
ബോളിവുഡിലെ താരസുന്ദരിമാരുടെയും സെലിബ്രിറ്റികളുടെയും ഏറ്റവും പ്രിയപ്പെട്ട ഫാഷൻ ഡിസൈനർ ആരാണെന്ന് ചോദിച്ചാൽ ഒരുപക്ഷേ ആദ്യം അവർ പറയുന്നത് സബ്യസാചി മുഖർജി ( Sabyasachi Mukherjee) എന്ന പേര് തന്നെയാകും. വേറിട്ട ഡിസൈനുകളും കോംപിനേഷനുകളും മാധ്യമ ശ്രദ്ധനേടിയിട്ടുണ്ട്. വ്യത്യസ്ത നിറങ്ങളിലും ഡിസെെനുകളിലെല്ലാം അദ്ദേഹം വസ്ത്രങ്ങളും ഒരുക്കി.
ഓരോ സൃഷ്ടിയ്ക്കും വൈകാരിക ആഖ്യാനങ്ങൾ നൽകുകയും ഇന്ത്യയുടെ സമ്പന്നമായ പൈതൃകം, ചരിത്രം, സംസ്കാരം എന്നിവയെല്ലാം അദ്ദേഹത്തിന്റെ സൃഷ്ടികളിൽ ഓരോന്നിലും വ്യക്തമായി കാണാൻ സാധിക്കുന്നതാണ്. തുന്നിയെടുക്കുന്ന ഓരോ വസ്ത്രത്തിലും പാരമ്പര്യത്തിന്റെയും ശാക്തീകരണത്തിന്റെയുമൊക്കെ കഥകൾ സബ്യസാചി തുറന്ന് കാട്ടിയിട്ടുണ്ട്.
സബ്യസാചിയുടെ പുതിയൊരു വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇടം നേടിയിരിക്കുന്നത്. ഇത്തവണ ലണ്ടനിലെ ഹാരോഡ്‌സിൽ മറ്റൊരു നാഴികക്കല്ല് കൂടി കുറിക്കാൻ ഒരുങ്ങുകയാണ് സബ്യസാചി. ഹാരോഡ്‌സിലെ ഒരു പ്രത്യേക റെസിഡൻസിയിൽ തന്റെ മാസ്റ്റർ പീസ് കളക്ഷൻസ് ആഭരണങ്ങൾ പ്രദർശിപ്പിക്കാൻ സബ്യസാചി ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലണ്ടനിലെ നൈറ്റ്സ്ബ്രിഡ്ജിലെ ബ്രോംപ്ടൺ റോഡിലെ ഗ്രേഡ് II ലിസ്റ്റ് ചെയ്ത ലക്ഷ്വറി ഡിപ്പാർട്ട്മെൻ്റ് സ്റ്റോറാണ് ഹാരോഡ്സ്.
ജൂലൈ 21 മുതൽ 27 വരെ ഹാരോഡ്‌സിൽ ആദ്യമായി സബ്യസാചിയുടെ മാസ്റ്റർ പീസ് കളക്ഷൻസ് ആഭരണങ്ങൾ പ്രദർശിപ്പിക്കാനൊരുങ്ങുകയാണ്. ഹാരോഡ്‌സിന്റെ ഐക്കണിക് നൈറ്റ്‌സ്ബ്രിഡ്ജ് ലൊക്കേഷന്റെ മുകളിലെ നിലയിലുള്ള പെന്റ്‌ഹൗസ് സ്യൂട്ടിലാണ് എക്‌സ്‌ക്ലൂസീവ് ഷോകേസ് നടക്കുക. അവിടെ രൂപകൽപ്പന ചെയ്‌ത പ്രത്യേകം ക്യൂറേറ്റ് ചെയ്‌ത ഹൈ ജ്വല്ലറി ശേഖരം സബ്യസാചി അനാച്ഛാദനം ചെയ്യും.
പരമ്പരാഗത സങ്കൽപ്പങ്ങളെയും വിലയേറിയ കല്ലുകളോടുള്ള ആരാധനയും ഈ പ്രദർശനം കാണാനാകും. രത്നക്കല്ലുകളുടെ ഗുണനിലവാരം വളരെ പ്രധാനമാണെന്ന് സബ്യസാചി ഔദ്യോഗിക കുറിപ്പിൽ പറഞ്ഞു.
2003ൽ രാജ്യാന്തരതലത്തിൽ നടന്ന മെഴ്സിഡസ് ബെൻസ് ന്യൂ ഏഷ്യ ഫാഷൻ വീക്കിൽ ഗ്രാൻഡ് വിന്നർ പുരസ്കാരം സബ്യസാചി കരസ്ഥമാക്കിയിരുന്നു. 2005ൽ സഞ്ജയ് ലീലാ ബൻസാലിയുടെ ‘ബ്ലാക്ക്’ എന്ന ചിത്രത്തിനു വസ്ത്രങ്ങൾ ഒരുക്കിയതിലൂടെ മികച്ച കോസ്റ്റ്യൂം ഡിസൈനറിനുള്ള ദേശീയ പുരസ്കാരവും സബ്യസാചി കരസ്ഥമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam