപ്രതിരോധശേഷിയെ മറികടക്കാനുള്ള വൈറസിന്റെ കഴിവാണോ വർധിച്ച വ്യാപന ശേഷിയാണോ അതോ ഇവ രണ്ടും ചേർന്നതാണോ ഇതിന് പിന്നിലെന്ന് ഉറപ്പാക്കാനായിട്ടില്ല. വൈറസിന്റെ തീവ്രത സംബന്ധിച്ചും വാക്സിന്റെ ഫലപ്രാപ്തി സംബന്ധിച്ചും വ്യക്തമാകാൻ ഇനിയും സമയം വേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.
Read more : ഒമിക്രോൺ വന്ന് ഭേദമായ പലരെയും അലട്ടുന്ന ഒരു ആരോഗ്യപ്രശ്നം ഇതാണ് ; വിദഗ്ധർ പറയുന്നു