ചക്ക, വെറുതെ തിന്നാല്‍ പോര; ഇക്കാര്യങ്ങള്‍ കൂടി അറിയണം...

By Web TeamFirst Published May 24, 2020, 3:09 PM IST
Highlights

'ഇന്റലിജന്റ് ഫ്രൂട്ട്' എന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ ചക്കയെ വിളിക്കുന്നത്. ഇത് എന്തുകൊണ്ടാണെന്ന് അറിയാമോ? ചക്കയുടെ ഒട്ടുമിക്ക ഭാഗങ്ങളും ഭക്ഷണയോഗ്യമാണ്. പല തരത്തില്‍ ഇവയെല്ലാം നമുക്ക് ഉപയോഗിക്കാം. ആ അര്‍ത്ഥത്തില്‍ ചക്ക അല്‍പം 'ഇന്റലിജന്റ്' ആണെന്നാണ് ഇവരുടെ വാദം

ഇക്കുറി ചക്കക്കാലം എല്ലാവരും മതിമറന്ന് ആഘോഷിച്ച മട്ടാണ്. ലോക്ഡൗണ്‍ ആയതിനാലായിരിക്കാം, പോയ വര്‍ഷങ്ങളിലൊന്നും കിട്ടാതിരുന്ന വലിയ തോതിലുള്ള ശ്രദ്ധ ചക്കയ്ക്ക് ഇപ്രാവശ്യം കിട്ടാന്‍ കാരണമായത്. ചക്കപ്പുഴുക്ക്, ചക്കയട, ചക്കപ്പായസം, ചക്കവരട്ടി എന്നിങ്ങനെ പോകുന്ന പരമ്പരാഗത വിഭവങ്ങള്‍ക്ക് പുറമെ ചക്ക കൊണ്ട് ധാരാളം പുതിയ രുചിക്കൂട്ടുകള്‍ തേടിയൊരു കാലം കൂടിയായിരുന്നു ഇത്. 

ചക്ക അച്ചാര്‍, ചക്കക്കുരു ഷേക്ക്, ചക്ക മസാലയൊക്കെ ഇതില്‍ ചിലത് മാത്രം. നമ്മുടെ നാട്ടില്‍ മാത്രമല്ല, അങ്ങ് വിദേശരാജ്യങ്ങളിലും ചക്കയ്ക്ക് പ്രിയമേറിവരികയാണ്. പലയിടങ്ങളിലും വെജിറ്റേറിയന്‍ ആയ ആളുകള്‍ ഇറച്ചിക്ക് പകരം വയ്ക്കാനാണത്രേ ചക്ക ഉപയോഗിക്കുന്നത്. 

കഴിഞ്ഞ ദിവസങ്ങളിലാണ് അമേരിക്കയില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നുമെല്ലാം ഇത്തരത്തിലുള്ള വാര്‍ത്തകളെത്തിയത്. പിസയില്‍ വരെ അവിടത്തുകാര്‍ ചക്ക ചേര്‍ക്കുന്നുണ്ടെന്നും, കൂടുതല്‍ പേര്‍ ചക്കയില്‍ ആകൃഷ്ടരായിക്കൊണ്ടിരിക്കുകയാണെന്നുമായിരുന്നു വാര്‍ത്ത. ചക്ക, രുചിയുടെ കാര്യത്തില്‍ മാത്രമല്ല മുന്നിട്ടുനില്‍ക്കുന്നത്. 

 

 

'ഇന്റലിജന്റ് ഫ്രൂട്ട്' എന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ ചക്കയെ വിളിക്കുന്നത്. ഇത് എന്തുകൊണ്ടാണെന്ന് അറിയാമോ? ചക്കയുടെ ഒട്ടുമിക്ക ഭാഗങ്ങളും ഭക്ഷണയോഗ്യമാണ്. പല തരത്തില്‍ ഇവയെല്ലാം നമുക്ക് ഉപയോഗിക്കാം. ആ അര്‍ത്ഥത്തില്‍ ചക്ക അല്‍പം 'ഇന്റലിജന്റ്' ആണെന്നാണ് ഇവരുടെ വാദം. പലതരം ആരോഗ്യഗുണങ്ങളുണ്ട് ചക്കയ്ക്ക്. ഇതൊന്നും അറിയാതെയാണ് നമ്മള്‍ ചക്കയെ ഇങ്ങനെ വാഴ്ത്തുന്നത്. 

അപ്പോള്‍ ചക്കയുടെ ചില ഗുണങ്ങള്‍ കൂടി അറിഞ്ഞാലോ!

ഒന്ന്...

ചക്കയില്‍ നമ്മുടെ ശരീരത്തിന് അവശ്യം വേണ്ട ദാരാളം ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഫൈബര്‍, പ്രോട്ടീന്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, റൈബോഫ്‌ളേവിന്‍, മഗ്നീഷ്യം, പൊട്ടാസ്യം, കോപ്പര്‍, മാംഗനീസ് എന്നിവയെല്ലാമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ധാരാളം 'ആന്റി ഓക്‌സിഡന്റുകള്‍'ഉം ചക്കയിലടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സര്‍, ഹൃദ്രോഗം മുതലായ പല രോഗങ്ങളേയും ചെറുത്തുനില്‍ക്കാന്‍ സഹായിക്കുന്നതാണ്. 

രണ്ട്...

ചക്കക്കുരുവാകട്ടെ, പ്രോട്ടീന്‍ കൊണ്ട് സമ്പുഷ്ടമാണത്രേ. പച്ചക്കറി മാത്രം കഴിക്കുന്നവര്‍ക്കാണെങ്കില്‍ പ്രോട്ടീന്‍ നേടാന്‍ ധൈര്യമായി കഴിക്കാവുന്നതാണിത്. നമ്മുടെ ആരോഗ്യത്തിന് മാത്രമല്ല, മണ്ണിന്റെ ആരോഗ്യത്തിനും ചക്കക്കുരു വളരെ നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു. 

 

 

Also Read:- സര്‍വ്വം ചക്ക മയം; കടല്‍ കടക്കുമ്പോള്‍ പിസയിലും ചക്ക...

മണ്ണിനെ ആരോഗ്യമുള്ളതാക്കി നിര്‍ത്താനും, വരള്‍ച്ചയ്‌ക്കെതിരെ മണ്ണിനെ നിര്‍ത്താനും ഇത് സഹായിക്കുമെന്ന് ഇവര്‍ പറയുന്നു. 

മൂന്ന്...

നേരത്തേ പറഞ്ഞത് പോലെ ക്യാന്‍സര്‍, ഹൃദ്രോഗം മുതലായ പല രോഗങ്ങളേയും ചെറുക്കാനുള്ള കഴിവിന് പുറമെ ജീവിതശൈവീ രോഗമായ ടൈപ്പ്- 2 പ്രമേഹത്തെ നേരിടാനും ചക്കയ്ക്ക് ആകുമത്രേ. ചക്കയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍- സി രോഗങ്ങളെ ചെറുക്കാനുള്ള കഴിവും നമുക്ക് നല്‍കുന്നു. 

നാല്...

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഇന്ന് സര്‍വസാധാരണമാണ്. അത്തരം ബുദ്ധിമുട്ടുകള്‍ നേരിടാത്തവരില്ലെന്ന് തന്നെ പറയാം. ഇതിനും ചക്ക സഹായകമാണെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. എന്നാല്‍ ഒരേസമയം അമിതമായി ചക്ക കഴിക്കുന്നത് ദഹനക്കേടിന് വഴിയൊരുക്കുമെന്നും ഇവര്‍ പറയുന്നു. 

അഞ്ച്...

ഇപ്പോള്‍ യുവാക്കളില്‍ പോലും കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് രക്തസമ്മര്‍ദ്ദം. ചക്കയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് നല്ലതാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

 

 

രക്തസമ്മര്‍ദ്ദം വരുതിയിലാക്കാന്‍ ഇത് സഹായിക്കുമത്രേ. 

ആറ്...

കലോറി കുറവായതിനാല്‍ തന്നെ, വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി കഴിക്കാവുന്ന ഒന്ന് കൂടിയാണ് ചക്ക. കൊഴുപ്പിന്റെ കാര്യത്തിലും ചക്ക പിന്നിലാണ്. അതിനാല്‍ കൊഴുപ്പടിയുമെന്ന ഭയവും വേണ്ട. എങ്കിലും അമിതമായി ചക്ക കഴിക്കുന്നത് ഒഴിവാക്കുക. ഏത് ഭക്ഷണമാണെങ്കിലും അമിതമായ അളവില്‍ കഴിക്കുമ്പോള്‍ ഒരുപക്ഷേ വിപരീതഫലം പോലും ഉണ്ടാകുമെന്ന് ന്യൂട്രീഷ്യനിസ്റ്റുകള്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നുണ്ട്.

Also Read:- വീട്ടിൽ പഴുത്ത ചക്കയുണ്ടോ; 'ചക്ക അട' ഉണ്ടാക്കിയാലോ...

click me!