
ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരമാണ് രാജ്ഞിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം പുറത്തു വിട്ടത്. രാജ്ഞിയ്ക്ക് നേരിയ ലക്ഷണങ്ങൾ മാത്രമാണ് പ്രകടമായതെന്നും ബെക്കിംഗ്‌ഹാം പാലസ് അറിയിച്ചു. 95 വയസ്സുളള രാജ്ഞിയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും കൊട്ടാരം അറിയിച്ചു. കൊവിഡ് ബാധിച്ചതിന്റെ നേരിയ ലക്ഷണങ്ങൾ മാത്രമാണ് രാജ്ഞിക്ക് ഉളളത്.
കൊവിഡ് ബാധിതയായ രാജ്ഞി നിലവിൽ വിൻഡ്സർ കാസ്റ്റ്ലിലെ വസതിയിൽ വിശ്രമത്തിലാണ്. നേരത്തെ രാജ്ഞിയുടെ മകൻ ചാൾസ് രാജകുമാരനും കൊവിഡ് ബാധിച്ചിരുന്നു. ഈ മാസം പത്തിനായിരുന്നു ചാൾസ് രാജകുമാരന് കൊവിഡ് പിടിപ്പെട്ടത്.
കൊവിഡ് സ്ഥിരീകരിക്കുന്നതിന് രണ്ടു ദിവസം മുൻപ് രാജകുമാരൻ എലിസബത്ത് രാജ്ഞിയെ നേരിട്ട് സന്ദർശിച്ചിരുന്നു. മകനിൽ നിന്നുമാവാം രാജ്ഞിയ്ക്ക് കൊവിഡ് പിടിപ്പെട്ടതെന്നാണ് നിഗമനം. എലിസബത്ത് രാജ്ഞി അധികാരത്തിലെത്തിയതിന്റെ 70ാം വാർഷികം ഇക്കഴിഞ്ഞ ഫെബ്രുവരി 6ന് ആചരിച്ചിരുന്നു.