'ഗർഭിണിയുടെ പല്ല് കേടായാല്‍ പ്രസവം കഴിഞ്ഞിട്ടേ ചികിത്സിക്കാവൂ?' ഡോക്ടര്‍ പറയുന്നത് ഇങ്ങനെ...

By Web TeamFirst Published Jun 13, 2019, 8:04 PM IST
Highlights

ആരോഗ്യമുള്ള കുഞ്ഞിന് വേണ്ടി ഏറെ ശ്രദ്ധിക്കേണ്ട സമയമാണ് ഗര്‍ഭകാലം. ഗര്‍ഭിണികള്‍  ശ്രദ്ധിക്കേണ്ട പല കാര്യങ്ങളെ കുറിച്ചും നാം കേട്ടിട്ടുണ്ട്.  ​ഗർഭിണികൾ ഒരു കാരണവശാലും മലർന്നു കിടക്കരുത്, ഗര്‍ഭിണികള്‍ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കണം അങ്ങനെ പലതും.

ആരോഗ്യമുള്ള കുഞ്ഞിന് വേണ്ടി ഏറെ ശ്രദ്ധിക്കേണ്ട സമയമാണ് ഗര്‍ഭകാലം. ഗര്‍ഭിണികള്‍  ശ്രദ്ധിക്കേണ്ട പല കാര്യങ്ങളെ കുറിച്ചും നാം കേട്ടിട്ടുണ്ട്.  ​ഗർഭിണികൾ ഒരു കാരണവശാലും മലർന്നു കിടക്കരുത്, ഗര്‍ഭിണികള്‍ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കണം അങ്ങനെ പലതും. എന്നാല്‍ ഗര്‍ഭിണികളുടെ പല്ല് കേടു വന്നാൽ എന്തു ചെയ്യും? ഇതിനെ കുറിച്ച് വളരെ രസകരമായി ഒരു ഫേസ്ബുക്ക് കുറിപ്പിട്ടിരിക്കുകയാണ് ദന്ത ഡോക്ടറായ സ്മിതാ റഹ്മാന്‍. പല്ല് വേദന കൊണ്ട് അലമുറയിടുന്ന ഒരു ഗര്‍ഭിണി  തന്നെ കാണാന്‍ എത്തിയതാണ് പശ്ചാത്തലം.

 'പ്രസവം കഴിഞ്ഞിട്ട് ആ പല്ലങ്ങട് പറിച്ചു കളയാലോ എന്ന് കരുതി സഹിച്ച് ജീവിക്കുകയാണ് ആ പാവം ഗര്‍ഭിണി'.  പ്രസവം കഴിഞ്ഞിട്ടേ പല്ല് എടുത്ത് കളയാവൂ എന്ന് ഉണ്ടോ? 'ഹോർമോണുകളുടെ മൽപിടുത്തവും ശരീരത്തിൽ പോഷകങ്ങൾക്ക് വരുന്ന അമിത ആവശ്യങ്ങളും കാരണം ഗർഭിണിയ്ക്ക് പല്ലുകളിലും മോണയും പല പല പ്രശ്നങ്ങളും ഉണ്ടാവാനുള്ള സാധ്യതയുണ്ട്. നാക്ക് കൊണ്ട് തട്ടിയാൽ പോലും രക്തം വരുന്ന pregnancy tumour എന്ന ഓമനപ്പേരുള്ള ഗർഭിണികളിൽ മാത്രം കാണുന്ന ഒരു തരം മോണവീക്കം സർവസാധാരണമാണ്. ഇതൊക്കെ ചികിത്സ കൊടുക്കാതെ പ്രസവം വരെ നീട്ടി കൊണ്ട് പോയി ഗർഭിണി നരകിക്കണം എന്ന് ഒരു വൈദ്യ ശാസ്ത്രവും പറഞ്ഞിട്ടില്ല'- ഡോക്ടര്‍ കുറിച്ചു.

പല്ലുകളിൽ പോടടയ്ക്കുക, ക്ലീൻ ചെയ്യുക, റൂട്ട് കനാൽ ചെയ്യുക തുടങ്ങി വേണ്ടി വന്നാൽ പല്ല് പറിച്ചു കളയാനും ഗർഭാവസ്ഥയിൽ തടസ്സമില്ല. ചില മുൻകരുതലുകൾ വേണമെന്ന് മാത്രമെന്നും ഡോക്ടര്‍ പറയുന്നു.

ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

ഗർഭിണികളേ... ഇതിലേ ഇതിലേ....

വിശേഷ ദിവസങ്ങളിൽ ഉച്ചയൂണിലേക്ക് കൈയ്യിടുമ്പോൾ ഫോൺ ബെല്ലടിക്കുക സാധാരണയാണ്. ഇത്തവണ പെരുന്നാളിന് "കോയി" ബിരിയാണിയിലേക്ക് നോക്കിയപ്പോഴേക്കും അടിച്ചു ഫോൺ. ആ ഹാ! അതും സിം 2 വിൽ. സീൻ കോൺട്രായാണ് ഉറപ്പ്!

ചോറുണ്ട് കഴിഞ്ഞപ്പോഴേക്കും അവരെത്തി. വന്നപ്പോഴല്ലേ കാര്യം, സീൻ ഡബിൾ കോൺട്ര ആണ്! പല്ല് വേദനിച്ച് അലമുറയിടുന്നത് ഗർഭിണിയാണ്! ഇനി പല്ല് വേദന തന്നെയല്ലേ?! ഞാൻ ഒരു പാവം ദന്തിനി ആണെന്ന് അവർക്ക് അറിയില്ല്യേ?

കൂടെയുള്ള അമ്മയാണ് സംസാരിച്ചു തുടങ്ങിയത്. ഡേറ്റ് തെറ്റിയ അന്ന് തുടങ്ങിയതാണ് ഡോക്ടറെ ഈ പല്ലു വേദന. ഇടയ്ക്കിടെ വരും. പ്രസവം കഴിഞ്ഞിട്ട് ആ പല്ലങ്ങട് പറിച്ചു കളയാലോ എന്ന് കരുതി സഹിച്ച് ജീവിക്കുകയാണ്. അടുത്ത മാസം ആദ്യത്തിലാണ് പ്രസവം. ഇതൊന്ന് നിർത്തി തര്വോ?

അതു ശരി. പല്ലു വേദന നിർത്തി തരണം. ഞാൻ രണ്ടു കൈയ്യും മേലോട്ടുയർത്തി പ്രാർത്ഥിച്ചു! പല്ലു വേദന "നിർത്തി" കൊടുക്കണേന്ന്..

അല്ല, അറിയാത്തോണ്ട് ചോദിക്കുകയാണ്? ഗർഭിണിയുടെ പല്ല് കേടു വന്നാൽ പ്രസവം കഴിഞ്ഞിട്ടേ ശരിയാക്കാവൂ എന്ന് ആരാ പറഞ്ഞത്?

ഹോർമോണുകളുടെ മൽപിടുത്തവും ശരീരത്തിൽ പോഷകങ്ങൾക്ക് വരുന്ന അമിത ആവശ്യങ്ങളും കാരണം ഗർഭിണിയ്ക്ക് പല്ലുകളിലും മോണയും പല പല പ്രശ്നങ്ങളും ഉണ്ടാവാനുള്ള സാധ്യതയുണ്ട്. നാക്ക് കൊണ്ട് തട്ടിയാൽ പോലും രക്തം വരുന്ന pregnancy tumour എന്ന ഓമനപ്പേരുള്ള ഗർഭിണികളിൽ മാത്രം കാണുന്ന ഒരു തരം മോണവീക്കം സർവസാധാരണമാണ്. ഇതൊക്കെ ചികിത്സ കൊടുക്കാതെ പ്രസവം വരെ നീട്ടി കൊണ്ട് പോയി ഗർഭിണി നരകിക്കണം എന്ന് ഒരു വൈദ്യ ശാസ്ത്രവും പറഞ്ഞിട്ടില്ല.

പല്ലുകളിൽ പോടടയ്ക്കുക, ക്ലീൻ ചെയ്യുക, റൂട്ട് കനാൽ ചെയ്യുക തുടങ്ങി വേണ്ടി വന്നാൽ പല്ല് പറിച്ചു കളയാനും ഗർഭാവസ്ഥയിൽ തടസ്സമില്ല. ചില മുൻകരുതലുകൾ വേണമെന്ന് മാത്രം. മുൻകരുതലുകളിൾ പ്രധാനം മരുന്നുപയോഗം തന്നെ. ഗർഭിണി ഉപയോഗിക്കാൻ പാടില്ലാത്ത മരുന്നുകൾ ഡോക്ടർ കുറിച്ചു തരികയില്ല. അടുത്തതായി ഗർഭിണിയുടെ ഗൈനക്കോളജിസ്റ്റിന്റെ സമ്മതമാണ്. മറ്റു പ്രശ്നങ്ങളൊന്നുമില്ലാത്ത ഗർഭാവസ്ഥയിൽ ദന്ത ചികിത്സകൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് ചെയ്യാൻ സാധാരണ ഗൈനക് ഡോക്ടർമാർ എതിർക്കാറില്ല. വിദേശ രാജ്യങ്ങളിൽ പലയിടത്തും ഗൈനക്ക് തന്നെ ഗർഭിണികളെ പതിവ് ദന്തൽ ചികിത്സയ്ക്ക് പറഞ്ഞ് വിടാറുണ്ട് എന്നും കേട്ടിട്ടുണ്ട്. മോണ രോഗങ്ങളും മറ്റു അനുബന്ധ ദന്ത രോഗങ്ങളും കൊണ്ട് ഗർഭത്തിനുണ്ടാകാവുന്ന സങ്കീർണ്ണതകളെ കുറിച്ച് മുമ്പും ഞാൻ എഴുതിയിട്ടുണ്ട്. ഇവ രണ്ടും മറി കടന്നാൽ ബാക്കി തീരുമാനങ്ങൾ മുഴുവൻ എടുക്കേണ്ടത് ഡെന്റിസ്റ്റും ഗർഭിണിയും ബന്ധുക്കളുമാണ്. ഏത് മാസങ്ങളിൽ ഏതൊക്കെ ചികിത്സകൾ ചെയ്യാം ചെയ്യാൻ പാടില്ല എന്നതൊക്കെ ഡെന്റിസ്റ്റിന് വ്യക്തമാണ്. ഉദാഹരണത്തിന് പോടുകൾ അടയ്ക്കുന്നത് എപ്പോൾ വേണമെങ്കിലും ചെയ്യാം. എന്നാൽ പല്ലുകൾ പറിക്കുന്നത് മുന്നു മുതൽ ഏഴ് മാസങ്ങൾക്കിടയിലാണ്. ആ സമയത്ത് ഒട്ടും മിക്ക ദന്ത ചികിത്സകളും ചെയ്യാവുന്നതാണ്. ഗർഭിണിയ്ക്ക് എക്സ്റേ എടുക്കന്നത് അല്പം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇന്ന് വളരെ കുറഞ്ഞ റേഡിയേഷൻ ഉപയോഗിച്ച് എക്സ്റേ എടുക്കുന്ന മെഷീനുകൾ ഉണ്ട്. പല്ലുകൾ കമ്പിയിടുക, വെപ്പും പല്ലുകൾ ഘടിപ്പിക്കുക, മുൻ പല്ലുകളിൽ മാറ്റങ്ങൾ വരുത്തുക തുടങ്ങിയ കോസ്മെറ്റിക് ചികിത്സകളെല്ലാം തന്നെ ഗർഭിണിയുടെ സൗകര്യാർത്ഥം ചെയ്യാവുന്നതാണ്. ചെയ്യാതിരുന്നാലും കുഴപ്പമില്ല.

വേദന വന്നാൽ വേണ്ട ചികിത്സ കൊടുക്കാതെ ഉറക്കവും ഭക്ഷണവും ഇല്ലാതെ ഗർഭിണികളെ ദ്രോഹിക്കരുത് മനുഷ്യരേ...

click me!