
കൊളസ്ട്രോളോ പ്രമേഹമോ ഫാറ്റി ലിവറോ അങ്ങനെ ഏതുമാകട്ടെ ഈ രോഗങ്ങൾ പിടിപ്പെട്ടിട്ടുണ്ടോ എന്നറിയണോ?. എങ്കിൽ അതിനൊരു വഴിയുണ്ട്. വെറും 26 ചോദ്യങ്ങൾ കൊണ്ട് രോഗങ്ങൾ ബാധിച്ചോ അല്ലെങ്കിൽ ബാധിക്കാനുള്ള സാധ്യതയുണ്ടോ എന്ന് എളുപ്പം അറിയാം. അതിന് സഹായിക്കുന്ന ഒരു ആപ്പാണ് 'സമർപ്പണം'. ചോദ്യങ്ങൾക്ക് ക്യത്യമായി നിങ്ങൾ ഉത്തരം നൽകിയാൽ മാത്രം മതി. രോഗ സാധ്യത കുറയ്ക്കാനുള്ള മാർഗ നിർദേശങ്ങൾ ഈ ആപ്പിലൂടെ നിങ്ങളുടെ വാട്സാപ്പിൽ എളുപ്പം ലഭിക്കും.
എന്താണ് 'സമർപ്പണം' ആപ്പ്?
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ സീനിയർ ന്യൂറോളജിസ്റ്റായ ഡോ. കെ. ഉമ്മർ വികസിപ്പിച്ച ‘സമർപ്പണം’ എന്ന ആപ്പ് രോഗങ്ങളെ നേരത്തെ കണ്ടെത്താൻ സഹായിക്കുന്നു. Samarpanam.survey എന്ന് കൊടുത്താൽ സമർപ്പണം സെെറ്റിൽ കയറാം. 26 ചോദ്യങ്ങളാകും അതിൽ ഉണ്ടാവുക. ചോദ്യങ്ങൾക്ക് ക്യത്യമായ ഉത്തരം നൽകി സർവേ സബ്മിറ്റ് ചെയ്ത് കഴിഞ്ഞാൽ നമ്മുടെ വാട്സാപ്പിലാകും മാർഗ നിർദേശങ്ങൾ വരിക. തികച്ചും സൗജന്യമാണ് ഈ സേവനം.
മറ്റൊരു കാര്യം, ‘ക്യു.ആർ കോഡ്’ സ്കാൻ ചെയ്തും ചോദ്യവലിയ്ക്ക് ഉത്തരം നൽകാം. ചോദ്യങ്ങൾക്ക് നേരെ ‘ഉണ്ട് (യെസ്)’ അല്ലെങ്കിൽ ‘ഇല്ല (നോ)’ എന്ന് ഉണ്ടാകും. അതിന് ക്യത്യമായ മറുപടി നിങ്ങൾ രേഖപ്പെടുത്തുക. എല്ലാവർക്കും മനസിലാകുന്ന വളരെ ലളിതമായ രീതിയിൽ ഇംഗ്ലീഷിലും മലയാളത്തിലുമായാണ് ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.
പേര്, വയസ്, ഭാരം, ഉയരം, നിങ്ങളടെ ഭക്ഷണ രീതി, വ്യായാമം, ലഹരിയുടെ ഉപയോഗം, പാരമ്പര്യരോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, വിവിധ ജീവിതശെെലി രോഗങ്ങൾ തുടങ്ങിയ വിവരങ്ങളാണ് ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇന്ന് നമ്മുടെ സമൂഹത്തിൽ ജീവിതശെെലി രോഗങ്ങൾ വർദ്ധിച്ച് വരുന്നു. 30- 40 വയസിനിടയിലുള്ളവരിൽ പക്ഷാഘാതം, അൽഷിമേഴ്സ്, പാർക്കിൻസൺ, വൃക്കരോഗം, ഫാറ്റിലിവർ, ഹൃദയാഘാതം എന്നിവ കൂടിവരികയാണ്. തുടക്കത്തിലെ രോഗം കണ്ടെത്തി ചികിത്സിക്കുന്നത് രോഗസാധ്യത കുറയ്ക്കാം. കൂടാതെ, അവരുടെ ജീവിതശെെലി മെച്ചപ്പെടുത്താനും സാധിക്കുമെന്ന് ഡോ. കെ ഉമ്മർ പറയുന്നു.
അഞ്ച് വർഷത്തെ ഗവേഷണത്തിന് ശേഷമാണ് സമർപ്പണം എന്ന ഈ ആപ്പ് വികസിപ്പിച്ചത്. വെറും രണ്ട് മിനുട്ട് കൊണ്ട് തന്നെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാം. കൂടാതെ ഇതിന്റെ വിവരങ്ങൾ ശേഖരിച്ച് സർക്കാരിനും നൽകാനാകും. വിവിധ രോഗങ്ങൾ പിടിപെടാതെ ശരീരത്തെ സംരക്ഷിക്കുക എന്നതാണ് ഈ ആപ്പ് കൊണ്ട് പ്രധാനമായി ലക്ഷ്യമിടുന്നതെന്ന് ഡോ. കെ ഉമ്മർ പറഞ്ഞു.
2016 ലാണ് ഡോ. ഉമ്മറും മറ്റ് വിദഗ്ധ ഡോക്ടർമാരും കോഴിക്കോട് കേന്ദ്രീകരിച്ച് ‘സമർപ്പണം ചാരിറ്റബ്ൾ ട്രസ്റ്റ്’ എന്ന സന്നദ്ധ സംഘടനക്ക് രൂപം നൽകുന്നത്. ട്രസ്റ്റിന് കീഴിലാണ് മറ്റ് സേവനങ്ങളോടൊപ്പം രോഗങ്ങളെക്കുറിച്ചുള്ള ഓൺലൈൻ ബോധവത്കണം നടത്തിവരുന്നത്. ചാരിറ്റബ്ൾ ട്രസ്റ്റിന്റെ ഭാഗമായി സൗജന്യ ക്യാമ്പുകളും നടത്തി വരുന്നതായി ഡോ. കെ ഉമ്മർ പറഞ്ഞു.
വൃക്കകളെ ആരോഗ്യത്തോടെ നിലനിർത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam