കൊവിഡ് 19; വിദേശത്തു നിന്നും ബന്ധുക്കളോ സുഹൃത്തുക്കളോ വരാനിടയായാൽ ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങൾ

By Web TeamFirst Published Mar 12, 2020, 1:25 PM IST
Highlights

കൊറോണയുടെ ഭീതിയിലാണ് ലോകം. ഈ സമയത്ത് വിദേശത്തു നിന്നും ബന്ധുക്കളോ സുഹൃത്തുക്കളോ വരാനിടയായാൽ ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങൾ എന്തൊക്കെയാണെന്ന് സീനിയർ കൺസൾട്ടന്റ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. രാജീവ് ജയദേവൻ പറയുന്നു.

വെറും മൂന്നു മാസം മുൻപ്  ചൈനയിൽ ഏതോ ഒരു വ്യക്തിയിൽ പ്രവേശിച്ച ഈ വൈറസ്, ഇന്ന് ലോകത്തെമ്പാടും പരന്ന് അനേകായിരം മരണങ്ങൾക്കിടയാക്കിക്കഴിഞ്ഞു. സമ്പദ്‌വ്യവസ്ഥയെ തകിടം മറിച്ചു. പ്രതീക്ഷിച്ചതു പോലെ ഇതാ കേരളത്തിലും എത്തിക്കഴിഞ്ഞു. വെറും ജലദോഷമാണ്, ഉടൻ മാറും, നമ്മൾ സ്‌ട്രോങ്ങല്ലേ, നിപ്പയെ തുരത്തിയില്ലേ എന്നൊക്കെ പറഞ്ഞു നിസ്സാരവൽക്കരിക്കാൻ വരട്ടെ.
 
ഇന്ന്, ഇപ്പോൾ നാം ഓരോരുത്തരും ഇതിനായി എന്തു ചെയ്യുന്നു, ചെയ്യുന്നില്ല എന്നതനുസരിച്ചിരിക്കും വരും മാസങ്ങളിൽ എന്തു നടക്കാൻ പോകുന്നു, പോകുന്നില്ല എന്നുള്ളത്.  വളരെ ഗൗരവമേറിയ വിഷയമാണ്. രാജ്യം ഇന്നു വരെ നേരിടാത്ത  ഒരു അടിയന്തിര സാഹചര്യമാണ്, സംശയമില്ല.

നിർദ്ദേശങ്ങൾ പാലിക്കാത്ത ഒന്നോ രണ്ടോ വ്യക്തികളുടെ മണ്ടത്തരം (stupidity) പോലും രാജ്യത്തിനു ഭീഷണി ആയേക്കാവുന്ന അവസ്ഥയാണിത്. ഈ ഘട്ടത്തിൽ വേണ്ടത് വീമ്പും അഭ്യൂഹവുമല്ല , മറിച്ച് ശാസ്ത്രീയമായ അറിവും സാമാന്യബുദ്ധിയുമാണ്. വിദേശത്തു നിന്നും നമ്മുടെ ബന്ധുക്കളോ സുഹൃത്തുക്കളോ വരാനിടയായാൽ ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങൾ....
 
ഒന്ന്...

COVID ബാധിത രാജ്യങ്ങളിൽ നിന്നും വന്നവരുമായി നേരിട്ടുള്ള സമ്പർക്കം 28 ദിവസത്തേക്ക് ഒഴിവാക്കുക. എത്ര അടുപ്പമുള്ളവരായാലും ഒരു കാര്യം ഓർക്കുക. എല്ലാ രാജ്യങ്ങളിലും ഈ വൈറസ് പടർന്നു പിടിച്ചത്, പുറമെ നിന്നും വിമാനത്തിലും കപ്പലിലും വന്നവരിൽ നിന്നുമാണ്.  ഇറ്റലിയിൽ നിന്നും ചൈനയിൽ നിന്നും ധാരാളം മലയാളികൾ കേരളത്തിൽ എത്താറുണ്ട്.
 
ഈ വൈറസിന്റെ വ്യാപന ശേഷി (R-0) കൂടുതലാണ്. R-0 എന്നാൽ ഒരാളിൽ നിന്നും എത്ര പേർക്ക് രോഗം പകരുന്നു എന്നതാണ്. ഒന്നിൽ കൂടുതലായാൽ സമൂഹത്തിൽ അതിവേഗം പടർന്നു പിടിക്കും. COVID ന്റേത് 2 മുതൽ 4 വരയത്രേ. എന്നു വച്ചാൽ ഒരാളിൽ നിന്ന് രണ്ടു പേർക്ക്, അവരിൽ നിന്നും നാലു പേർക്ക്, ആ നാലു പേരിൽ നിന്നും എട്ടു പേർ, പിന്നെ പതിനാറു പേർ, പിന്നെ 32, 64, 128 അങ്ങിനെ അതിവേഗം സമൂഹത്തിലേക്ക് വൈറസ് വ്യാപിക്കുന്നതാണ് ചൈന , ജപ്പാൻ, ഇറാൻ, ഇറ്റലി ഇവിടങ്ങളിൽ കാണാൻ കഴിഞ്ഞത്.

