മുഖക്കുരുവിന്റെ സ്ഥാനം നോക്കി കാരണം മനസിലാക്കാം...

By Web TeamFirst Published Jul 25, 2021, 4:28 PM IST
Highlights

ആവശ്യത്തിന് വെള്ളം കുടിക്കുക, ആരോഗ്യകരമായ ഡയറ്റ് പാലിക്കുക, ഉറക്കത്തിന്റെ ക്രമം കൃത്യമാക്കുക എന്നീ ലൈഫ്‌സ്റ്റൈല്‍ ഘടകങ്ങളിലൂടെ തന്നെ മുഖക്കുരുവിനെ വലിയ പരിധി വരെ തടയാമെന്നാണ് ഡോ. ഗീതിക അവകാശപ്പെടുന്നത്. പതിവായി മുഖക്കുരുവുണ്ടാവുകയും അതിനൊപ്പം അധികമായി വെയില്‍ കൊള്ളുകയും ചെയ്താല്‍ ചര്‍മ്മത്തെ 'ഹൈപ്പര്‍ പിഗ്മെന്റേഷന്‍' എന്ന പ്രശ്‌നം ബാധിക്കുമെന്നും ഡോ. ഗീതിക ഓര്‍മ്മപ്പെടുത്തുന്നു

കൗമാരകാലത്തില്‍ മുഖക്കുരുവുണ്ടാകുന്നത് അധികവും ഹോര്‍മോണ്‍ വ്യതിയാനങ്ങളെ തുടര്‍ന്നാണ്. എന്നാല്‍ ഇതിന് ശേഷവും മുഖക്കുരുവുണ്ടാകുന്നുണ്ടെങ്കില്‍ അതിന് ലൈഫ്‌സ്റ്റൈലുമായി ബന്ധപ്പെട്ട പല കാരണങ്ങള്‍ കൂടിയുണ്ടാകാം. 

എങ്ങനെയാണ് ഇക്കാരണങ്ങള്‍ മനസിലാക്കുവാനാവുക? 

ഡെര്‍മെറ്റോളജിസ്റ്റായ ഡോ. ഗീതിക മിത്തല്‍ ഗുപ്ത ഇതിനൊരു എളുപ്പവഴി നിർദേശിക്കുകയാണ്. മുഖക്കുരു ഉണ്ടാകുന്ന മുഖത്തെ സ്ഥാനങ്ങള്‍ നോക്കി തന്നെ ഒരു പരിധി വരെ കാരണങ്ങള്‍ നിര്‍ണയിക്കാനാകുമെന്നാണ് ഡോ. ഗീതിക പറയുന്നത്. 

ഉദാഹരണത്തിന് താടിയുടെ ഭാഗത്തായാണ് മുഖക്കുരുവുണ്ടാകുന്നതെങ്കില്‍ അത് ഹോര്‍മോണ്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതായിരിക്കും. രക്തപരിശോധനയിലൂടെ ഇക്കാര്യം ഉറപ്പിക്കാനാകും. ഇനി സാധാരണഗതിയില്‍ മുഖക്കുരുവുണ്ടാകുന്ന മറ്റ് സ്ഥാനങ്ങളും അവയുടെ കാരണം കൂടി അറിയാം... 

 

 

ഒന്ന്...

നെറ്റിയിലോ മുഖത്തോ മുഖക്കുരു ഉണ്ടാകുന്നുണ്ടെങ്കില്‍, അത് മാനസിക സമ്മര്‍ദ്ദത്തിന്റെയോ മോശം ഡയറ്റിന്റെയോ ഉറക്കക്രമത്തിലെ പ്രശ്‌നങ്ങളുടെയോ ദഹനസംബന്ധമായ പ്രശ്‌നങ്ങളുടെയോ സൂചനയാകാം. 

രണ്ട്...

ചെവിയുടെ പരിസരങ്ങളിലായും ചിലര്‍ക്ക് മുഖക്കുരുവുണ്ടാകാറുണ്ട്. ഇത് ബാക്ടീരിയല്‍ ബാധ മൂലമോ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ മൂലമോ ആകാം. അല്ലെങ്കില്‍ കോസ്‌മെറ്റികെ ഉത്പന്നങ്ങളില്‍ നിന്നോ ഹെയര്‍ കെയര്‍ ഉത്പന്നങ്ങളില്‍ നിന്നോ ഉണ്ടാകുന്ന അലര്‍ജി മൂലമോ ആകാം. 

