തട്ടിപ്പ് മരുന്നുകള്‍ വ്യാപകം ; 'കേള്‍ക്കുമോ മന്ത്രീ?'

By Web TeamFirst Published Jun 14, 2019, 5:26 PM IST
Highlights

'മദ്യപിക്കുന്ന വ്യക്തിയെ കാണേണ്ടതില്ല. അയാള്‍ അറിയാതെ കൊടുക്കാവുന്ന മരുന്ന് തപാലിലും അയച്ചു കൊടുക്കും. ദുരിതത്തില്‍ പെട്ട ഏതു ബന്ധുവും വീണ് പോകും. രോഗിയെ ഒരു വട്ടമെങ്കിലും കണ്ട് ഒരു പരിശോധന നടത്താതെ നൈതീകമായ ഏതെങ്കിലും വൈദ്യ ശാസ്ത്ര ശാഖ ഔഷധം നിശ്ചയിക്കുന്നതായി കേട്ടിട്ടില്ല'

അമിത മദ്യാസക്തി മാറ്റാനുള്ള വഴികള്‍ എന്ന പേരില്‍ പല പരസ്യങ്ങളും വന്ന് കാണാറുണ്ട്. മദ്യപാനം കൊണ്ട് ദുരിതത്തിലായവര്‍ പെട്ടെന്ന് തന്നെ ഈ പരസ്യങ്ങളില്‍ ആകൃഷ്ടരാകാറുമുണ്ട്. പലപ്പോഴും ഇത്തരം ചികിത്സകള്‍ നടത്തുന്നവരുടെയോ ഇവര്‍ നല്‍കുന്ന മരുന്നുകളുടെയോ ആധികാരികത ആളുകള്‍ അന്വേഷിക്കാറില്ല. ഇതെത്രമാത്രം അപകടം പിടിച്ച സാഹചര്യമാണെന്ന് ഓര്‍മ്മിപ്പിക്കുകയാണ് പ്രമുഖ മനശാസ്ത്ര വിദഗ്ധനായ ഡോ. സി ജെ ജോണ്‍. 

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വിഷയം സംബന്ധിച്ച കുറിപ്പ് അദ്ദേഹം പങ്കുവച്ചത്. 

കുറിപ്പ് വായിക്കാം...

മുഴുക്കുടിയന്‍ കുടുംബത്തിന്റെ സമാധാനവും സമ്പത്തുമൊക്കെ ഇല്ലാതാക്കും.കുടി നിര്‍ത്താന്‍ പലതും ചെയ്തു പരാജയപ്പെട്ട നിസ്സഹായരായ വീട്ടുകാരുടെ മുമ്പിലേക്കാണ് ഈ പരസ്യം എത്തുന്നത്. മദ്യപിക്കുന്ന വ്യക്തിയെ കാണേണ്ടതില്ല .അയാള്‍ അറിയാതെ കൊടുക്കാവുന്ന മരുന്ന് തപാലിലും അയച്ചു കൊടുക്കും. ദുരിതത്തില്‍ പെട്ട ഏതു ബന്ധുവും വീണ് പോകും.രോഗിയെ ഒരു വട്ടമെങ്കിലും കണ്ട് ഒരു പരിശോധന നടത്താതെ നൈതീകമായ ഏതെങ്കിലും വൈദ്യ ശാസ്ത്ര ശാഖ ഔഷധം നിശ്ചയിക്കുന്നതായി കേട്ടിട്ടില്ല.

ഈ ഔഷധത്തിന്റെ ചേരുവകള്‍ എന്തെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല.ഇതിന്റെ ഗുണ ഫലങ്ങളുടെ തെളിവ് ഗവേഷണങ്ങളിലൂടെ സ്ഥപിച്ചതായുള്ള പഠനങ്ങളുമില്ല.ആധുനിക വൈദ്യ ശാസ്ത്രത്തില്‍ ഉപയോഗിക്കുന്ന ഒരു മരുന്ന് പൊടിച്ചു ഉണ്ടാക്കുന്നതാണ് ഇത്തരം ചില മരുന്നുകളെന്ന് തെളിഞ്ഞിട്ടുണ്ട്. 

ഈ മരുന്ന് ഉപയോഗിക്കുമ്പോള്‍, മദ്യം കഴിച്ചാല്‍ വലിയ റിയാക്ഷന്‍ ഉണ്ടാകും .അത് കൊണ്ട് ആ വിവരം അറിയിച്ചുള്ള രേഖയില്‍ രോഗി ഒപ്പിടണം. അമിത മദ്യാസക്തി രോഗം കുടുംബത്തെ കലക്കുമ്പോള്‍ ആ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കു തുറന്ന കച്ചവടം നടത്താന്‍ അവസരമുണ്ടാകുന്നുണ്ട്. 

ആര്‍ക്കും ഡി അഡിക്ഷന്‍ പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കാവുന്ന നാടാണ് കേരളം.മാര്‍ഗ്ഗരേഖകളും പ്രോട്ടോകാളുകളും വേണം.ഇതൊക്കെ ചിട്ടപ്പെടുത്താന്‍ കെല്‍പ്പുള്ള ഒരു ഒരു ആധുനിക അഡിക്ഷന്‍ മെഡിസിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉണ്ടാകണം . എല്ലാ ഡി അഡിക്ഷന്‍ കേന്ദ്രങ്ങളും അതിന്റെ കീഴില്‍ വേണം പ്രവര്‍ത്തിക്കാന്‍. എക്സൈസ് സാമൂഹിക ഉത്തരവാദിത്ത കാശ് നല്‍കട്ടെ. ഭംഗിയായി നടത്താന്‍ കഴിവുള്ള മാനസികാരോഗ്യ വിദഗ്ധര്‍ സര്‍ക്കാര്‍ സര്‍വീസില്‍ തന്നെയുണ്ട്. 

നിപ്പ ചില കാലങ്ങളില്‍ വരുന്നു. മദ്യാസക്തിയുടെ കെടുതികള്‍ മുന്നൂറ്റി അറുപത്തിയഞ്ച് ദിവസവും സംഭവിക്കുന്നു.എന്നിട്ടും ആ വഴി ശ്രദ്ധേയ പ്രവര്‍ത്തനങ്ങളില്ല.കേള്‍ക്കുമോ മന്ത്രി?കേള്‍ക്കാത്തത് കൊണ്ടാണ് ഇമ്മാതിരി പരസ്യങ്ങള്‍ ഉണ്ടാകുന്നത്. തട്ടിപ്പ് ഡീഅഡിക്ഷന്‍ കേന്ദ്രങ്ങള്‍ പിറക്കുന്നത്.പറ്റിക്കപ്പെടുന്നവര്‍ മിണ്ടുകയില്ല. അടുത്ത അത്ഭുതം തേടി അവര്‍ അലയുന്നു.

click me!