തൃശൂര്‍: പിസ മുതല്‍ കട്ലെറ്റില്‍ വരെ ചക്ക മയമായതോടെ കേരളത്തിന്‍റെ ചക്കയ്ക്ക് വെളിനാടുകളില്‍ വന്‍ ഡിമാന്‍ഡ്. കാലങ്ങളായി ദക്ഷിണേഷ്യയുടെ ഭക്ഷണത്തില്‍ ഭാഗമായ ചക്കയ്ക്ക് പാശ്ചാത്യ ഭക്ഷണങ്ങളിലും ഇടം ലഭിക്കുന്നതായാണ് സൂചന. സാന്‍സ്ഫ്രാന്‍‌സിസ്കോയിലും ലണ്ടനിലുമുള്ള പ്രമുഖ പാചക വിദഗ്ധര്‍ ഇറച്ചിക്ക് പകരമായി ചക്ക ഉപയോഗിക്കുന്നതായാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട്. 

പാകമായ ചക്ക വേവുമ്പോഴുള്ള രൂചി ഇറച്ചിയോട് കിടപിടിക്കുന്നതെന്നാണ് പാചക വിദഗ്ധരുടെ നിരീക്ഷണം. പിസയിലും ചക്ക ഉപയോഗിക്കുന്നതായാണ് തൃശൂര്‍ സ്വദേശിയായ വര്‍ഗീസ് തരകന്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പ്രതികരിക്കുന്നത്. സാധാരണ ഗതിയില്‍ പാകമായ ചക്ക അഞ്ച് കിലോയോളമാണ് തൂക്കം വരിക. കേക്ക്, ജ്യൂസ്, ഐസ്ക്രീം, വറവ് എന്നിവയായാണ് ദക്ഷിണേഷ്യയില്‍ ചക്ക ഭക്ഷണമാക്കുന്നത്. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളില്‍ പന്നിമാംസത്തിന് പകരമായി ചക്ക ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട്. ചക്ക ഉപയോഗിക്കുന്നത് സസ്യാഹാര രീതി പിന്തുടരുന്നവരെയും ഇത്തരം വിഭവങ്ങളിലേക്ക് അടുപ്പിക്കുന്നതായാണ് പാചക വിദഗ്ധര്‍ പറയുന്നത്. കൊറോണക്കാലക്ക് നോണ്‍വെജിനേക്കാളും ഡിമാന്‍റ് ചക്കയ്ക്കും അനുബന്ധ വിഭവങ്ങള്‍ക്കുമുണ്ടായതായാണ് നിരീക്ഷണം. 

ഓരോ വര്‍ഷവും 150 മുതല്‍ 250 ചക്ക വരെ ലഭിക്കുന്ന പ്ലാവുകള്‍ കേരളത്തില്‍ ധാരാളമുണ്ട്. തമിഴ്നാട്ടിലും കേരളത്തിലും മാത്രമായി 100 മെട്രിക് ടണ്‍ ചക്കയാണ് ഉപയോഗിക്കുന്നത്. ലോകത്തില്‍ ഏറ്റവുമധികം ചക്ക ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ.