ചെറുപ്പം സൂക്ഷിക്കാന്‍ മനുഷ്യരെ സഹായിക്കുന്നത് എന്താണെന്നറിയാമോ?

By Web TeamFirst Published Apr 4, 2019, 1:35 PM IST
Highlights

എന്ത് ഘടകമാണ് നമ്മളിലെ ചെറുപ്പം സൂക്ഷിക്കാന്‍ സഹായിക്കുന്നത്? അല്ലെങ്കില്‍ നമ്മളെ എളുപ്പം വാര്‍ധക്യത്തിലെത്തിക്കുന്നത് എന്ത് ഘടകമാണ്? വളരെ സുപ്രധാനപ്പെട്ട ഈ അന്വേഷണത്തിന് കൃത്യമായ ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍
 

ആര്‍ക്കാണ് പെട്ടെന്ന് പ്രായമായതായി തോന്നിക്കുന്ന രൂപം ഇഷ്ടപ്പെടുക! നമ്മുടെ എല്ലാവരുടെയും മനസ്സില്‍ നമ്മളെപ്പോഴും ചെറുപ്പമായിരിക്കാനല്ലേ ആഗ്രഹം! എന്നാല്‍ എന്ത് ഘടകമാണ് നമ്മളിലെ ചെറുപ്പം സൂക്ഷിക്കാന്‍ സഹായിക്കുന്നത്? അല്ലെങ്കില്‍ നമ്മളെ എളുപ്പം വാര്‍ധക്യത്തിലെത്തിക്കുന്നത് എന്ത് ഘടകമാണ്?

വളരെ സുപ്രധാനപ്പെട്ട ഈ അന്വേഷണത്തിന് കൃത്യമായ ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. 'COL17A1' എന്ന ഒരുതരം പ്രോട്ടീനാണത്രേ, ചര്‍മ്മത്തിന്റെ പ്രായത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. 

'നേച്ചര്‍' എന്ന പ്രസിദ്ധീകരണത്തിലൂടെയാണ് ഈ പുതിയ കണ്ടെത്തലിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ടോക്കിയോ മെഡിക്കല്‍ ആന്റ് ഡെന്റല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരുള്‍പ്പെടെയുള്ള സംഘമാണ് പഠനത്തിന് പിന്നില്‍. 

'COL17A1' എന്ന പ്രോട്ടീന്‍ കോശങ്ങള്‍ തമ്മിലുള്ള മത്സരത്തെ പ്രോത്സാഹിപ്പിക്കുമത്രേ. ഇതോടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ തകരാര്‍ സംഭവിച്ച കോശങ്ങള്‍ പുറന്തള്ളപ്പെടുകയും വൈകാതെ പുതിയവ ഉണ്ടാവുകയും ചെയ്യുന്നു. നശിച്ച കോശങ്ങള്‍ ചര്‍മ്മത്തില്‍ നിന്ന് ഇത്തരത്തില്‍ എളുപ്പത്തില്‍ നീക്കം ചെയ്യപ്പെടുന്നതോടെ ചര്‍മ്മം എപ്പോഴും പുതുമയുള്ളതും ആരോഗ്യമുള്ളതുമാകുന്നു. 

വയസ് കൂടുംതോറും ഈ പ്രോട്ടീനിന്റെ അളവും കുറയുന്നു. അങ്ങനെയാണ് പ്രായമാകുമ്പോള്‍ ചര്‍മ്മം ചുളിയുന്നതും, തിളക്കം നഷ്ടപ്പെടുന്നതുമെല്ലാം. എന്നാല്‍ ഇതിനെ പ്രതിരോധിക്കാനുള്ള മരുന്നുകള്‍ കണ്ടുപിടിക്കാനും ഇനി അധികം താമസിക്കില്ലെന്നാണ് ഗവേഷകര്‍ അറിയിക്കുന്നത്. അങ്ങനെ വന്നാല്‍ വയസാകുന്നത് ചര്‍മ്മത്തിലൂടെ അറിയാന്‍ കഴിയാത്ത രീതിയില്‍ ചര്‍മ്മത്തെ ചെറുപ്പമാക്കി നിര്‍ത്താനാകും! വൈദ്യശാസ്ത്രരംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്ന കണ്ടെത്തലാണിത് എന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. 

click me!