പാരസെറ്റമോള്‍ ഉള്‍പ്പടെ 800 ആവശ്യമരുന്നുകളുടെ വില കൂടുന്നു

Web Desk   | Asianet News
Published : Mar 27, 2022, 11:11 AM IST
പാരസെറ്റമോള്‍ ഉള്‍പ്പടെ 800 ആവശ്യമരുന്നുകളുടെ വില കൂടുന്നു

Synopsis

പനി, അലര്‍ജി, ഹൃദ്രോഗം, ത്വക് രോഗം, വിളര്‍ച്ച എന്നിവയ്ക്ക് നല്‍കി വരുന്ന അസിത്രോമൈസിന്‍, സിപ്രോഫ്ലോക്സാസിന്‍ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോള്‍ തുടങ്ങി 800 ഓളം മരുന്നുകളുടെ വിലയാണ് വര്‍ധിക്കാന്‍ പോകുന്നത്. 

പാരസെറ്റമോൾ (Paracetamol) ഉൾപ്പടെയുള്ള എണ്ണൂറോളം ആവശ്യമരുന്നുകളുടെ വില ഏപ്രിൽ ഒന്ന് മുതൽ വർധിക്കുമെന്ന് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ്ങ് അതോറിറ്റി. ഭൂരിഭാഗം സാധാരണ രോഗങ്ങൾക്കും ചികിത്സിക്കാൻ ഉപയോഗിക്കുന്ന അവശ്യ മരുന്നുകളുടെ ദേശീയ പട്ടികയിലെ ഏകദേശം 800 ഷെഡ്യൂൾ ചെയ്ത മരുന്നുകളുടെ വില ഏപ്രിൽ 1 മുതൽ 10.7 ശതമാനം വർദ്ധിക്കും.

പനി, അലർജി, ഹൃദ്രോഗം, ത്വക് രോഗം, വിളർച്ച എന്നിവയ്ക്ക് നൽകി വരുന്ന അസിത്രോമൈസിൻ, സിപ്രോഫ്ലോക്സാസിൻ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോൾ തുടങ്ങി 800 ഓളം മരുന്നുകളുടെ വിലയാണ് വർധിക്കാൻ പോകുന്നത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവിന്റെ ഓഫീസ് നൽകിയ ഡബ്ല്യുപിഐ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പുതിയ മാറ്റം.

2013ലെ ഡ്രഗ്‌സ് (വില നിയന്ത്രണ) ഉത്തരവിലെ വ്യവസ്ഥകൾ പ്രകാരമുള്ള തുടർനടപടികൾക്കായി ഇത് ബന്ധപ്പെട്ട എല്ലാവരുടെയും ശ്രദ്ധയിൽപ്പെടുത്തുകയാണെന്ന് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ്ങ്‌അതോറിറ്റി നോട്ടീസിൽ പറയുന്നു.

പാരസെറ്റമോള്‍ പതിവായി കഴിക്കാറുണ്ടോ? എങ്കില്‍ നിങ്ങളറിയേണ്ടത്...

ചെറിയ പനിയോ, തൊണ്ടവേദനയോ, തലവേദനയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തരത്തിലുള്ള ശരീരവേദനകളോ അനുഭവപ്പെടുന്ന പക്ഷം ( Mild Fever ) മിക്കവരും ആദ്യം തന്നെ ആശ്രയിക്കുന്നൊരു ഗുളികയാണ് പാരസെറ്റമോള്‍( Paracetamol). അത്ര ഗൗരവമുള്ള വിഷമതകള്‍ക്ക് പാരസെറ്റമോള്‍ ഒരു പരിഹാരമല്ലെങ്കില്‍ കൂടിയും മിക്ക വീടുകളിലും പ്രാഥമികമായ ആശ്രയമെന്ന നിലയില്‍ എപ്പോഴും പാരസെറ്റമോള്‍ ഉണ്ടായിരിക്കും. 

ഇത്രയധികം സാര്‍വത്രികമായ ഗുളികയായതിനാല്‍ തന്നെ ആളുകള്‍ കാര്യമായി ഇതെക്കുറിച്ച് ആലോചിക്കാറില്ലെന്നതും സത്യമാണ്. എന്തെങ്കിലും ശാരീരികമായ വിഷമത തോന്നിയാല്‍ ഉടന്‍ തന്നെ 'ഒരു പാരസെറ്റമോള്‍ കഴിക്കൂ' എന്ന നിര്‍ദേശം നിസാരമായി നല്‍കുന്നവരാണ് അധികപേരും. ആ നിര്‍ദേശം സ്വയമോ അല്ലാതെയോ അതേപടി സ്വീകരിക്കുന്നവരും ഏറെയാണ്. 

എന്നാല്‍ പാരസെറ്റമോള്‍ ഉപയോഗിക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്. അതില്‍ പ്രധാനം ഇതിന്റെ അളവാണ്. മുതിര്‍ന്നവരാണെങ്കില്‍ നാല് ഗ്രാമിലധികം പാരസെറ്റമോള്‍ ദിവസത്തില്‍ കഴിക്കരുത്. അതുപോലെ തന്നെ പതിവായി എന്ത് വിഷമതകള്‍ക്കും പാരസെറ്റമോളില്‍ അഭയം പ്രാപിക്കരുത്. ഇത് പില്‍ക്കാലത്ത് കരളിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കാം. 

ലിക്വിഡ് പാരസെറ്റമോള്‍, ചവച്ചുകഴിക്കാനുള്ളത് എന്നിങ്ങനെയുള്ളവ ആണെങ്കിലും അളവ് പ്രത്യേകം ശ്രദ്ധിക്കുക. കുട്ടികള്‍ക്ക് കൊടുക്കാനാണെങ്കില്‍ അതിന് വേണ്ടി പ്രത്യേകമായി ഉള്ളത് തന്നെ കൊടുക്കുക. 

ഇനി ഏറ്റവും പ്രധാനമായി ശ്രദ്ധിക്കാനുള്ള മറ്റൊരു കാര്യം, മദ്യവും പാരസെറ്റമോളും ഒരുമിച്ച് കഴിക്കരുത് എന്നതാണ്. ചിലരില്‍ ഇത് പ്രത്യക്ഷമായ പ്രശ്‌നങ്ങള്‍ അപ്പോള്‍ തന്നെ കാണിക്കണമെന്നില്ല. ചിലരില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കാം. എങ്കിലും ഇവ രണ്ടും ഒരുമിച്ച് വേണ്ടെന്ന് തന്നെയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഈ വിറ്റാമിനുകളുടെ അഭാവം ഹൃദയാരോഗ്യം തകരാറിലാവാൻ കാരണമാകുന്നു
വിറ്റാമിൻ ഇയുടെ കുറവിനെ തിരിച്ചറിയാം; ലക്ഷണങ്ങൾ