ഇരുപതുകളിലും മുപ്പതുകളിലും പുരുഷന്മാരില്‍ മുടി കൊഴിച്ചില്‍; കാരണങ്ങള്‍ ഇവയാകാം...

By Web TeamFirst Published Oct 16, 2021, 4:57 PM IST
Highlights

വൈറ്റമിന്‍- സി സമ്പന്നമായ ഡയറ്റ് ഒരു പരിധി വരെ മുടി കൊഴിച്ചിലിന് പരിഹാരം നല്‍കുമെന്നും ഒപ്പം തന്നെ ലൈഫ്‌സറ്റൈല്‍ ആകെയും മാറ്റി പരീക്ഷിച്ച് നോക്കേണ്ടതുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ആവശ്യമെങ്കില്‍ ഇതിന് ഡെര്‍മറ്റോളജിസ്റ്റുകളുടെയോ മറ്റ് വിദഗ്ധരുടെയോ നിര്‍ദേശം തേടാമെന്നും ഡോക്ടര്‍ പറയുന്നു

മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പലവിധത്തിലുള്ള പരാതികളും ആളുകള്‍ ഉന്നയിക്കാറുണ്ട്. മുടി കൊഴിച്ചില്‍ തന്നെയാണ് ഇതില്‍ ഏറ്റവും മുന്‍പന്തിയിലുള്ളത്. പുരുഷന്മാരിലും സ്ത്രീകളിലുമെല്ലാം ഒരുപോലെ ബാധകമായിട്ടുള്ളൊരു പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. 

എന്നാല്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ചെറുപ്പക്കാരായ പുരുഷന്മാരില്‍ മുടി കൊഴിച്ചില്‍ കൂടിവരുന്നതായി പല പഠനങ്ങളും ഇപ്പോള്‍ സൂചിപ്പിക്കുന്നുണ്ട്. പ്രധാനമായും ജീവിതരീതികളില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ തന്നെയാണ് ഇതിന് കാരണമായി മാറുന്നത്. 

മുമ്പ് അമ്പതോ അറുപതോ വയസുള്ളവരാണ് കഷണ്ടിയെ പറ്റി വേവലാതിപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോഴത് ഇരുപതുകളിലും മുപ്പതുകളിലും തന്നെ കണ്ടുവരുന്നുവെന്ന് പ്രമുഖ ഡെര്‍മറ്റോളജിസ്റ്റായ ഡോ. കിരണ്‍ പറയുന്നു. എന്തുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിക്കുന്നത്? 

ജീവിതരീതിയുമായി ബന്ധപ്പെട്ട അഞ്ച് കാരണങ്ങള്‍ പങ്കുവയ്ക്കുകയാണ് ഡോ. കിരണ്‍. 

1. ഭക്ഷണത്തില്‍ പഞ്ചസാരയുടെ അളവ് കൂടിയാല്‍ മുടി കൊഴിച്ചില്‍ സംഭവിക്കാം. 

2. കാര്‍ബോഹൈഡ്രേറ്റ് അധികമായി അടങ്ങിയ ഭക്ഷണവും പതിവാക്കിയാല്‍ മുടിയുടെ ആരോഗ്യത്തെ ബാധിക്കാം. 

3. ചില വൈറ്റമിനുകളുടെ കുറവ് മൂലവും മുടി കൊഴിച്ചിലുണ്ടാകാം. എന്നാലിത് പലപ്പോഴും തിരിച്ചറിയപ്പെടാതെ പോവുകയാണ് പതിവ്. 

4. ലൈഫ്‌സ്റ്റൈല്‍ പ്രശ്‌നങ്ങള്‍ തൈറോയ്ഡ് ഗ്രന്ഥിയെ ബാധിച്ചുതുടങ്ങുന്നതും ഒരു കാരണമാകാം. 

5. ചിലര്‍ പ്രോട്ടീന്‍ പൗഡര്‍ ഉപയോഗിക്കാറുണ്ട്. ഇതും മുടി കൊഴിച്ചിലിന് കാരണമായി വരാറുണ്ട്. 

മേല്‍പ്പറഞ്ഞ കാരണങ്ങള്‍ മാത്രമാണ് ഇരുപതുകളിലോ മുപ്പതുകളിലോ ഉള്ള പുരുഷന്മാരില്‍ മുടി കൊഴിച്ചിലുണ്ടാക്കുന്നത് എന്നില്ല. പക്ഷേ സാധ്യതകള്‍ ഇവയാകാമെന്ന് ഡോ. കിരണ്‍ ചൂണ്ടിക്കാട്ടുന്നു. വൈറ്റമിന്‍- സി സമ്പന്നമായ ഡയറ്റ് ഒരു പരിധി വരെ മുടി കൊഴിച്ചിലിന് പരിഹാരം നല്‍കുമെന്നും ഒപ്പം തന്നെ ലൈഫ്‌സറ്റൈല്‍ ആകെയും മാറ്റി പരീക്ഷിച്ച് നോക്കേണ്ടതുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ആവശ്യമെങ്കില്‍ ഇതിന് ഡെര്‍മറ്റോളജിസ്റ്റുകളുടെയോ മറ്റ് വിദഗ്ധരുടെയോ നിര്‍ദേശം തേടാമെന്നും ഡോക്ടര്‍ പറയുന്നു. 

Also Read:- കരുത്തും നീളവുമുള്ള തലമുടി; ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ...

click me!