
ജനങ്ങളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കൊറോണ വൈറസ് കേസുകള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ സ്വയം തീരുമാനിച്ച് ഏകാന്തവാസത്തിലേര്‍പ്പെടുന്നവര്‍ ഏറെയാണ്. ഇങ്ങനെ സ്വയം 'ഐസൊലേറ്റ്' ചെയ്യുന്നതിലൂടെ രോഗം തന്നിലേക്ക് പകരുന്നതും, തന്നില്‍ നിന്ന് മറ്റൊരാള്‍ക്ക് അണുബാധയുണ്ടാകുന്നതും ഫലവത്തായി തടയാനാകും.
ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലും ആളുകള്‍ ഇതുപോലെ വീട്ടില്‍ അടച്ചിട്ട് ദിവസങ്ങളോളം തുടരുന്നുണ്ട്. അടുപ്പിച്ച് ഒരുപാട് ദിവസം വീട്ടില്‍ നില്‍ക്കുമ്പോഴാണെങ്കില്‍ മിക്കവാറും പേര്‍ക്കും മടുപ്പാണ് വലിയൊരു പ്രശ്‌നം. പാചകം ചെയ്യല്‍, തയ്യല്‍, പൂന്തോട്ട പരിപാലനം, സിനിമ കാണല്‍, വായന ഇങ്ങനെ പല ഉപാധികളിലൂടെ ഈ മടുപ്പിനെ മറികടക്കാന്‍ ശ്രമിക്കുന്നവരുണ്ട്.
എന്നാല്‍ സോഷ്യല്‍ മീഡിയ ആണ് കുറെക്കൂടി മടുപ്പകറ്റാന്‍ സഹായിക്കുന്ന ഉപാധിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. നമ്മുടെ ചിന്തകള്‍, സംശയങ്ങള്‍, ആശങ്കകള്‍ എല്ലാം മറ്റുള്ളവരുപമായി പങ്കുവയ്ക്കാം എന്നത് തന്നെയാണ് ഇതിന്റെ സുപ്രധാന സവിശേഷത.
ഇത്തരത്തില്‍ 'ക്വാരന്റൈന്‍' ദിനങ്ങളിലെ വിനോദങ്ങളെ കുറിച്ച് സിനിമാ താരങ്ങളും തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ശ്രദ്ധേയമാവുകയാണ് ബോളിവുഡിന്റെ പ്രിയ താരം പ്രീതി സിന്റയുടെ ഒരു വീഡിയോ. ഭര്‍ത്താവിനും അമ്മയ്ക്കും ഒപ്പം അമേരിക്കയിലെ ലോസ് ആഞ്ചല്‍സിലാണ് പ്രീതിയിപ്പോഴുള്ളത്.
അമ്മയുടെ തലയില്‍ എണ്ണ വച്ച് മസാജ് ചെയ്യുന്നതാണ് പ്രീതിയുടെ വീഡിയോ. നാട്ടില്‍ ഈ മസാജിനെ വിളിക്കുന്നത് 'ചംപി' എന്നാണെന്നും ഒരിക്കലൊന്ന് 'ട്രൈ' ചെയ്ത് നോക്കണമെന്നും വീഡിയോ പകര്‍ത്തുന്ന ഭര്‍ത്താവ് ജീനിനോട് പ്രീതി പറയുന്നുണ്ട്.
'ക്വാരന്റൈന്‍' ദിനങ്ങളില്‍ തല കുളിര്‍പ്പിക്കാന്‍ ഉത്തമമായ 'ടിപ്' ആണിതെന്ന് വീഡിയോ പങ്കുവയ്ക്കുന്നതിനൊപ്പം അടിക്കുറിപ്പായി പ്രീതി പറയുന്നു. ഒപ്പം തന്നെ ഈ ഘട്ടത്തേയും നമ്മള്‍ തരണം ചെയ്യുമെന്നും പ്രീതി കുറിക്കുന്നു. മുമ്പ് കൊറോണ വൈറസ് കേസുകള്‍ വ്യാപകമായ സാഹചര്യത്തില്‍ കരുതേണ്ട വിഷയങ്ങളെക്കുറിച്ച് ഒരു വീഡിയോയും പ്രീതി പങ്കുവച്ചിരുന്നു. സിനിമകളില്‍ സജീവമല്ലെങ്കില്‍പ്പോലും സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകരണമാണ് ഇപ്പോഴും പ്രീതിക്ക് ലഭിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam