
ആർത്തവസമയത്ത് അസ്വസ്ഥകൾ അനുഭവിക്കാത്തവർ നമുക്കിടയിൽ ഉണ്ടാകില്ല. നടുവേദന, വയറുവേദന, കാലുകൾക്കുണ്ടാകുന്ന മരവിപ്പും കട്ടുകഴപ്പും, തലവേദന, സ്തനങ്ങൾക്ക് വേദന, ഛർദ്ദി, വിഷാദം, ദേഷ്യം തുടങ്ങിയ എന്തെല്ലാം വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവസമയത്ത് ഓരോ സ്ത്രീകളും കടന്നു പോകുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസമേറിയ സമയമാണിത്.
ആർത്തവ സമയത്തുണ്ടാകുന്ന ഓരോ ശരീരവേദനയുടെയും കാഠിന്യം പലരിലും പലതരത്തിലായിരിക്കും. വേദന സഹിക്കാൻ പറ്റാത്ത അവസരങ്ങളിൽ മിക്ക സ്ത്രീകളും വേദന സംഹാരികളിലാണ് അഭയം തേടുക. ആർത്തവ വേദന കുറയ്ക്കാൻ പലരും മരുന്ന് കഴിക്കുന്നത് ഡോക്ടറുടെ നിർദ്ദേശം കൂടാതെയാണ്. ഇത് ഭാവിയിൽ കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
ഭക്ഷണ ക്രമീകരണം, വ്യായാമങ്ങൾ, യോഗ തുടങ്ങിയ കാര്യങ്ങൾ ശീലമാക്കുന്നതോടെ സാധാരണ രീതിയിൽ ഉണ്ടാകാറുള്ള ആർത്തവ വേദന ലഘൂകരിക്കാം. ആർത്തവകാലത്തെ അസ്വസ്ഥകൾ കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങളിതാ...
ഒന്ന്...
കാഴ്ചശക്തി വർധിപ്പിക്കാൻ മാത്രമല്ല ക്യാരറ്റ്, ആർത്തവ വേദന ലഘൂകരിക്കാനും ഈ പച്ചക്കറിക്ക് കഴിയും. ആർത്തവ സമയത്ത് ക്യാരറ്റ് ജ്യൂസ് ധാരാളമായി കുടിക്കാൻ ഗൈനക്കോളജിസ്റ്റുകൾ പോലും നിർദ്ദേശിക്കാറുണ്ട്.
രണ്ട്...
തുളസിയിലയോ പുതിനയിലയോ ഇട്ട് വെള്ളം തിളപ്പിച്ച ശേഷം കുടിക്കാം. അതല്ലെങ്കിൽ തുലാസിയോ പുതിനയിലയോ ഉപയോഗിച്ച് ഉണ്ടാക്കിയ ചായ കുടിക്കുന്നതും ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും.
മൂന്ന്...
പപ്പായ ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും. ആർത്തവം ആരംഭിക്കുന്നതിനു മുമ്പായി ധാരാളം പപ്പായ കഴിക്കുക. ഈ പഴവർഗ്ഗത്തിൽ അടങ്ങിയിരിക്കുന്ന പപ്പൈൻ എന്ന എൻസൈം ആർത്തവ വേദന ലഘൂകരിക്കാൻ സഹായിക്കും. മാത്രമല്ല, ആർത്തവ രക്തം പുറത്തേയ്ക്ക് പോകുന്നത് എളുപ്പത്തിലാക്കാനും പപ്പായയ്ക്ക് കഴിയും.
നാല്...
ആർത്തവ സമയത്തുണ്ടാകുന്ന വേദനയും മറ്റ് അസ്വസ്ഥതകളും അകറ്റാൻ ചെറുചൂട് പാലിൽ അല്പം നെയ്യ് ചേർത്ത് കഴിക്കുക. അതല്ലെങ്കിൽ, രാവിലെ ഒരു ഗ്ലാസ് പാൽ കുടിക്കുന്നതും വേദന കുറയ്ക്കാൻ ഉത്തമമാണ്.
അഞ്ച്...
ആർത്തവ ദിനങ്ങളിലെ അസ്വസ്ഥതകൾ പരിഹരിക്കാൻ ചുക്ക് മികച്ചതാണ്. ആർത്തവം തുടങ്ങുന്നതിനു രണ്ട് ദിവസം മുമ്പ് മുതൽ ആർത്തവം ആരംഭിച്ച് മൂന്നാം ദിവസം വരെ ചുക്കുപൊടി കഴിക്കാം.
Read more കൊവിഡ് വൈറസായ ബിഎ.2 കൂടുന്നു; ആരെയാണ് കൂടുതലും ബാധിക്കാന്‍ സാധ്യത!