
എല്ല് തേയ്മാനം സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം കാണപ്പെടുന്ന പ്രധാനപ്പെട്ട ഒരു ആരോഗ്യപ്രശ്‌നമാണ്. എന്നാല്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. പ്രായമായി വരുമ്പോഴാണ് സാധാരണഗതിയില്‍ ഒരാളില്‍ എല്ല് തേയ്മാനം സംഭവിക്കുന്നത്. എല്ല് തേയ്മാനത്തിന്റെ ഏറ്റവും വലിയ കാരണവും പ്രായാധിക്യം തന്നെ.
ഇന്ന്, ഒക്ടോബര്‍ 20, എല്ല് തേയ്മാനത്തെ കുറിച്ച് അവബോധമുണ്ടാക്കുന്നതിനായി ലോക 'ഓസ്റ്റിയോപോറോസിസ് ഡേ' ആയി ആചരിക്കപ്പെടുമ്പോള്‍ ഇതെക്കുറിച്ച് അടിസ്ഥാനപരമായി അറിയേണ്ട ചിലത് അറിയാം.
എല്ലിന്റെ ബലം കുറഞ്ഞ് ക്രമേണ ക്ഷയിക്കുന്ന അവസ്ഥയാണ് എല്ല് തേയ്മാന്ം. സമയബന്ധിതമായി കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്തില്ലെങ്കില്‍ എല്ലുകള്‍ക്ക് പൊട്ടല്‍ സംഭവിക്കാന്‍ വരെ ഇത് കാരണമാകും.
നേരത്തേ സൂചിപ്പിച്ചത് പോലെ പുരുഷന്മാരെക്കാള്‍ കൂടുതലായി സ്ത്രീകളിലാണ് എല്ല് തേയ്മാനം കാണപ്പെടുന്നത്. പ്രായാധിക്യത്തിന് പുറമെ മറ്റ് ചില ഘടകങ്ങള്‍ കൂടി ഇതിന് കാരണമായി വരാറുണ്ട്. ആര്‍ത്തവ വിരാമത്തോടനുബന്ധിച്ച് ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളെ തുടര്‍ന്ന് സ്ത്രീകളില്‍ എല്ല് തേയ്മാനമുണ്ടാകാറുണ്ട്.
ഇവയ്ക്ക് പുറമെ തൈറോയ്ഡ്, വിറ്റാമിന്‍- ഡിയുടെ കുറവ്, ആര്‍ത്തവത്തിലെ ക്രമക്കേടുകള്‍, അമിതവണ്ണം, വ്യായാമമില്ലായ്മ, മദ്യപാനം, പുകവലി, മറ്റ് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം, സ്റ്റിറോയ്ഡുകളുടെ ഉപയോഗം എന്നിവയും സ്ത്രീകളില്‍ എല്ല് തേയ്മാനത്തിന് കാരണമാകാറുണ്ട്. ജീവിതശൈലികളില്‍ മാറ്റം വരുത്തുന്നതോടെ മാത്രമാണ് എല്ല് തേയ്മാനത്തെ ഫലപ്രദമായി പ്രതിരോധിക്കാനാകൂ. ഇതിന് സമയത്തിന് അസുഖം കണ്ടെത്തേണ്ടതും അത്യാവശ്യമാണ്.
Also Read:- വജൈനല്‍ അണുബാധ മുതല്‍ ക്യാന്‍സര്‍ വരെ അകറ്റാം; സ്ത്രീകള്‍ കഴിക്കേണ്ട 6 ഭക്ഷണങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam