ഗര്‍ഭിണികള്‍ ചെറിയ അളവില്‍ കോഫി കുടിക്കുന്നത് ആരോഗ്യകരമെന്ന് പുതിയ പഠനം

By Web TeamFirst Published Nov 24, 2021, 11:24 AM IST
Highlights

യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വേനിയ സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ജാമാ നെറ്റ് വര്‍ക്ക് ഓപ്പണ്‍ ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്. 

ഗർഭകാലത്ത് കോഫി (coffee) അല്ലെങ്കില്‍ കാപ്പി കുടിക്കുന്ന ശീലം ഒഴിവാക്കണമെന്നാണ് പൊതുവേ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഗര്‍ഭിണികള്‍ (Pregnant women) ചെറിയ അളവില്‍ കോഫി കുടിക്കുന്നത് ആരോഗ്യകരമെന്നാണ് പുതിയൊരു പഠനം പറയുന്നത്. യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വേനിയയിലെ  (university of pennsylvania) ഗവേഷകര്‍ (Researchers) നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 

2009നും 2013നും ഇടയില്‍ 2529 ഗര്‍ഭിണികളിലാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്. ഗര്‍ഭകാലത്തിന്‍റെ 10 മുതല്‍ 13 ആഴ്ച കാലയളവില്‍ കഴിക്കുന്ന കഫൈനടങ്ങിയ കാപ്പി, ചായ, സോഡ, എനര്‍ജി ഡ്രിങ്കുകള്‍ തുടങ്ങിയവയുടെ അളവ് റിപ്പോര്‍ട്ട് ചെയ്യാനും ഗര്‍ഭിണികളോട് ആവശ്യപ്പെട്ടു. അങ്ങനെ പ്രതിദിനം 100 മില്ലിഗ്രാം കാപ്പി കുടിച്ചവരില്‍ ഗര്‍ഭത്തിന്‍റെ ആറ് മാസക്കാലത്ത് പ്രമേഹ സാധ്യതയില്‍ 47 ശതമാനം കുറവ് കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു. ഗര്‍ഭകാലത്ത് കാപ്പി കുടിച്ചവരും കുടിക്കാത്തവരും തമ്മില്‍ രക്തസമ്മര്‍ദം, പ്രീക്ലാംപ്സിയ എന്നിവയില്‍ പ്രകടമായ മാറ്റവും കണ്ടെത്താനായില്ല. 

അതേസമയം, നേരത്തേ കാപ്പി കുടിക്കാത്തവര്‍ ഗര്‍ഭകാല പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് വേണ്ടി ഇനി കാപ്പി കുടിച്ച് തുടങ്ങേണ്ട കാര്യമില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പെന്‍സില്‍വാനിയ സ്കൂള്‍ ഓഫ് മെഡിസിനിലെ അസിസ്റ്റന്‍റ് പ്രഫസര്‍ സ്റ്റെഫാനി ഹിങ്കിള്‍ പറയുന്നു. നേരത്തേ കാപ്പി കുടിച്ച് ശീലിച്ചവര്‍ക്ക് ചെറിയ തോതില്‍ ഗര്‍ഭകാലത്തും അത് തുടരാം എന്നാണ് പഠനം സൂചിപ്പിക്കുന്നത്. 

ജാമാ നെറ്റ് വര്‍ക്ക് ഓപ്പണ്‍ (JAMA Network Open) ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്. അതേസമയം, ഗര്‍ഭിണികള്‍ ദിവസം 200 മില്ലിഗ്രാമില്‍ അധികം കഫൈന്‍ കഴിക്കരുതെന്ന് അമേരിക്കന്‍ കോളജ് ഓഫ് ഒബസ്ട്രെട്രീഷ്യന്‍സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റ്സ് നടത്തിയ പഠനം പറയുന്നു. 

Also Read: ഗര്‍ഭകാല പ്രമേഹം; ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ചിലത്...

click me!