Asianet News MalayalamAsianet News Malayalam

സിദ്ധാര്‍ഥ് ശുക്ലയുടെ മരണം; യുവാക്കളിൽ ഹൃദയാഘാതം ഉണ്ടാകാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്...?

ചെറുപ്പക്കാരിൽ ടൈപ്പ് 2 പ്രമേഹവും രക്തസമ്മർദ്ദവും ഉണ്ടാകുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കാം. ഉദാസീനമായ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും മൂലമുണ്ടാകുന്ന ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. രക്തസമ്മർദ്ദം ഹൃദയാഘാതത്തിനുള്ള ഒരു പ്രധാന കാരണമാണെന്നും ഡോ. ആശിഷ് അഗർവാൾ പറഞ്ഞു.

Why Are Heart Attacks on the Rise in Young People
Author
Trivandrum, First Published Sep 2, 2021, 6:41 PM IST

ബിഗ് ബോസ് ഹിന്ദി സീസണ്‍ 13 ലെ വിജയി സിദ്ധാര്‍ഥ് ശുക്ല (40) അന്തരിച്ച വാർത്ത എല്ലാവരും ഞെട്ടലോടെയാണ് കേട്ടത്. നടനും മോഡലും ടെലിവിഷന്‍ അവതാരകനുമായിരുന്നു അദ്ദേഹം. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 

ഇന്നലെ രാത്രി മരുന്നുകള്‍ കഴിച്ച് ഉറങ്ങാന്‍ കിടന്ന സിദ്ധാര്‍ഥ് ഉണര്‍ന്നില്ലെന്നാണ് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആശുപത്രിയില്‍ എത്തിക്കും മുന്‍പേ മരണം സംഭവിച്ചുവെന്നാണ് വിവരം. ഹൃദയാഘാതമാണ് മരണകാരണമെന്ന് പിന്നീടാണ് സ്ഥിരീകരിച്ചത്. 

യുവാക്കളിലെ ഹൃദയാഘാതത്തിന്റെ കാരണങ്ങൾ...?

യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാത മരണം കൂടിവരുന്നത് വളരെ ഗൗരവത്തോടെ ചിന്തിക്കേണ്ട വിഷയം തന്നെയാണ്.
യുവാക്കളുടെ ജീവിതരീതിയാണ് ഏറെക്കുറെ ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകുന്നതെന്നാണ് വിദ​ഗ്ധർ പറയുന്നത്. 18 നും 25 നും ഇടയില്‍ പ്രായമുള്ള യുവാക്കളില്‍ പോലും ഗുരുതരമായ ഹൃദയസംബന്ധ രോഗങ്ങള്‍ സ്ഥിരീകരിക്കുന്നുണ്ട്. 

പുകവലി, ഉദാസീനമായ ജീവിതശൈലി, മദ്യപാനം, സംസ്കരിച്ച ഭക്ഷണം കഴിക്കുക, പൊണ്ണത്തടി, സമ്മർദ്ദം എന്നിവ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി വ്യക്തമാക്കുന്നു.

 

Why Are Heart Attacks on the Rise in Young People

 

'മദ്യപാനം, പുകവലി, ഉറക്കമില്ലായ്മ, സമ്മർദ്ദം, എന്നിവയാണ് പ്രധാന കാരണങ്ങൾ. ജീവിതശൈലി മാറ്റങ്ങളെല്ലാം രക്താതിമർദ്ദം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത  വർദ്ധിപ്പിക്കുന്നു. 20 മുതൽ 30 വയസ് വരെയുള്ള യുവാക്കൾക്കിടയിൽ പ്രധാനമായി കണ്ട് വരുന്ന പ്രശ്നമാണ് ഉയർന്ന കൊളസ്ട്രോൾ...' - ദില്ലി ആകാശ് ഹെൽത്ത് കെയർ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റായ ഡോ. ആശിഷ് അഗർവാൾ പറയുന്നു.

ചെറുപ്പക്കാരിൽ ടൈപ്പ് 2 പ്രമേഹവും രക്തസമ്മർദ്ദവും ഉണ്ടാകുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കാം. ഉദാസീനമായ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും മൂലമുണ്ടാകുന്ന ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

രക്തസമ്മർദ്ദം ഹൃദയാഘാതത്തിനുള്ള ഒരു പ്രധാന കാരണമാണെന്നും ഡോ. ആശിഷ് പറഞ്ഞു. പാരമ്പര്യമായി രക്തസമ്മർദ്ദം അല്ലെങ്കിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ ഇടയ്ക്കിടെ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

വ്യായാമം ശീലമാക്കുക...

ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യാൻ സമയം മാറ്റി വയ്ക്കുക. സൈക്ലിങ്, ഓട്ടം, നീന്തൽ തുടങ്ങിയ കാർഡിയോ വ്യായാമങ്ങൾ ഹൃദയത്തിന് നല്ലതാണെന്ന് ഡോക്ടർ പറയുന്നു.

സമ്മർദ്ദം ഒഴിവാക്കാം...

യുവാക്കളില്‍ മാനസിക സമ്മര്‍ദ്ദവും വലിയ രീതിയില്‍ ഹൃദയാഘാതത്തിനു കാരണമാകുന്നു. ജോലി സംബന്ധമായ ടെന്‍ഷന്‍ യുവാക്കളുടെ ആരോഗ്യത്തെ താറുമാറാക്കും. ഇഷ്ടമുള്ള സ്ഥലങ്ങളിൽ യാത്ര പോകുന്നതും യോ​ഗ ചെയ്യുന്നമെല്ലാം സമ്മർദ്ദം ഒഴിവാക്കാൻ സഹായിക്കും.

പുകവലി ഉപേക്ഷിക്കുക...

പുകവലി പൂർണമായും ഉപേക്ഷിക്കുക. ഹൃദയാഘാതം ഉണ്ടാകാൻ പുകവലി പ്രധാന കാരണങ്ങളിലൊന്നാണെന്ന് വിദ​ഗ്ധർ പറയുന്നു.

പച്ചക്കറികളും പഴങ്ങളും കഴിക്കുക...

ഭക്ഷണത്തിൽ ദിവസവും 250 ഗ്രാം പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തുക. പച്ച നിറത്തിലുള്ള ഇലക്കറികൾ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ഉപ്പ് കഴിക്കുന്നതിന്റെ അളവ് കുറയ്ക്കുക. ശീതളപാനീയങ്ങൾ പൂർണമായും ഒഴിവാക്കുകയും ചെയ്യുക.

ജങ്ക് ഫുഡ് ഒഴിവാക്കാം...

ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, ശീതളപാനീയങ്ങള്‍ എന്നിവ പതിവാക്കുന്ന യുവാക്കള്‍ക്കിടയില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ പിടിപെടാം. ഹൃദയാഘാതത്തിലേക്കും ഇത് നയിച്ചേക്കാം. ഇത്തരം ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക.

ബിപിയും ഹൃദയാരോഗ്യവും; ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍...


 

Follow Us:
Download App:
  • android
  • ios