
നമ്മുടെ ശരീരത്തിലെ ഓരോ അവയവത്തിനും അതിന്‍റേതായ പ്രധാന്യമുണ്ടെന്നത് ശരിയാണ്. എങ്കിലും ചില അവയവങ്ങള്‍ക്ക് നമ്മള്‍ കുറെക്കൂടി ഗൗരവവും പ്രാധാന്യവും കല്‍പിച്ച് നല്‍കിയിട്ടുണ്ട്. ഹൃദയം ഇക്കൂട്ടത്തിലുള്‍പ്പെടുന്നതാണ്. കാരണം ഹൃദയം ബാധിക്കപ്പെടുമ്പോള്‍ അത് പെട്ടെന്ന് തന്നെ ജീവന് ഭീഷണി ആവുകയാണ് ചെയ്യുന്നത്.
ഹാര്‍ട്ട് അറ്റാക്ക്, അഥവാ ഹൃദയാഘാതം, കാര്‍ഡിയാക് അറസ്റ്റ് അഥവാ ഹൃദയസ്തംഭനം പോലുള്ള വിഷയങ്ങളാണ് ഇതിലേറ്റവുമധികം പേരും ഭയക്കുന്നത്. പല തരത്തിലുള്ള ഹൃദ്രോങ്ങള്‍ മറഞ്ഞിരിക്കുന്നതാണ് ഒരു വിഭാഗം പേരില്‍ പിന്നീട് ഹൃദയാഘാതമോ ഹൃദയസ്തംഭനമോ ഉണ്ടാകുന്നതിലേക്ക് നയിക്കുന്നത്. അതുപോലെനിതകഘടകങ്ങള്‍ അഥവാ പാരമ്പര്യം, ജീവിതരീതികള്‍, പരിക്കുകള്‍ എല്ലാം ഹൃദയാരോഗ്യത്തെ സ്വാധീനിക്കാറും ബാധിക്കാറുമുണ്ട്.
എന്തായാലും ഹൃദ്രോഗങ്ങളെയോ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രതിസന്ധികളെയോ പൂര്‍ണമായി ചെറുക്കാൻ നമുക്കാകില്ല. മറിച്ച്, ഇതിനുള്ള സാധ്യതയെ വെട്ടിച്ചുരുക്കാൻ നമുക്ക് ചില കാര്യങ്ങളിലൂടെ സാധിക്കും. അത്തരത്തില്‍ ഹൃദയം അപകടത്തിലാകാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
കൊളസ്ട്രോള്‍...
കൊളസ്ട്രോള്‍ ഒരു ജീവിതശൈലീരോഗമാണ്. എന്നാല്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കാതെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നാല്‍ അത് ഏറ്റവുമധികം വെല്ലുവിളി ഉയര്‍ത്തുന്നത് ഹൃദത്തിനാണ്. അതിനാല്‍ കൊളസ്ട്രോളുള്ളവര്‍ ഇതിനെ നിര്‍ബന്ധമായും നിയന്ത്രിച്ച് തന്നെ മുന്നോട്ടുപോവുക. ഹൃദയാഘാതത്തിനെല്ലാം കൊളസ്ട്രോള്‍ കാരണമാകുന്ന കേസുകള്‍ നിരവധിയാണ്.
പുകവലി...
പുകവലിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോങ്ങള്‍ക്കുള്ള സാധ്യത 3-5 മടങ്ങ് കൂടുതലാണ്. ഇക്കാരണം കൊണ്ട് തന്നെ പുകവലി ഉപേക്ഷിക്കുന്നതാണ് ഉചിതം.
ബിപി...
കൊളസ്ട്രോളിന്‍റെ കാര്യം പറഞ്ഞതുപോലെ തന്നെ ബിപിയും ഹൃദയത്തെ അപകടപ്പെടുത്തുന്നൊരു അവസ്ഥയാണ്. ഹൃദയാഘാതത്തിലേക്ക് നിരവധി പേരെ ബിപി നയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള കേസുകള്‍ സാധാരണമാണ്. അത്രയും പ്രധാനമാണ് ബിപി നിയന്ത്രിക്കേണ്ടത്.
പ്രമേഹം...
പ്രമേഹവും ജീവിതശൈലീരോഗങ്ങളിലുള്‍പ്പെടുന്നതാണ്. കൊളസ്ട്രോള്‍, ബിപി എന്നിവയെ കുറിച്ച് പറഞ്ഞത് പോലെ തന്നെ പ്രമേഹവും നിയന്ത്രിച്ചില്ലെങ്കില്‍ ഹൃദയത്തിന് ദോഷമാണ്.
വ്യായാമം...
ഇന്ന് മിക്കവരും ദിവസത്തില്‍ ഒരു കായികാധ്വാനം പോലുമില്ലാതെയാണ് കഴിയുന്നത്. ചിലരെങ്കിലും ജിമ്മില്‍ പോകുകയോ വീട്ടില്‍ തന്നെ എന്തെങ്കിലും വ്യായാമത്തിലേര്‍പ്പെടുകയോ ചെയ്യുന്നുണ്ട്. എന്നാല്‍ മിക്കവരും അലസമായ ജീവിതരീതി പിന്തുടരുന്നവരാണ്. ഇതും ഹൃദയത്തിന് ഏറെ അപകടം തന്നെ. അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമമില്ലായ്മയും ഹൃദയത്തിന് വലിയ ദോഷം ചെയ്യുമെന്നതിനാല്‍ തീര്‍ച്ചയായും ഇക്കാര്യങ്ങളില്‍ മാറ്റം വരുത്തണം.
Also Read:- പാൻക്രിയാസ് ക്യാൻസര്‍ അറിയാതെ പോകാം; ശ്രദ്ധിക്കേണ്ടത്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam