പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് കത്തിച്ച സംഭവം; യഥാര്‍ത്ഥ കുറ്റവാളി ആരാണ്?

By Web TeamFirst Published Mar 12, 2019, 6:20 PM IST
Highlights

'ഇങ്ങനെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ആക്രമണമൊക്കെ നടത്തുന്ന ചെറുപ്പക്കാര്‍ അധികവും 25 വയസ്സിന് താഴെയുള്ളവരാണ്. യുവത്വത്തിന്റെ പ്രസരിപ്പിനൊപ്പം തന്നെ ഏറെ ആശങ്കകളും പ്രശ്‌നങ്ങളുമെല്ലാം നേരിടുന്ന പ്രായമാണ്. ഇഷ്ടമുള്ള എന്തും അനുകരിക്കാന്‍ ശ്രമിക്കുന്ന പ്രായം. പ്രണയമൊക്കെ അത്തരത്തില്‍ അവരെ വലിയ രീതിയില്‍ സ്വാധീനിക്കും. എല്ലാം മറന്ന് ആത്മാര്‍ത്ഥമായി പ്രണയിക്കും...'
 

ഞെട്ടലോടെയാണ് കേരളം ഇന്ന് ഈ വാര്‍ത്ത കേട്ടത്. തിരുവല്ലയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ നടുറോഡില്‍ വച്ച് കുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിച്ചിരിക്കുന്നു. ഏതാണ്ട് അറുപത് ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി ഇപ്പോഴും ജീവന് വേണ്ടി പൊരുതിക്കൊണ്ടിരിക്കുകയാണ്. 

ബൈക്കിലെത്തിയ ശേഷം ക്ലാസിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ കുത്തിവീഴ്ത്തി, തുടര്‍ന്ന് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു യുവാവെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. ആക്രമിക്കപ്പെട്ടത് പ്ലസ് ടുവിന് ശേഷം പ്രൊഫഷണല്‍ കോഴ്‌സ് ചെയ്യുന്ന വിദ്യാര്‍ത്ഥിനിയാണ്. അത് ചെയ്തതോ, പത്തൊമ്പതുകാരനായ യുവാവും. 

ആണ്‍കുട്ടിയാണെങ്കിലും പെണ്‍കുട്ടിയാണെങ്കിലും പഠിച്ച് ഒരു ജോലി നേടണം, ജീവിതം സുരക്ഷിതമാക്കണം... എന്ന് തുടങ്ങിയ പ്രതീക്ഷകള്‍ ഉണ്ടാകേണ്ട പ്രായമാണ് ഇത്. ഈ പ്രായത്തില്‍ അത്തരം പ്രതീക്ഷകള്‍ക്കൊക്കെ പകരം മനസ്സില്‍ ദേഷ്യവും വൈരാഗ്യവും സംഘര്‍ഷങ്ങളും ആശയക്കുഴപ്പങ്ങളും വരാനുള്ള കാരണമെന്തായിരിക്കും?

എവിടെയാണ് തെറ്റ് പറ്റുന്നത്?

കേരളത്തില്‍ ഈ അടുത്തകാലത്ത് മാത്രമാണ് ഇത്തരം സംഭവങ്ങള്‍ നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പിന്നാലെ യുവാവ് പെണ്‍കുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത ദാരുണമായ സംഭവം നടന്നിട്ട് ഒരു വര്‍ഷമായിട്ടില്ല. ആ ഞെട്ടല്‍ വിട്ടുമാറും മുമ്പെയാണ് വീണ്ടും സമാനമായ സംഭവം. ഇനിയും ഇത് തുടരില്ലെന്ന് ഉറപ്പിക്കാനാകുമോ? അല്ലെങ്കില്‍ എന്താണ് ഇതിനൊരു പോംവഴി?

പ്രണയവും പ്രണയബന്ധങ്ങളിലെ പ്രതിസന്ധികളും ലൈംഗികതയുമായി ബന്ധപ്പെട്ട സംശയങ്ങളും ആശങ്കകളുമെല്ലാം കൗമാരക്കാരുടെ സ്ഥിരം പ്രശ്‌നങ്ങളാണ്. ഇവയെപ്പറ്റി ഒരു നൂറ് ആശയക്കുഴപ്പങ്ങളും ചോദ്യങ്ങളും അവരുടെ മനസ്സിലുണ്ടാകും. എന്നാല്‍ ഇത്തരം വിഷയങ്ങളൊന്നും നമ്മള്‍ വീട്ടിലോ സ്‌കൂളിലോ ചര്‍ച്ചയ്‌ക്കെടുക്കുന്നില്ല. വളരെ പ്രാഥമികമായ ഈ വിദ്യാഭ്യാസം അവര്‍ക്ക് നഷ്ടപ്പെടുന്നതോടെ തന്നെ അവരിലെ താളപ്പിഴകള്‍ തുടങ്ങുന്നു.

പെണ്‍കുട്ടികളാണെങ്കില്‍ അധികവും ഉള്‍വലിഞ്ഞുപോവുകയും ആണ്‍കുട്ടികളാണെങ്കില്‍ മിക്കവാറും തെറ്റായ സൗഹൃദവലയങ്ങളില്‍ ചെന്നുപെട്ട് നശിച്ചുപോവുകയും ചെയ്യുന്നു. ഇന്ന് തിരുവല്ലയില്‍ നടന്ന സംഭവം തന്നെ ഉദാഹരണമായെടുക്കാം. ആ യുവാവിന് തന്റെ പ്രണയത്തെക്കുറിച്ചോ, അതില്‍ താന്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചോ തുറന്നുസംസാരിക്കാന്‍ മുതിര്‍ന്ന ആരെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍, ആരോടെങ്കിലും സംസാരിച്ച് അതില്‍ തീരുമാനമെടുത്താല്‍ മതിയെന്ന് അയാള്‍ക്ക് തോന്നിയിരുന്നുവെങ്കില്‍ ദുഖകരമായ ഈ സംഭവം ഉണ്ടാകുമായിരുന്നില്ല. 

അപ്പോള്‍ സ്വയം തീരുമാനമെടുക്കാനും, അതിലേക്കെത്താനുമൊക്കെ കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ പരിശീലനങ്ങള്‍ ആവശ്യമാണ്. അതല്ലെങ്കില്‍ ഇതുപോലെ അവര്‍ തെറ്റായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ നമുക്ക് കണ്ടുനില്‍ക്കാന്‍ മാത്രമേ കഴിയൂ. 

ഡോക്ടര്‍ പറയുന്നു...

'ഇങ്ങനെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ആക്രമണമൊക്കെ നടത്തുന്ന ചെറുപ്പക്കാര്‍ അധികവും 25 വയസ്സിന് താഴെയുള്ളവരാണ്. യുവത്വത്തിന്റെ പ്രസരിപ്പിനൊപ്പം തന്നെ ഏറെ ആശങ്കകളും പ്രശ്‌നങ്ങളുമെല്ലാം നേരിടുന്ന പ്രായമാണ്. ഇഷ്ടമുള്ള എന്തും അനുകരിക്കാന്‍ ശ്രമിക്കുന്ന പ്രായം. പ്രണയമൊക്കെ അത്തരത്തില്‍ അവരെ വലിയ രീതിയില്‍ സ്വാധീനിക്കും. എല്ലാം മറന്ന് ആത്മാര്‍ത്ഥമായി പ്രണയിക്കും. അപ്പോള്‍ അത് തിരിച്ചുകിട്ടിയില്ലെങ്കില്‍ നിരാശയാകും. ആ നിരാശ തന്നെ വൈരാഗ്യവും വെറുപ്പും ഒക്കെയായി മാറും. അത് പ്രായത്തിന്റെ പക്വതയില്ലായ്മ തന്നെയാണ്. അങ്ങനെയുള്ള ഘട്ടങ്ങളിലൊക്കെ തുറന്ന് സംസാരിക്കാന്‍ അവര്‍ക്ക് ആരെങ്കിലും കൂടെ വേണം. അതില്ലാത്ത പക്ഷം ഇങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും'- കോഴിക്കോട് കെഎംസിടി മെഡിക്കല്‍ കോളേജില്‍ സൈക്കാട്രി അധ്യാപകനായ ഡോ. പി എന്‍ സുരേഷ് കുമാര്‍ പറയുന്നു. 

സമൂഹം ഇത്തരത്തിലുള്ള തെറ്റുകള്‍ ചെയ്യുന്നവരെ കുറ്റവാളിയാക്കി ചിത്രീകരിക്കുന്നതിന് പകരം, നാമോരോരുത്തരും ഇതില്‍ പങ്കാളിയാണ്, നമ്മുടെയെല്ലാം ജാഗ്രതയില്ലായ്മയാണ് ഇങ്ങനെയുള്ള അനിഷ്ട സംഭവങ്ങളുണ്ടാക്കുന്നത് എന്ന് സംയമനത്തോടെ ചിന്തിച്ച് ഇനിയെങ്കിലും മനസ്സിലാക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു

'ഇപ്പോള്‍ നമുക്ക് നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായം ഇക്കാര്യങ്ങളിലൊക്കെ വളരെ പിറകിലാണെന്ന് പറയേണ്ടി വരും. സ്‌കൂളിംഗിന്റെ ഭാഗമായി തന്നെ പ്രിവിന്റീവ് കൗണ്‍സിലിംഗുകള്‍ നല്‍കണം. അതായത് അപകടകരമായ ചിന്തകളിലേക്കും സംഭവങ്ങളിലേക്കും എത്തും മുമ്പ് തന്നെ കുട്ടികളെ ബോധവത്കരിക്കുന്ന ക്ലാസുകള്‍. അവ നിര്‍ബന്ധമാക്കണം. അതോടൊപ്പം ഏത് വിഷയത്തെക്കുറിച്ചും സ്വതന്ത്രമായി കുട്ടികള്‍ക്ക് ചോദ്യം ചോദിക്കാനും ആരോഗ്യപരമായ ചര്‍ച്ചകള്‍ നടത്താനുമുള്ള അവസരങ്ങള്‍ വീട്ടിനകത്ത് തന്നെയുണ്ടാകണം. അങ്ങനെയാകുമ്പോള്‍ നമ്മുടെ നിയന്ത്രണത്തിലല്ലാത്ത തരം സൗഹൃദങ്ങളിലേക്ക് അവരൊരിക്കലും ചെന്നുകയറുകയില്ല. അതല്ലാതെ കോടതി കുറ്റം വിധിക്കുന്നത് പോലെ ഓരോ സംഭവങ്ങളിലും കുറ്റവും ശിക്ഷയും വിധിച്ച് നമ്മള്‍ മുന്നോട്ട് പോകുന്നതില്‍ അര്‍ത്ഥമില്ല. മാനസികാരോഗ്യത്തിന് നിത്യജീവിതത്തില്‍ അത്രയും പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കുക. അതിനെ അഭിസംബോധന ചെയ്തുകൊണ്ട് തന്നെ ജിവിക്കുക..'- ഡോക്ടര്‍ പറയുന്നു. 

click me!