ഇരുന്നാണോ ജോലി? എങ്കില്‍ നിങ്ങള്‍ക്ക് ഈ രോഗങ്ങള്‍ വരാം

By Web TeamFirst Published May 1, 2019, 9:15 PM IST
Highlights

ശരീരമനങ്ങാതെ വ്യായാമമില്ലാതെ ജീവിക്കുന്നത് പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഓഫീസില്‍ ഇരുന്നുള്ള ജോലിയാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. 

ശരീരമനങ്ങാതെ വ്യായാമമില്ലാതെ ജീവിക്കുന്നത് പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഓഫീസില്‍ ഇരുന്നുള്ള ജോലിയാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ഗുരുതരമായ നിരവധി ആരോഗ്യപ്രശ്‌നങ്ങളായിരിക്കും ഇത്തരക്കാര്‍ക്ക് ഉണ്ടാവുക എന്നാണ് പഠനങ്ങള്‍ പറയുന്നത്. 

കൂടുതല്‍ നേരം ഇരിക്കുന്നവര്‍ക്ക് പന്ത്രണ്ട് വ്യത്യസ്ത രോഗങ്ങള്‍ ഉണ്ടാകാം.  അര്‍ബുദം, ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം, പ്രമേഹം, വൃക്കരോഗം, ആസ്ത്മ, ന്യുമോണിയ, കരള്‍ രോഗം, അള്‍സര്‍, പാര്‍ക്കിന്‍സണ്‍, അള്‍ഷിമേഴ്‌സ്, ഞരമ്പ് രോഗങ്ങള്‍ എന്നിവ ബാധിക്കാനുള്ള സാധ്യതയും കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

ഇരിക്കുമ്പോള്‍ കുറഞ്ഞ ഊര്‍ജം ചെലവിടുന്നു. ഒപ്പം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഭാരം, അരയ്ക്ക് ചുറ്റും കൊഴുപ്പും കൊളസ്‌ട്രോളും അടിയുന്നു.  ഇരിപ്പ് കൂടിയാല്‍ ശരീരത്തിലെ ഉപാചപയ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരും. കൊളസ്‌ട്രോള്‍ നില കൂടും. രക്തസമ്മര്‍ദ്ദവും കൂടും. ഇരിപ്പ് ശരിയായ രീതിയിലല്ലെങ്കില്‍ അത് നടുവേദനയ്ക്കും കഴുത്ത് വേദനയ്ക്കുമെല്ലാം ഇടയാക്കും.

അഞ്ച് മണിക്കൂറിലധികം ഇരുന്ന് ജോലി ചെയ്യുമ്പോള്‍ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂടാനും, നല്ല കൊളസ്‌ട്രോളിന്റെ അളവ് കുറയാനും കാരണമാകുന്നു. ഇത് ഹൃദയധമനികളില്‍ ബ്ലോക്ക് ഉണ്ടാകാനും പൊണ്ണത്തടി ഉണ്ടാകാനും കാരണമാകും. എന്നാല്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഒരു ദിവസം 15000 ചുവട് നടക്കുകയും ഏഴു മണിക്കൂറോളം ഇരിക്കാതെ, നില്‍ക്കുകയോ നടക്കുകയോ ചെയ്‌താല്‍ ഇരുന്ന് ജോലി ചെയ്യുന്നതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നത്തെ മറികടക്കാനാകുമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പഠനറിപ്പോര്‍ട്ട് ജേര്‍ണല്‍ ഓഫ് ഒബീസിറ്റിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

click me!