
ശ്വാസകോശത്തിൽ ആരംഭിക്കുന്ന ഒരു തരം ക്യാൻസറാണ് ലങ് ക്യാന്‍സര്‍ അഥവാ ശ്വാസകോശ അർബുദം. ശ്വാസകോശത്തിലെ കോശങ്ങൾ അസാധാരണമായ മാറ്റങ്ങൾക്ക് വിധേയമാകുകയും അനിയന്ത്രിതമായി വളരുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഗുരുതരവും പലപ്പോഴും ജീവൻ അപകടപ്പെടുത്തുന്നതുമായ അവസ്ഥയാണിത്. പുകവലി, പുകയിലയുമായുള്ള സമ്പര്‍ക്കം, വായു മലിനീകരണം, തുടങ്ങി പല ഘടകങ്ങളും ശ്വാസകോശ അര്‍ബുദത്തെ സ്വാധീനക്കുന്ന ഘടകങ്ങളാണ്. പുകവലിക്കുന്നവര്‍ ഉറപ്പായും ആറ് മാസത്തില്‍ കൂടുമ്പോള്‍ രോഗ നിര്‍ണയ ടെസ്റ്റുകള്‍ ചെയ്യണം. പുകവലിക്കാത്തവരിലും ഈ ക്യാന്‍സര്‍ ഉണ്ടാകാറുണ്ട്. ശ്വാസകോശാര്‍ബുദത്തിന്റെ ആദ്യ ഘട്ടത്തില്‍ ഒരിക്കലും ലക്ഷണങ്ങള്‍ ഒന്നും പ്രകടമാകണമെന്നില്ല.
വിട്ടുമാറാത്ത ചുമയാണ് ശ്വാസകോശാര്‍ബുദത്തിന്റെ പ്രധാന ലക്ഷണം. അതുപോലെ ചുമയ്ക്കുമ്പോള്‍ രക്തം വരുന്നതും ലങ് ക്യാന്‍സറിന്‍റെ ലക്ഷണമാകാം. കഫത്തില്‍ ചോരയുടെയോ തുരുമ്പിന്റെയോ നിറം പ്രത്യേകം ശ്രദ്ധിക്കണം. ശ്വസിക്കാനുളള ബുദ്ധിമുട്ടാണ് മറ്റൊരു ലക്ഷണം. ശ്വസിക്കുമ്പോള്‍ ശബ്ദം വരുക, ചെറുതായിട്ട് ഒന്ന് നടക്കുമ്പോള്‍ പോലും ഉണ്ടാകുന്ന കിതപ്പ് തുടങ്ങിയവയും പ്രത്യേകം ശ്രദ്ധിക്കണം.
നെഞ്ചുവേദനയും ചിലപ്പോള്‍ ലങ് ക്യാന്‍സറിന്‍റെ ലക്ഷണമാകാം. ശ്വാസതടസവും ചുമയും മൂലം നെഞ്ചുവേദന ഉണ്ടാകുന്നത് നിസാരമായി കാണേണ്ട. ശബ്ദത്തിന് പെട്ടെന്ന് മാറ്റം വരുന്നതും ഒരു ലക്ഷണമാണ്. ലങ് ക്യാൻസർ എല്ലുകളിലേക്ക് വ്യാപിച്ചാൽ നടുവേദന ഉണ്ടാകാം. എല്ലുകളിലും പേശികളിലും അസ്ഥികളിലെയും വേദന വരുന്നത്, തലവേദന, ശരീരത്തില്‍ നീര് വെയ്ക്കുക തുടങ്ങിയവയും ശ്രദ്ധിക്കാതെ പോകരുത്. മറ്റ് ലക്ഷണങ്ങള്‍ക്കൊപ്പം അകാരണമായി ശരീരഭാരം കുറയുന്നതും ലങ് ക്യാന്‍സറിന്‍റെ സൂചനയാകാം. എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നത് പല രോഗങ്ങളുടെയും സൂചനയാണെങ്കിലും ശ്വാസകോശാര്‍ബുദത്തിന്‍റെ ലക്ഷണമായും ക്ഷീണം വരാം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also read: ഈ 12 ലക്ഷണങ്ങളെ നിസാരമായി കാണരുതേ, തൊണ്ടയിലെ ക്യാന്‍സറാകാം...