Covid 19 Infection : കൊവിഡ് കാര്യമായി ബാധിക്കപ്പെട്ടവര്‍ ശ്രദ്ധിക്കൂ; തുടര്‍ന്നുള്ള മാസങ്ങളില്‍ നിരീക്ഷണം വേണം

Published : May 12, 2022, 10:31 PM IST
Covid 19 Infection : കൊവിഡ് കാര്യമായി ബാധിക്കപ്പെട്ടവര്‍ ശ്രദ്ധിക്കൂ; തുടര്‍ന്നുള്ള മാസങ്ങളില്‍ നിരീക്ഷണം വേണം

Synopsis

വാക്‌സിന്‍ ലഭ്യമായത് കൊണ്ട് മാത്രം രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം അത്ര ഗുരുതരമല്ലാത്ത രീതിയില്‍ കടന്നുപോയി. ഇനിയും നാലാമതൊരു തരംഗം കൂടി വൈകാതെ രാജ്യം കണ്ടേക്കുമെന്ന സൂചനയാണ് നിലനില്‍ക്കുന്നത്

കൊവിഡ് 19 രോഗത്തോടുള്ള നിരന്തര ( Covid 19 India )  തന്നെയാണ് നാമിപ്പോഴും. ആദ്യഘട്ടത്തേതില്‍ നിന്ന് വിഭിന്നമായി ജനിതകവ്യതിയാനം സംഭവിച്ച വൈറസ് വകഭേദങ്ങള്‍ ( Virus Mutants)  പലതും ഇതിനോടകം വന്നു. രോഗവ്യാപന ശേഷി, രോഗതീവ്രത എന്നിവയിലെല്ലാം മാറ്റങ്ങള്‍ വന്നു. എങ്കിലും രോഗവുമായുള്ള മല്‍പ്പിടുത്തം തുടരുകയാണ്. 

വാക്‌സിന്‍ കൊവിഡ് മൂലമുള്ള വിഷമതകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നുണ്ടെങ്കിലും കൊവിഡ് ബാധയെ ചെറുക്കാന്‍ വാക്‌സിന് സാധിക്കുന്നില്ലെന്ന് നാം കണ്ടു. വാക്‌സിന്‍ ലഭ്യമായത് കൊണ്ട് മാത്രം രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം അത്ര ഗുരുതരമല്ലാത്ത രീതിയില്‍ കടന്നുപോയി. ഇനിയും നാലാമതൊരു തരംഗം കൂടി വൈകാതെ രാജ്യം കണ്ടേക്കുമെന്ന സൂചനയാണ് നിലനില്‍ക്കുന്നത്. 

ഇതിനിടെ 'ലോംഗ് കൊവിഡ്' അഥവാ കൊവിഡ് ബാധിക്കപ്പെട്ടവരില്‍ പിന്നീട് ദീര്‍ഘകാലത്തേക്ക് കണ്ടുവരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചകളില്‍ നിറയുന്നുണ്ട്. കൊവിഡ് ബാധിച്ചിട്ടുള്ള ദിവസങ്ങളെക്കാള്‍ ഒരുപക്ഷേ വിഷമതകള്‍ നിറഞ്ഞതായിരിക്കും 'ലോംഗ് കൊവിഡ്' ദിനങ്ങളെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

തളര്‍ച്ച, ശ്വാസതടസം, കാര്യങ്ങളില്‍ അവ്യക്തത തോന്നുക, ഓര്‍മ്മശക്തി കുറയുക, ശരീരവേദന എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളാണ് അധികവും 'ലോംഗ് കൊവിഡി'ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 

ഇപ്പോഴിതാ ചൈനയില്‍ നടന്നൊരു പഠനത്തിന്റെ റിപ്പോര്‍ട്ട് കൂടി പുറത്തുവരുമ്പോള്‍ 'ലോംഗ് കൊവിഡ്' എത്രമാത്രം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതാണെന്ന് വ്യക്തമാവുകയാണ്. കൊവിഡ് ഗുരുതരമായ രീതിയില്‍ ബാധിക്കുകയും ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും ചെയ്തവരില്‍ ഒരു വിഭാഗം പേര്‍ക്ക് രണ്ട് വര്‍ഷത്തോളമെങ്കിലും 'ലോംഗ് കൊവിഡ്' പ്രശ്‌നങ്ങള്‍ കാണാമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

തീവ്രത കുറഞ്ഞ രീതിയില്‍ കൊവിഡ് ബാധിക്കപ്പെട്ടവരാണെങ്കില്‍ അവര്‍ രണ്ടാഴ്ച കൊണ്ട് തന്നെ രോഗമുക്തി നേടും. ആറാഴ്ചയോ അതിലധികമോ എടുത്ത് രോഗമുക്തി നേടിയവരാണെങ്കില്‍ അത് ഗുരുതരമായ അവസ്ഥയായിരുന്നു എന്ന് അനുമാനിക്കാം. ഇത്തരക്കാരില്‍ പകുതി പേര്‍ക്കെങ്കിലും നീണ്ട കാലത്തേക്ക് 'ലോംഗ് കൊവിഡ്' കാണാമെന്നാണ് പഠനം പറയുന്നത്. 

2020ല്‍ കൊവിഡ് ബാധിക്കപ്പെട്ട രോഗികളുടെ പിന്നീടുള്ള കേസ് വിശദാംശങ്ങള്‍ വച്ചാണ് ഗവേഷകര്‍ പഠനം നടത്തിയിട്ടുള്ളത്. 

'കൊവിഡ് ബാധിക്കപ്പെട്ട് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവര്‍, അല്ലെങ്കില്‍ ഗുരുതരമായി കൊവിഡ് ബാധിക്കപ്പെട്ടവര്‍ എന്നിവരില്‍ പകുതിയോളം പേരിലെങ്കിലും ലോംഗ് കൊവിഡ് രണ്ട് വര്‍ഷത്തോളമെല്ലാം നീണ്ടുനില്‍ക്കുന്നുവെന്നാണ് ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യങ്ങള്‍ രോഗികള്‍ തന്നെ രോഗം ഭേദമായ ശേഷം സ്വയം നിരീക്ഷിച്ച് തിരിച്ചറിയേണ്ടതാണ്...'- പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ ബിന്‍കാവോ പറയുന്നു. 

ശാരീരികമായ പ്രശ്‌നങ്ങള്‍ മാത്രമല്ല, മാനസികപ്രശ്‌നങ്ങളും ലോംഗ് കൊവിഡിന്റെ ഭാഗമായി ഉണ്ടാകുന്നതായി പഠനം കണ്ടെത്തിയിട്ടുണ്ട്. പൊതുവേ കൊവിഡ് ബാധിക്കാത്തവരെ അപേക്ഷിച്ച് കൊവിഡ് ബാധിക്കപ്പെട്ടവരുടെ ആരോഗ്യസ്ഥിതി മോശമായി വരുമെന്നും പഠനം അടിവരയിട്ട് പറയുന്നു. 'ദ ലാന്‍സെറ്റ്' എന്ന പ്രമുഖ ആരോഗ്യപ്രസിദ്ധീകരണത്തിലാണ് പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്.

Also Read:- കൊവിഡ് ബാധിച്ച ശേഷം കുട്ടികൾ പഠനത്തിന് പിന്നിലാകുന്നുവോ?

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം