Control Cholesterol : ഈ ആറ് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ കൊളസ്ട്രോള്‍ നിയന്ത്രിക്കാം...

By Web TeamFirst Published Oct 1, 2022, 7:41 PM IST
Highlights

ജീവൻ തന്നെ നഷ്ടമാകാൻ കാരണമായേക്കാവുന്ന ഗുരുതരമായ ആരോഗ്യാവസ്ഥകളിലേക്കോ രോഗങ്ങളിലേക്കോ നമ്മെയെത്തിക്കാൻ ഇത്തരത്തിലുള്ള ജീവിതശൈലീരോഗങ്ങള്‍ ധാരാളമാണെന്ന് ഇന്ന് ധാരാളം പേര്‍ മനസിലാക്കുന്നു. ആരോഗ്യമേഖലയില്‍ നടക്കുന്ന കാര്യമായ അവബോധങ്ങളുടെ ഫലം തന്നെയാണിത്. 

ജീവിതശൈലീരോഗങ്ങളുടെ കൂട്ടത്തില്‍ ഒന്ന് ആയാണ് നാം കൊളസ്ട്രോളിനെ കണക്കാക്കുന്നത്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യാസമായി പ്രമേഹം. ബിപി (രക്തസമ്മര്‍ദ്ദം), കൊളസ്ട്രോള്‍ തുടങ്ങിയ ജീവിതശൈലീരോഗങ്ങള്‍ എത്രമാത്രം അപകടകാരികളാണെന്ന് ഇന്ന് മിക്കവരും തിരിച്ചറിയുന്നുണ്ട്. 

ജീവൻ തന്നെ നഷ്ടമാകാൻ കാരണമായേക്കാവുന്ന ഗുരുതരമായ ആരോഗ്യാവസ്ഥകളിലേക്കോ രോഗങ്ങളിലേക്കോ നമ്മെയെത്തിക്കാൻ ഇത്തരത്തിലുള്ള ജീവിതശൈലീരോഗങ്ങള്‍ ധാരാളമാണെന്ന് ഇന്ന് ധാരാളം പേര്‍ മനസിലാക്കുന്നു. ആരോഗ്യമേഖലയില്‍ നടക്കുന്ന കാര്യമായ അവബോധങ്ങളുടെ ഫലം തന്നെയാണിത്. 

ഇക്കൂട്ടത്തില്‍ കാര്യമായ ശ്രദ്ധ നല്‍കേണ്ട പ്രശ്നമാണ് കൊളസ്ട്രോള്‍. ഹൃദയാഘാതം, പക്ഷാഘാതം എന്നിങ്ങനെ ജീവന് നേരെ വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥകളിലേക്ക് വ്യക്തികളെ നയിക്കുന്നതില്‍ കൊളസ്ട്രോളിന് വലിയ പങ്കുണ്ട്. കൊളസ്ട്രോള്‍ ഉള്ളതായി കണ്ടെത്തിയാല്‍ പിന്നെ, ജീവിതരീതികളില്‍ കാര്യമായ മാറ്റം തന്നെ വരുത്തേണ്ടതുണ്ട്. ഇത്തരത്തില്‍ ആറ് കാര്യങ്ങള്‍ മാത്രം നോക്കാൻ സാധിച്ചാല്‍ തന്നെ നല്ലരീതിയില്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ സാധിക്കും. ഇവ ഏതെല്ലാമാണെന്ന് മനസിലാക്കാം...

ഒന്ന്...

ഏറ്റവും പ്രധാനം ഡയറ്റ് അഥവാ കഴിക്കുന്ന ഭക്ഷണം തന്നെയാണ്. ആരോഗ്യകരമായ ഭക്ഷണങ്ങളായിരിക്കണം കഴിക്കേണ്ടത്. കൃത്യമായ സമയത്തിന് മിതമായ അളവില്‍ നല്ല ഭക്ഷണം മാത്രം കഴിക്കുക. മിക്കവര്‍ക്കും എന്തെല്ലാം കഴിക്കാം, കഴിക്കരുത് എന്ന കാര്യങ്ങള്‍ ഡോക്ടര്‍മാര്‍ തന്നെ നിര്‍ദേശിക്കും. ഡയറ്റ് വൃത്തിയായി കൊണ്ടുപോകാൻ സാധിച്ചാല്‍ തന്നെ കൊളസ്ട്രോള്‍ നിയന്ത്രണം പകുതി കഴിഞ്ഞെന്ന് പറയാം. 