ഇവരിൽ ചിലർ 'സൂപ്പർ spreaders' ആണെന്ന് പറയപ്പെടുന്നു. ഒരാൾ തന്നെ അനേകം പേർക്ക് അണുബാധ വരുത്തുന്ന അവസ്ഥയാണിത്. കാരണങ്ങൾ വ്യക്തമല്ല. സമൂഹത്തിൽ  നൈസർഗികമായ പ്രതിരോധത്തിന്റെ (herd  immunity) അഭാവം ഈ വൈറസിനെ ഏറെ അപകടകാരിയാക്കുന്നു. കാരണം, കൊറോണാ കുടുംബത്തിൽ പുതിയ അംഗമായി എത്തിയ ഈ COVID19 ആർക്കും ഇതിനു മുൻപു വന്നിട്ടില്ല എന്നതു തന്നെ.

ചുരുക്കിപ്പറഞ്ഞാൽ, ആദ്യത്തെ കേസ് "index case" മാത്രമുള്ള സ്റ്റേജിൽ പിടിച്ചു കെട്ടാനായാൽ രക്ഷപെട്ടു, ഇല്ലെങ്കിൽ പ്രയാസമാണ്.  ലോകമെമ്പാടുമുള്ള  അനുഭവം ഇതു സാക്ഷ്യപ്പെടുത്തുന്നു. ഒരുദാഹരണം പറയാം. ചുവന്ന മഷിയുടെ ഒരു തുള്ളി ഒരു ഗ്ലാസ് വെള്ളത്തിൽ വീഴുന്നതു പോലെയാണ് COVID 19 പുതുതായി ഒരു ദേശത്ത് എത്തിച്ചേരുന്നത്.

ആദ്യം ഒറ്റ തുള്ളിയായിരിക്കും (index കേസ്). അതിനെ തക്ക സമയത്തു കണ്ടെത്തി മാറ്റി നിർത്തിയാൽ വെള്ളം മുഴുവൻ ചുകപ്പാകാതെ രക്ഷപ്പെടാം. നാമിപ്പോൾ കേരളത്തിൽ കാണുന്ന അവസ്ഥ, ആ മഷിത്തുള്ളി വെള്ളത്തിലേക്ക് പതിക്കാൻ പോകുന്ന, നിർണായകമായ ആ നിമിഷം ആണ്. ഈ ഘട്ടത്തിൽ തടഞ്ഞു നിർത്താനായാൽ നാം വിജയിച്ചു.

ഇപ്പോൾ തടയാനായില്ലെങ്കിൽ പിന്നെ, index case സ്റ്റേജ് എന്നത്‌ community spread സ്റ്റേജിലേക്കു പോകുന്നു. അതായത് ഗ്ലാസിലെ  വെള്ളം മൊത്തം ചുകപ്പായ അവസ്ഥ. അങ്ങനെ സംഭവിച്ചാൽ, വികസിത രാജ്യങ്ങളെ അപേക്ഷിച്ച് പരിമിതികൾ ഏറെയുള്ള നമ്മുടെ ആരോഗ്യമേഖലയ്ക്ക് ഒരു പക്ഷേ കാര്യമായൊന്നും ചെയ്യാൻ സാധിച്ചെന്നു വരില്ല.

രണ്ട്...

കൊവിഡ് ബാധിത രാജ്യങ്ങളിൽ നിന്നും അടുത്ത ദിവസങ്ങളിൽ നാട്ടിൽ വന്നവർ സമൂഹത്തിൽ ചുറ്റിത്തിരിഞ്ഞു നടക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം. ഇവർക്കു നൽകപ്പെട്ടിട്ടുള്ള പ്രത്യേക മാനദണ്ഡങ്ങൾ കർശനമായി ഇവർ പാലിക്കേണ്ടവരാണ്. അല്ലാതെ അവരവർക്ക് തോന്നിയതു പോലെ അലഞ്ഞു നടക്കുകയില്ല വേണ്ടത്‌.

ഇവരിൽ ഒരാളിൽ നിന്നും അനേകായിരം ആൾക്കാർക്ക് വൈറസ് പകരാം എന്നത് പാവം ഇറ്റലിയുടെ ദുരനുഭവം നമ്മെ പഠിപ്പിക്കുന്നു.മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്നും പഠിക്കുന്നതാണല്ലോ  സ്വയം അപകടത്തിൽ ചാടുന്നതിലും നല്ലത്. ഇന്നു നമ്മൾ സൂക്ഷിച്ചാൽ ഇറ്റലിയുടേതു പോലെയുള്ള ദുരവസ്ഥ നമുക്ക് ഒരു പക്ഷെ ഒഴിവാക്കാൻ സാധിച്ചേക്കും.

COVID-19-ന്റെ case fatality rate ആയ 3.5% അല്പം കുറവല്ലേ എന്നു ചിലർക്ക് തോന്നാമെങ്കിലും, (നൂറു പേർക്കു രോഗം വന്നാൽ എത്ര പേർ മരണപ്പെടും എന്ന കണക്ക്) പിടി വിട്ടു പോയാൽ മൂന്നേകാൽ കോടി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കൊച്ചു കേരളത്തിൽ മാത്രം എത്ര ജീവൻ ഈ വൈറസ് അപഹരിച്ചേക്കാം എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

മാത്രവുമല്ല, പ്രായം ചെന്നവരിൽ മരണ സാധ്യത 15% വരെ ഏറുന്നു, അതായത് ആറു പേരിൽ ഒരാൾ മരണപ്പെടാം. പ്രമേഹരോഗികളിലും, ശ്വാസകോശരോഗമുള്ളവരിലും ഹൃദ്രോഗമുള്ളവരിലും മരണസാധ്യതയേറുന്നു.

കടപ്പാട്:
Dr. Rajeev Jayadevan
Senior Consultant Gastroenterologist

sunrise hospital kochi

 

click me!