'കുഞ്ഞിനെ നോക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല'; തൂക്കം 110ല്‍ നിന്ന് 65ല്‍ എത്തിച്ച കഥ!

By Web TeamFirst Published Mar 12, 2019, 12:36 PM IST
Highlights

 പ്രസവം കഴിഞ്ഞപ്പോള്‍ പ്രസവാനന്തര- ആരോഗ്യപരിപാലനത്തിന്റെ പേരിലും നല്ല രീതിയില്‍ ഭക്ഷണവും മറ്റ് മരുന്നുകളുമെല്ലാം വച്ചുകാച്ചി. എന്തിന് പറയുന്നു കുഞ്ഞിന് മാസങ്ങള്‍ തികയുമ്പോഴേക്ക് അര്‍പിതയുടെ ശരീരഭാരം 110 കിലോയിലെത്തി
 

വിവാഹം കഴിയുന്നതിന് മുമ്പ് അര്‍പിത റായ് മിക്കവാറും കോളേജ് പെണ്‍കുട്ടികളെപ്പോലെ മെലിഞ്ഞായിരുന്നു ഇരുന്നത്. വിവാഹം കഴിഞ്ഞിട്ടും വലിയ രീതിയിലുള്ള മാറ്റങ്ങളൊന്നുമുണ്ടായില്ല. എന്നാല്‍ ഗര്‍ഭിണിയായപ്പോള്‍ മുതല്‍ കുറേശ്ശെയായി തടി കൂടാന്‍ തുടങ്ങി. 

ഡയറ്റും മറ്റ് വ്യായാമങ്ങളുമൊന്നും ഗര്‍ഭകാലത്തിന് അത്ര നന്നല്ല എന്നറിയുന്നത് കൊണ്ടുതന്നെ അപ്പോള്‍ അതിനൊന്നും മെനക്കെട്ടില്ല. അങ്ങനെ പ്രസവം കഴിഞ്ഞു. പ്രസവം കഴിഞ്ഞപ്പോള്‍ പ്രസവാനന്തര- ആരോഗ്യപരിപാലനത്തിന്റെ പേരിലും നല്ല രീതിയില്‍ ഭക്ഷണവും മറ്റ് മരുന്നുകളുമെല്ലാം വച്ചുകാച്ചി. 

എന്തിന് പറയുന്നു കുഞ്ഞിന് മാസങ്ങള്‍ തികയുമ്പോഴേക്ക് അര്‍പിതയുടെ ശരീരഭാരം 110 കിലോയിലെത്തി. കുഞ്ഞിന്റെ കാര്യങ്ങള്‍ പോലും നോക്കാന്‍ കഴിയാതിരിക്കുന്ന അവസ്ഥയിലെത്തിയതോടെയാണ് നിരാശ തോന്നിത്തുടങ്ങിയത്. ഒപ്പം തന്നെ വീട്ടുജോലികള്‍ ചെയ്യാനും ഏറെ പ്രയാസം തോന്നി. ചെറുതായിട്ട് എന്തെങ്കിലും ചെയ്താല്‍ തന്നെ പെട്ടെന്ന് കിതപ്പും തളര്‍ച്ചയും വരും. 

തടി കൂടിയതിനെ തുടര്‍ന്നുണ്ടാകുന്ന വിഷമതകളാണ്, തടി കുറച്ചേ പറ്റൂവെന്ന് ഡോക്ടര്‍മാരും പറഞ്ഞു. പ്രായവും അത്ര കൂടുതലല്ല, ആകെ ഇരുപത്തിയൊമ്പത് വയസ്സേയുള്ളൂ. പിന്നെ ഒരുപാടൊന്നും ചിന്തിക്കാന്‍ പോയില്ല. ഒരു ഡയറ്റീഷ്യന്റെ സഹായത്തോടെ ഡയറ്റില്‍ തന്നെ ആദ്യമാറ്റങ്ങള്‍ കൊണ്ടുവന്നു. ചിട്ടവട്ടങ്ങളിലും കാര്യമായ മാറ്റങ്ങള്‍ വരുത്തി. 

രാവിലെ എണീറ്റ്, വൈകാതെ തന്നെ നടക്കാന്‍ പോകും. ആ നടപ്പ് ഏകദേശം 45- 50 മിനുറ്റ് നേരത്തേക്ക് നീളും. ബ്രേക്ക്ഫാസ്റ്റ് വളരെ ലളിതമാണ്. ഒരു ആപ്പിളും അല്‍പം ഓട്ട്‌സും കൂട്ടത്തില്‍ കൊഴുപ്പ് കുറഞ്ഞ കുറച്ച് പാലും. ഉച്ചക്ക് രണ്ട് ചപ്പാത്തിയും പച്ചക്കറിയും പരിപ്പും, രാത്രിയും മിതമായ ഭക്ഷണമേയുള്ളൂ. ഒരു ചപ്പാത്തിയും പരിപ്പും അല്‍പമെന്തെങ്കിലും പച്ചക്കറികളും. വല്ലപ്പോഴും രാജ്മ പോലുള്ള വല്ലതും മസാലയൊക്കെ ചേര്‍ത്തത് കഴിക്കും. എല്ലാം വീട്ടില്‍ പാകം ചെയ്തത്. പുറത്തുനിന്ന് ഒന്നും കഴിക്കില്ല. 

ആറ് മാസം കൊണ്ട് അത്ഭുതകരമായ മാറ്റമായിരുന്നു അര്‍പിതയ്ക്ക് സംഭവിച്ചത്. 110 കിലോയില്‍ നിന്ന് തൂക്കം 65ല്‍ എത്തി. 45 കിലോ ആറ് മാസം കൊണ്ട് ആവിയായി. കൃത്യമായ ഡയറ്റ് തന്നെയാണ് തനിക്ക് തുണയായതെന്നാണ് അര്‍പിത പറയുന്നത്. കൂട്ടത്തില്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു കിടിലന്‍ ടിപ്പും അര്‍പിതയ്ക്ക് നല്‍കാനുണ്ട്. 

മറ്റൊന്നുമല്ല, ഡയറ്റിനൊപ്പം പഞ്ചസാരയും മറ്റ് മധുരങ്ങളും കഴിയാവുന്നയത്രയും ഒഴിവാക്കണം. വണ്ണം വര്‍ധിക്കാന്‍ ഏറ്റവുമധികം ഇടയാക്കുന്ന ഒരു ഘടകമാണത്രേ മധുരം. എത്ര ഡയറ്റും വര്‍ക്കൗട്ടും ചെയ്താലും വണ്ണം കുറയുന്നില്ലെന്ന് പരാതിപ്പെടുന്നവരും ഇതൊന്ന് ശ്രമിച്ചുനോക്കണമെന്നാണ് ഇവര്‍ പറയുന്നത്. 

ഇപ്പോള്‍ കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കാനും വീട്ടുജോലികള്‍ ചെയ്യാനുമൊന്നും അര്‍പിതയ്ക്ക് ബുദ്ധിമുട്ടില്ല. ഒപ്പം പുറത്തിറങ്ങുമ്പോഴും ഒരാത്മവിശ്വാസമാണ്. വിവാഹത്തിന് മുമ്പ് കൂട്ടുകാരികള്‍ക്കൊപ്പമെല്ലാം കറങ്ങിനടക്കുമ്പോള്‍ തോന്നിയിരുന്ന അതേ സന്തോഷം.

click me!