രണ്ട്...

ഡയറ്റുമായി ബന്ധപ്പെട്ട് വളരെയധികം ശ്രദ്ധിക്കാനുള്ളൊരു കാര്യമാണിനി പങ്കുവയ്ക്കുന്നത്. ട്രാൻസ് ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങള്‍ നിര്‍ബന്ധമായും ഡയറ്റില്‍ നിന്നൊഴിവാക്കുക. പ്രോസസ്ഡ് ഫുഡ്സ്, ഫ്രൈഡ് ഫുഡ്സ്, കൃത്രിമമധുരം അടങ്ങിയ ഭക്ഷണ-പാനീയങ്ങള്‍ എന്നിവയെല്ലാം ഒഴിവാക്കുന്നതാണ് ഉചിതം. 

മൂന്ന്...

കൊളസ്ട്രോള്‍ നിയന്ത്രണത്തില്‍ വ്യായാമത്തിനും വലിയ പ്രാധാന്യമുണ്ട്. ദിവസത്തില്‍ അല്‍പസമയം വ്യായാമത്തിനായി മാറ്റിവയ്ക്കുക. ഓര്‍ക്കുക- പ്രായം, മറ്റ് ആരോഗ്യസ്ഥിതി എല്ലാം കണക്കിലെടുത്ത് വേണം വ്യായാമം നിശ്ചയിക്കാൻ. ഇതിന് ഡോക്ടറുടെ നിര്‍ദേശം തേടുകയാണെങ്കില്‍ അത്രയും നല്ലത്. 

നാല്...

മാനസികസമ്മര്‍ദ്ദം അഥവാ സ്ട്രെസ് എപ്പോഴും അനുഭവിക്കുന്നുവെങ്കില്‍ അതും കൊളസ്ട്രോള്‍ നിയന്ത്രണത്തിന് തടസം സൃഷ്ടിക്കും. അതിനാല്‍ ഏത് വിധത്തിലുള്ള സ്ട്രെസും നിയന്ത്രിക്കാനുള്ള ഉപാധികള്‍ കണ്ടെത്തണം. സ്ട്രെസ് മാത്രമല്ല ഉത്കണ്ഠ- വിഷാദം പോലുള്ള മാനസികപ്രശ്നങ്ങളും നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. കൊളസ്ട്രോള്‍ എന്നുവേണ്ട ഏത് രോഗത്തിനും ആശ്വാസവും ശമനവും ലഭിക്കണമെങ്കില്‍ രോഗി സ്ട്രെസില്‍ നിന്ന് മുക്തനായിരിക്കണം. 

അഞ്ച്...

പുകവലിക്കുന്ന ശീലമുള്ളവരാണെങ്കില്‍ അത് പുരുഷന്മാരായാലും സ്ത്രീകളാണെങ്കിലും കൊളസ്ട്രോള്‍ സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ ഈ ദുശ്ശീലം ഉപേക്ഷിക്കുന്നതാണ് നല്ലത്. അല്ലാത്ത പക്ഷം മറ്റ് മാര്‍ഗങ്ങള്‍ മുഖേനയും കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ ബുദ്ധിമുട്ട് നേരിടാം. 

ആറ്...

പുകവലി പോലെ തന്നെ മദ്യപിക്കുന്ന ശീലമുള്ളവരാണെങ്കില്‍ ഈ ദുശ്ശീലവും ഉപേക്ഷിക്കുക. എന്നാല്‍ വല്ലപ്പോഴും മിതമായ അളവില്‍ മദ്യപിക്കുന്നത് അത്ര പ്രശ്നമുണ്ടാക്കില്ല. എന്നാല്‍ പതിവായ മദ്യപാനം, അളവില്‍ കവിഞ്ഞ മദ്യപാനം എന്നിവ തീര്‍ച്ചയായും ജീവിതശൈലീരോഗങ്ങളെ മോശമായി സ്വാധീനിക്കും. 

Also Read:- പതിവായി വ്യായാമം ചെയ്താൽ മാത്രം പോര 'ഹെൽത്ത്' സുരക്ഷിതമാകാൻ; പിന്നെയോ?

click me!