Asianet News MalayalamAsianet News Malayalam

Sperm Count : പുരുഷന്മാര്‍ അറിയേണ്ടത്; ബീജത്തിന്‍റെ കൗണ്ട് കുറയുന്നതിന് പിന്നിലെ പ്രധാന കാരണം...

വന്ധ്യതയെ കുറിച്ച് പല അശാസ്ത്രീയമായ ധാരണകളും ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. പുരുഷന്മാരില്‍ ഇത്തരമൊരു പ്രശ്‌നമുണ്ടാകില്ല, മറിച്ച് സ്ത്രീയിലേ ഇത് കാണൂ എന്ന കാഴ്ചപ്പാടാണ് ഇതില്‍ ഏറ്റവും വികലമായ ധാരണയെന്ന് ഡോക്ടര്‍മാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു

sperm count can be decreased by mental stress
Author
Trivandrum, First Published Jul 15, 2022, 10:57 PM IST

ലൈംഗികതയുമായും പ്രത്യുത്പാദനവുമായി ബന്ധപ്പെട്ടുമെല്ലാം ( Sexual Problems ) ധാരാളം ആരോഗ്യപ്രശ്‌നങ്ങള്‍ സ്ത്രീകളും പുരുഷന്മാരും നേരിടാറുണ്ട്. ഇതില്‍ ഏറെ പ്രധാനപ്പെട്ടൊരു പ്രശ്നമാണ് വന്ധ്യതയും. വന്ധ്യതയെ കുറിച്ച് പല അശാസ്ത്രീയമായ ധാരണകളും ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. 

പുരുഷന്മാരില്‍ ഇത്തരമൊരു പ്രശ്‌നമുണ്ടാകില്ല, ( Sexual Problems ) മറിച്ച് സ്ത്രീയിലേ ഇത് കാണൂ എന്ന കാഴ്ചപ്പാടാണ് ഇതില്‍ ഏറ്റവും വികലമായ ധാരണയെന്ന് ഡോക്ടര്‍മാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളിലെന്ന പോലെ തന്നെ പുരുഷന്മാരിലും വന്ധ്യതയുണ്ടാകാം.

ബീജത്തിന്റെ കൗണ്ട് ( Sperm Count ) കുറയുന്നതിനാല്‍ പങ്കാളിക്ക് ഗര്‍ഭധാരണം സാധിക്കാതെ പോകുന്ന സാഹചര്യങ്ങളാണ് ഇതില്‍ പുരുഷന്മാര്‍ കൂടുതലായി നേരിടുന്ന പ്രശ്‌നം. പല കാരണങ്ങളും ഇതിന് പിന്നിലുണ്ടാകാം. അവയില്‍ ചിലത് മനസിലാക്കാം.

ഒന്ന്...

പുകവലി, മദ്യപാനം, മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവയെല്ലാം ചിലരില്‍ ബീജത്തിന്റെ എണ്ണം കുറയ്ക്കാനിടയാക്കാറുണ്ട്. പുംബീജഗ്രന്ഥി (വൃഷണം) ചുരുങ്ങുക, പുരുഷ ലൈംഗിക ഹോര്‍മോണായ 'ടെസ്‌റ്റോസ്റ്റിറോണ്‍' അളവ് ഗണ്യമായി കുറയുക തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ഇങ്ങനെയുള്ള ദുശ്ശീലങ്ങള്‍ മൂലമുണ്ടാകാം. ഇവയെല്ലാം തന്നെ ബീജത്തിന്‍റെ കൗണ്ട് ( Sperm Count )  കുറയുന്നതിലേക്ക് നയിക്കുന്നു. 

രണ്ട്...

പലവിധത്തിലുള്ള മാനസിക സമ്മര്‍ദ്ദങ്ങളിലൂടെയാണ് മിക്കവാറും പേരും ഇന്ന് നിത്യേന കടന്നുപോകുന്നത്. ജോലിസ്ഥലത്ത് നിന്നുള്ള സമ്മര്‍ദ്ദമോ, വീട്ടിലെ പ്രശ്‌നങ്ങളോ എല്ലാം ഇതിലുള്‍പ്പെടുന്നു. ഇത്തരത്തില്‍ കടുത്ത മാനസികസമ്മര്‍ദ്ദം (സ്‌ട്രെസ്) പതിവായി നേരിടുന്നതും ഉറക്കമില്ലായ്മ പോലുള്ള ഇതിന്‍റെ അനുബന്ധ പ്രശ്‌നങ്ങളും ബീജത്തിന്റെ കൗണ്ട് കുറയ്ക്കാന്‍ ഇടയാക്കാം.

