'സെക്സ്' ഒഴിവാക്കുന്ന മാനസികാവസ്ഥ; എന്താണ് 'സെക്ഷ്വല്‍ അനോറെക്സിയ'?

By Web TeamFirst Published Jul 21, 2022, 11:26 PM IST
Highlights

ഏതൊരു ആരോഗ്യപ്രശ്നം പോലെ തന്നെയും ലൈംഗിക പ്രശ്നങ്ങളും പരിഗണിക്കേണ്ടതുണ്ട്. ഇതിന് ചികിത്സ ആവശ്യമാണെന്ന് തോന്നിയാല്‍ അതും തേടേണ്ടതുണ്ട്. അല്ലാത്തപക്ഷം അത് ശാരീരിക- മാനസികാരോഗ്യത്തെയും സാമൂഹ്യജീവിതത്തെയുമെല്ലാം ഒരുപോലെ ബാധിക്കും. 

ലൈംഗികതയുമായി ബന്ധപ്പെട്ട മിക്ക പ്രശ്നങ്ങളും ( Sexual Problems ) പങ്കാളിയുമായി പോലും തുറന്ന് ചര്‍ച്ച ചെയ്യാത്തവരാണ് അധികപേരും. ലൈംഗികതയെ ചുറ്റിപ്പറ്റിയുള്ള അശാസ്ത്രീയമായ ധാരണകളും സദാചാരപരമായ ചിന്തകളുമെല്ലാം ഇതില്‍ ഭാഗവാക്കാകുന്നുണ്ട്. എന്നാല്‍ ലൈംഗികപ്രശ്നങ്ങള്‍ നിര്‍ബന്ധമായും മനസിലാക്കുകയും അത് തുറന്ന് ചര്‍ച്ച ചെയ്യുകയും ചെയ്യാൻ സാധിച്ചെങ്കില്‍ മാത്രമേ ആരോഗ്യകരമായ ലൈംഗികജീവിതം നയിക്കാൻ സാധിക്കൂ.

ഏതൊരു ആരോഗ്യപ്രശ്നം പോലെ തന്നെയും ലൈംഗിക പ്രശ്നങ്ങളും പരിഗണിക്കേണ്ടതുണ്ട്. ഇതിന് ചികിത്സ ആവശ്യമാണെന്ന് തോന്നിയാല്‍ അതും തേടേണ്ടതുണ്ട്. അല്ലാത്തപക്ഷം അത് ശാരീരിക- മാനസികാരോഗ്യത്തെയും സാമൂഹ്യജീവിതത്തെയുമെല്ലാം ഒരുപോലെ ബാധിക്കും. 

ഇത്തരത്തില്‍ ആരും തുറന്ന് ചര്‍ച്ച ചെയ്യാത്തൊരു ലൈംഗികപ്രശ്നമാണ് ( Sexual Problems ) സെക്ഷ്വല്‍ അനോറെക്സിയ ( Sexual Anorexia) . സെക്സിനെ ബോധപൂര്‍വം ഒഴിവാക്കുന്നൊരു മാനസികാവസ്ഥയാണിത്. എന്നാല്‍ സെക്ഷ്വല്‍ ഡ്രൈവ്, അഥവാ ലൈംഗികതയോടുള്ള താല്‍പര്യത്തില്‍ വരുന്ന കുറവല്ല സെക്ഷ്വല്‍ അനോറെക്സിയ. ഇത് കുറെക്കൂടി ഗൗരവത്തില്‍ പരിഗണിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യേണ്ട വിഷയമാണ്. 

ഒരേസമയം വ്യക്തിയുടെ ശാരീരിക- മാനസികാരോഗ്യത്തെയും വൈകാരികതലത്തെയും ബാധിക്കുന്നൊരു പ്രശ്നമാണ് സെക്ഷ്വല്‍ അനോറെക്സിയ. ലിംഗവ്യത്യാസമില്ലാതെ ഇത് വ്യക്തികളെ ബാധിക്കാം. 

ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എല്ലാം പരിപൂര്‍ണമായി ഒഴിവാക്കുന്ന അവസ്ഥയല്ല ഇത്. എന്നാല്‍  ഒരു പങ്കാളിയുമൊത്തുള്ള ലൈംഗിതയും അതിലുണ്ടാകുന്ന അടുപ്പവുമെല്ലാം ഇവര്‍ക്ക് ഭയമായിരിക്കും. ഇത്തരത്തിലുള്ള ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന കാര്യമോര്‍ക്കുമ്പോഴേ പേടി തോന്നുന്നതിനാല്‍ എങ്ങനെയും ഇത് ഒഴിവാക്കുന്നതിനെ കുറിച്ച് ചിന്തിക്കും. 

മറ്റൊരാളുമായുള്ള ആത്മബന്ധം, അടുപ്പം, ലൈംഗികമായ തീവ്രമായ താല്‍പര്യം എന്നിവയോടെല്ലാം ഭയം തോന്നുന്ന അവസ്ഥ- ആരെങ്കിലും തങ്ങളില്‍ ആകൃഷ്ടരാകുന്നതില്‍ പേടി, സ്വന്തം ലൈംഗികതയില്‍ തന്നെ ആശയക്കുഴപ്പവും സംശയവും പേടിയും, സ്വന്തമായി മോശമായി കരുതുക എന്നിവയെല്ലാം സെക്ഷ്വല്‍ അനോറെക്സിയയുടെ ( Sexual Anorexia) ലക്ഷണങ്ങളായി വരാം. 

വൈകാരികമായ അടുപ്പമില്ലാത്തവരുമായി ലൈംഗിക കാര്യങ്ങളില്‍ ഉള്‍പ്പെടുക, ലൈംഗികതയുമായി ബന്ധപ്പെട്ട് സങ്കല്‍പങ്ങള്‍- കഥകള്‍ എന്നിവ മെനയുക, മറ്റുള്ളവരില്‍ നിന്ന് മാറി ഏകാന്തരായി തുടരുക, പോണോഗ്രഫിയുടെ അധിക ഉപയോഗം, മറ്റുള്ളവരുടെ സ്വകാര്യ- ലൈംഗികജീവിതത്തിലേക്ക് ഒളിഞ്ഞുനോട്ടം, അധിക സ്വയം ഭോഗം എന്നിവയും ഇതിന്‍റെ ലക്ഷണമായി വരാം. 

എന്തുകൊണ്ടാണ് സെക്ഷ്വല്‍ അനോറെക്സിയ പിടിപെടുന്നത് എന്നതിന് കൃത്യമായ വിശദീകരണം നല്‍കാൻ ഇതുവരേക്കും വിദഗ്ധര്‍ക്ക് പോലും കഴിഞ്ഞിട്ടില്ല. എന്നാല്‍ കുട്ടിക്കാലത്തുണ്ടാകുന്ന ട്രോമകള്‍ ഇതിലേക്ക് വ്യക്തികളെ നയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വൈകാരികമായ അവഗണന, ദാരിദ്ര്യം, ലൈംഗിക- ശാരീരിക- വൈകാരിക പീഡനം, ലൈംഗികതയെ അപമാനിക്കപ്പെടുന്ന അവസ്ഥ, പ്രിയപ്പെട്ടവരുടെ മരണം എന്നിങ്ങനെ പല കാരണങ്ങളും പിന്നീട് വ്യക്തിയെ സെക്ഷ്വല്‍ അനോറെക്സിയയിലേക്ക് നയിക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. തെറാപ്പിയാണ് ഇതിനുള്ള ചികിത്സ. ഘട്ടം ഘട്ടമായി തെറാപ്പിയിലൂടെ ഈ അവസ്ഥയെ മറികടക്കാൻ സാധിക്കുന്നതാണ്. 

Also Read:- പുരുഷന്മാര്‍ അറിയേണ്ടത്; ബീജത്തിന്‍റെ കൗണ്ട് കുറയുന്നതിന് പിന്നിലെ പ്രധാന കാരണം...

tags
click me!