
രാജ്യത്തെ സിനിമാസ്വാദാകരേയും ( Cinema Industry ) സിനിമാപ്രവര്‍ത്തകരേയും ഒരുപോലെ ഞെട്ടിച്ച വിയോഗമാണ് കന്നഡ താരം പുനീത് രാജ്കുമാറിന്റേത് ( Puneeth Rajkumar Death ) ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് താരത്തിന്റെ മരണവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്.
ഇന്ന് രാവിലെ ജിമ്മില്‍ പരിശീലനത്തില്‍ എത്തിയതായിരുന്നു പുനീത് രാജ്കുമാര്‍. വര്‍ക്കൗട്ട് തുടരുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് ആശുപത്രിയിലേക്ക് തിരിക്കുകയുമായിരുന്നുവത്രേ. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യമെന്നാണ് ലഭിക്കുന്ന വിവരം.
ആരോഗ്യകാര്യങ്ങളില്‍ ഇത്രമാത്രം ശ്രദ്ധ വച്ചുപുലര്‍ത്തിയിരുന്ന താരത്തിന്റെ അപ്രതീക്ഷിതമായ മരണം സിനിമാലോകത്തെ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കുമൊന്നും ഉള്‍ക്കൊള്ളാനായിട്ടില്ല. നാല്‍പത്തിയാറ് വയസാണ് പുനീതിന്. 'പവര്‍സ്റ്റാര്‍' എന്ന പേരിലറിയപ്പെടുന്ന താരം ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത വ്യക്തിയായിരുന്നു.
കൃത്യമായ വര്‍ക്കൗട്ട്. ഭക്ഷണപ്രിയനാണെങ്കില്‍ കൂടിയും കഴിയുന്നതും 'ബാലന്‍സ്ഡ്' ആയ ഡയറ്റ്. ജിമ്മിലെ വര്‍ക്കൗട്ടിന് പുറമെ ആയോധനകലകളിലും പരിശീലനം. എങ്ങനെയാണ് പുനീതിനെ പോലെ ശരീരത്തിന് ഇത്രയധികം പ്രാധാന്യം നല്‍കുന്നൊരാള്‍ ഇത്തരത്തില്‍ പെടുന്നനെ മരണത്തിന് കീഴടങ്ങുന്നതെന്നാണ് സുഹൃത്തുക്കളെല്ലാം ചോദിക്കുന്നത്.
പുനീതിന്റെ വിയോഗവാര്‍ത്ത വന്ന ശേഷം ഒരുപക്ഷേ അദ്ദേഹവുമായി അടുപ്പമുള്ളവരെല്ലാം തന്നെ ഒരുപോലെ ചര്‍ച്ച ചെയ്യുന്നതും ഈ വിഷയമാണ്. ലോക്ഡൗണ്‍ കാലത്ത് ക്രോസ്ഫിറ്റ്, മാര്‍ഷ്യല്‍ ആര്‍ട്‌സ്, യോഗ എന്നിങ്ങനെ വിവിധ രീതികളില്‍ ആരോഗ്യത്തിന് വേണ്ടിയുള്ള പരിശീലനങ്ങളിലേര്‍പ്പെട്ടിരുന്നു താരം. ഇതെക്കുറിച്ചെല്ലാം അഭിമുഖങ്ങളിലൂടെ സംസാരിക്കുകയും ചെയ്തിരുന്നു അദ്ദേഹം.
'ഞാന്‍ രാവിലെ എഴുന്നേറ്റ ശേഷം ക്രോസ് ഫിറ്റ്, മാര്‍ഷ്യല്‍ ആര്‍ട്‌സ് യോഗ എന്നിവയെല്ലാം ചെയ്യും. ഞാനിതെല്ലാം മിക്‌സ് ചെയ്താണ് ദിവസവും ചെയ്യുന്നത്. ജിം പരിശീലനം യഥാര്‍ത്ഥത്തില്‍ കുറച്ചുകൂടി ലക്ഷൂറിയാണെന്ന് എനിക്ക് തോന്നാറുണ്ട്. ഒരുപാട് സ്‌പെയ്‌സ് വേണം, സൗകര്യം വേണം. ഇവ അങ്ങനെയൊന്നുമല്ല. നമുക്കിപ്പോള്‍ അടിസ്ഥാനപരമായി വേണ്ടത് ആരോഗ്യത്തോടെയിരിക്കണം എന്നത് മാത്രമാണ്. അത്യാവശ്യം പ്രതിരോധ ശക്തി വേണം. അതിന് ഇവയൊക്കെ ധാരാളം. പിന്നെ ഞാന്‍ കാര്യമായി ഡയറ്റൊന്നും നോക്കുന്നില്ല. പക്ഷേ ലോക്ഡൗണ്‍ തീരുമ്പോഴേക്ക് ഞാന്‍ പഴയപടി തന്നെ ഫിറ്റ് ആയിരിക്കും, അതാണ് ലക്ഷ്യം...'- ലോക്ഡൗണ്‍ കാലത്തെ വര്‍ക്കൗട്ടിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ പുനീത് പറഞ്ഞതാണിത്.
സോഷ്യല്‍ മീഡിയയിലൂടെയും വര്‍ക്കൗട്ടിന്റെ വിശേഷങ്ങളും അതിന്റെ പ്രാധാന്യത്തെ കുറിച്ചുമെല്ലാം പുനീത് ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. യുവാക്കളെല്ലാം ഇത്തരത്തില്‍ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധാലുക്കളായിരിക്കണമെന്ന് പുനീത് ഓര്‍മ്മിപ്പിക്കുമായിരുന്നു.
എത്ര ആരോഗ്യമുള്ളവരിലായാലും മറഞ്ഞിരിക്കുന്ന ഏതെങ്കിലുമൊരു സാധ്യത ഹൃദയാഘാതത്തിലേക്ക് നയിക്കാം. അതുതന്നെയാണ് പുനീതിന്റെയും കാര്യത്തില്‍ സംഭവിച്ചതെന്ന് അനുമാനിക്കാം. ഫിറ്റ്‌നസ് എന്നത് തീര്‍ച്ചയായും ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്ന ഘടകം തന്നെ. പല അസുഖങ്ങളെയും അകലത്തിലാക്കാനും, പല ആരോഗ്യപ്രശ്‌നങ്ങളെയും മറികടക്കാനുമെല്ലാം ഇവ സഹായിച്ചേക്കാം. എന്നാല്‍ അനിവാര്യമായ ഒരു പ്രതിസന്ധിയെ മറികടക്കാന്‍ ഇവയ്‌ക്കൊന്നിനും കഴിയുകയില്ല.