പുരുഷന്മാരില്‍ ബീജത്തിന്‍റെ കൗണ്ട് കുറയുന്നതിന് ഏറ്റവും സാധാരണമായോ, കൂടുതലായോ വരുന്ന കാരണവും ഇന്ന് ഇതുതന്നെയാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. 

മൂന്ന്... 

മാനസികസമ്മര്‍ദ്ദത്തിനൊപ്പം തന്നെ എടുത്തുപറയേണ്ടൊരു പ്രശ്‌നമാണ് വിഷാദം. ഇന്ന് പുരുഷന്മാര്‍ക്കിടയിലും വിഷാദരോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഈ മാനസികപ്രയാസങ്ങളും ബീജത്തിന്റെ കൗണ്ട് കുറയുന്നതിലേക്ക് ഇവരെ നയിക്കാം. 

നാല്...

അമിതവണ്ണമുള്ളവരില്‍ ആരോഗ്യപരമായ പല വിഷമതകളും കാണാം. ഇക്കൂട്ടത്തില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും ഉണ്ടാകാം. ഇതും ബീജത്തിന്‍റെ കൗണ്ട് കുറയുന്നതിലേക്ക് നയിക്കാം. 

അഞ്ച്...

കാലാവസ്ഥയുമായി ബന്ധപ്പെട്ടും ഈ പ്രശ്നം നേരിടാം.  അമിതമായ ചൂട് ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്.  വൃഷണത്തിന് സമീപത്തായി എപ്പോഴും അമിതമായി ചൂട് നില്‍ക്കുന്നത് ബീജത്തിന്റെ ഉത്പാദനം കുറയ്ക്കാന്‍ കാരണമായേക്കാം. അതിനാല്‍ തന്നെ അത്യുഷ്ണമുള്ള കാലങ്ങളിലും അത്തരം കാലാവസ്ഥയുള്ള സ്ഥലങ്ങളിലും വന്ധ്യതയുടെ തോത് കൂടിക്കാണാറുണ്ട്. 

ആറ്...

ചില അസുഖങ്ങളുടെ ഭാഗമായും പുരുഷന്മാരില്‍ ബീജത്തിന്റെ എണ്ണം കുറയാം. ടൈപ്പ്- 2 പ്രമേഹം ഇതിന് ഉദാഹരണമാണ്. ഇത് പുരുഷ ലൈംഗിക ഹോര്‍മോണായ 'ടെസ്‌റ്റോസ്റ്റിറോണ്‍' അളവ് കുറയ്ക്കുന്നു. ഇതോടെയാണ് ബീജത്തിന്‍റെ കൗണ്ടും കുറയുന്നത്. 

ഏഴ്...

ചിലയിനം അണുബാധകളും ബീജത്തിന്റെ ഉത്പാദനത്തെ ബാധിച്ചേക്കാം. പ്രധാനമായും വൃഷണത്തെ ബാധിക്കുന്ന അണുബാധകളോ മറ്റ് രോഗങ്ങളോ ആണ് ഈ രീതിയില്‍ ബീജോത്പാദനത്തെ ബാധിക്കുക. 

എട്ട്...

ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായോ അല്ലെങ്കില്‍ മറ്റേതെങ്കിലും സാഹചര്യത്തിലോ റേഡിയേഷനിലൂടെ കടന്നുപോയ പുരുഷന്മാരില്‍  ബീജത്തിന്റെ കൗണ്ട് കുറയാറുണ്ട്. എന്നാലിത് അത്ര സാധാരണമായ ഒരു കാരണമായി വരുന്നില്ല. 

Also Read:- 'സൈക്ലിംഗ്'ഉദ്ധാരണപ്രശ്നം സൃഷ്ടിക്കുമോ? പുരുഷന്മാര്‍ അറിയേണ്ടത്...

Follow Us:
Download App:
  • android
  • ios