Asianet News MalayalamAsianet News Malayalam

Frequent Urination : ഉറക്കത്തിനിടയിലും ഉണര്‍ന്ന് ഇടവിട്ട് മൂത്രമൊഴിക്കാന്‍ പോകാറുണ്ടോ? ഇത് സൂചനയാകാം...

ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 6-7 പ്രാവശ്യമോ അല്ലെങ്കില്‍ നല്ല ആരോഗ്യമുള്ളവരെ സംബന്ധിച്ചാണെങ്കില്‍ പത്ത് പ്രാവശ്യമോ മൂത്രമൊഴിക്കുന്നത് 'നോര്‍മല്‍' ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ആരോഗ്യത്തിന് അനുസൃതമായി ഇതില്‍ അധികം തവണ മൂത്രമൊഴിക്കാന്‍ പ്രവണതയുണ്ടെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ട് വേണ്ട പരിശോധന നടത്തേണ്ടതാണ്

frequent urination may be the early sign of type 2 diabetes
Author
Trivandrum, First Published Dec 15, 2021, 11:48 PM IST

നമ്മുടെ ആരോഗ്യകാര്യങ്ങളില്‍ ( Health Issues ) എന്തെങ്കിലും തരത്തിലുള്ള പോരായ്കകളോ പ്രശ്‌നങ്ങളോ ഉണ്ടായിട്ടുണ്ടെങ്കില്‍, അല്ലെങ്കില്‍ ഉണ്ടാകുന്നുവെങ്കില്‍ ശരീരം തന്നെ പല സൂചനകളാല്‍ അത് വ്യക്തമാക്കാം. ഏതൊരു രോഗത്തിന്റെയും ലക്ഷണങ്ങള്‍ ( Symptoms ) എന്ന് നാം വിളിക്കുന്നത് ഈ സൂചനകളെയാണ്. 

പലപ്പോഴും പല രോഗങ്ങളുടെയും ലക്ഷണങ്ങളില്‍ സമാനതകള്‍ വരാം. അത്തരമൊരു രോഗലക്ഷണമാണ് ഇടവിട്ട് മൂത്രം പോകുന്നത്. മൂത്രാശയ സംബന്ധമായ രോഗങ്ങള്‍, വാര്‍ധക്യസഹജമായ വിഷമതകള്‍, ഗര്‍ഭകാലം, അമിത മദ്യപാനം, അമിതമായി കഫേന്‍ അകത്തെത്തുന്നത്, വൃക്ക രോഗം, ഹാപ്പര്‍ കാത്സീമിയ, കുഷിംഗ് സിന്‍ഡ്രോം, ഉത്കണ്ഠ, കരള്‍ രോഗം എന്നിങ്ങനെ പല അസുഖങ്ങളുടെയും ഭാഗമായി ഇടവിട്ട് മൂത്രം പോകാം. 

ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 6-7 പ്രാവശ്യമോ അല്ലെങ്കില്‍ നല്ല ആരോഗ്യമുള്ളവരെ സംബന്ധിച്ചാണെങ്കില്‍ പത്ത് പ്രാവശ്യമോ മൂത്രമൊഴിക്കുന്നത് 'നോര്‍മല്‍' ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ആരോഗ്യത്തിന് അനുസൃതമായി ഇതില്‍ അധികം തവണ മൂത്രമൊഴിക്കാന്‍ പ്രവണതയുണ്ടെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ട് വേണ്ട പരിശോധന നടത്തേണ്ടതാണ്. 

രാത്രിയില്‍ ഉറക്കത്തിനിടയില്‍ പോലും ഉണര്‍ന്ന് പലപ്പോഴും മൂത്രമൊഴിക്കാന്‍ പോകുന്നുവെങ്കില്‍ അക്കാര്യവും പ്രത്യേകം ശ്രദ്ധയിലെടുക്കുക. ശരീരത്തില്‍ അമിതമായി വരുന്ന 'ഷുഗര്‍' മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നതിനാലാണ് പ്രമേഹമുള്ളപ്പോള്‍ മൂത്രശങ്ക വര്‍ധിക്കുന്നത്. 

അധികവും ടൈപ്പ് 2 പ്രമേഹത്തിന്റെ ആദ്യം പ്രകടമാകുന്ന ലക്ഷണമായാണ് ഇത് വരാറ്. വായ വരണ്ടിരിക്കുക, കാലില്‍ മരവിപ്പ്, പെട്ടെന്ന് ശരീരഭാരം കുറയുക, കാഴ്ചയില്‍ മങ്ങല്‍ എന്നിവയെല്ലാമാണ് മറ്റ് ലക്ഷണങ്ങളായി സാധാരണഗതിയില്‍ കാണാറ്. 

പ്രമേഹത്തെ നിസാരമായൊരു ജീവിതശൈലീപ്രശ്‌നമായി പലരും കാണാറുണ്ട്. എന്നാല്‍ ഇത് പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കാവുന്ന ഗൗരവമുള്ളൊരു അസുഖം തന്നെയാണ്. അത്രയും പ്രാധാന്യം ഇതിന് നല്‍കിക്കൊണ്ട് വേണം മുന്നോട്ടുപോകാന്‍. 

Also Read:- നേരത്തെ തിരിച്ചറിയാം വൃക്ക രോഗത്തിന്‍റെ ഈ അഞ്ച് ലക്ഷണങ്ങള്‍...

Follow Us:
Download App:
  • android
  • ios