മൂന്ന്...

കവിളത്താണ് മിക്കവര്‍ക്കും മുഖക്കുരു വരാറ്. ഇത് അധികവും ശുചിത്വവുമായി ബന്ധപ്പെട്ടാണ് ഉണ്ടാകാറെന്നാണ് ഡോ. ഗീതിക സൂചിപ്പിക്കുന്നത്. തലയിണക്കവര്‍ വൃത്തിയില്ലാതിരിക്കുക, ഫോണ്‍ സ്‌ക്രീന്‍ വൃത്തിയില്ലാതിരിക്കുക, മേക്കപ്പ് ബ്രഷുകള്‍ വൃത്തിയില്ലാതിരിക്കുക എന്നിങ്ങനെയുള്ള കാരണങ്ങള്‍ കൊണ്ടെല്ലാം കവിളത്ത് മുഖക്കുരു വരാം. 

നാല്...

നെറ്റിയില്‍ മുടിയിഴകള്‍ ആരംഭിക്കുന്ന ഭാഗങ്ങളില്‍ മുഖക്കുരു ഉണ്ടാകുന്നുണ്ടെങ്കില്‍ അത്, ഹെയര്‍ കെയര്‍ ഉത്പന്നങ്ങളുടെ പ്രശ്‌നമാകാം. 

അഞ്ച്...

പുരികത്തിന്റെ പരിസരങ്ങളിലാണ് മുഖക്കുരു ഉണ്ടാകുന്നതെങ്കില്‍ ആഴത്തില്‍ രോമങ്ങള്‍ വളരുന്നത്, രോമകൂപങ്ങളില്‍ അണുബാധ, കണ്ണിനുള്ള മേക്കപ്പിനോടുള്ള അലര്‍ജിക് റിയാക്ഷന്‍, വെള്ളം കുടിക്കുന്നതിന്റെ അളവ് കുറയുന്നത്, പിത്താശയ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ മൂലമാകാം. 

 

 

ആറ്...

താടിയുടെ ഭാഗത്തായി മുഖക്കുരുവുണ്ടാകുന്നത് മോശം ഡയറ്റിന്റെയും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുടെയും കാരണമാകാം. 

ആവശ്യത്തിന് വെള്ളം കുടിക്കുക, ആരോഗ്യകരമായ ഡയറ്റ് പാലിക്കുക, ഉറക്കത്തിന്റെ ക്രമം കൃത്യമാക്കുക എന്നീ ലൈഫ്‌സ്റ്റൈല്‍ ഘടകങ്ങളിലൂടെ തന്നെ മുഖക്കുരുവിനെ വലിയ പരിധി വരെ തടയാമെന്നാണ് ഡോ. ഗീതിക അവകാശപ്പെടുന്നത്. പതിവായി മുഖക്കുരുവുണ്ടാവുകയും അതിനൊപ്പം അധികമായി വെയില്‍ കൊള്ളുകയും ചെയ്താല്‍ ചര്‍മ്മത്തെ 'ഹൈപ്പര്‍ പിഗ്മെന്റേഷന്‍' എന്ന പ്രശ്‌നം ബാധിക്കുമെന്നും ഡോ. ഗീതിക ഓര്‍മ്മപ്പെടുത്തുന്നു. 

കൃത്യമായ ഇടവേളകളില്‍ മുഖം സ്‌ക്രബ് ചെയ്യുകയാണെങ്കില്‍ അത് മുഖചര്‍മ്മത്തെ ഭംഗിയാക്കാനും 'സോഫ്റ്റ്' ്ആക്കാനുമെല്ലാം ഉപകരിക്കുമെന്നും അവര്‍ പറയുന്നു.

Also Read:- താരന്‍ അകറ്റാന്‍ പരീക്ഷിക്കാം ഈ ഹെയര്‍ മാസ്കുകള്‍...

click me!