പഠനത്തിനായി തെരഞ്ഞെടുത്ത അല്‍ഷിമേഴ്സ് രോഗികളുടെ തലച്ചോറില്‍ നിന്ന് ഈ രോഗകാരിയായ ബാക്ടീരിയയുടെ സാന്നിധ്യം ഇവര്‍ കണ്ടെത്തിയിട്ടുണ്ട്.  

അല്‍ഷിമേഴ്സ് എന്ന രോഗത്തെ കുറിച്ച് ഇന്ന് കേട്ടിട്ടില്ലാത്തവര്‍ കാണില്ല. പൊതുവെ പ്രായമായവരില്‍ കാണപ്പെടുന്ന മറവിരോഗം എന്ന നിലയ്ക്കാണ് മിക്കവരും ഇതിനെ മനസിലാക്കുന്നത്. എന്നാല്‍ ഇത് മറവിരോഗം മാത്രമല്ല, മറവി അല്‍ഷിമേഴ്സിന്‍റെ ഒരു പ്രധാനലക്ഷണമാണെന്ന് മാത്രം. തലച്ചോറിനെ ബാധിക്കുന്നൊരു അവസ്ഥയാണ് അല്‍ഷിമേഴ്സ്. ബുദ്ധിയുടെ പ്രവര്‍ത്തനം തകരാറിലാവുക, ചിന്താശേഷി നഷ്ടപ്പെടുക, ഓര്‍മ്മകള്‍ ബാധിക്കപ്പെടുക, ഭാഷ മറക്കുക, പെരുമാറ്റത്തില്‍ പ്രശ്നങ്ങള്‍ എന്നിങ്ങനെ തലച്ചോറിന്‍റെ വിവിധ ധര്‍മ്മങ്ങളുമായി ബന്ധപ്പെട്ടെല്ലാം രോഗി പ്രയാസങ്ങള്‍ അനുഭവിക്കും. 

തലച്ചോറിലെ കോശങ്ങള്‍ പതിയെ നശിച്ചുപോകുന്ന അവസ്ഥ. ഇത് ചികിത്സയിലൂടെയോ മറ്റേതെങ്കിലും രീതിയിലൂടെയോ ഭേദപ്പെടുത്താൻ സാധിക്കുകയുമില്ല. അല്‍പാല്‍പമായി കോശങ്ങള്‍ നശിച്ച് അവസാനം രോഗി മരണത്തിലേക്ക് എത്തുകയാണ് ചെയ്യുന്നത്. വര്‍ഷങ്ങളെടുത്താണ് ഇത് സംഭവിക്കുന്നതും.

അധികവും പ്രായമായവരില്‍ തന്നെയാണ് അല്‍ഷിമേഴ്സ് കാണപ്പെടുന്നത്. മുപ്പതിനും അറുപതിനും ഇടയ്ക്കുള്ളവരിലും അല്‍ഷിമേഴ്സ് സാധ്യതയുണ്ട്. എന്നാലിത്തരം കേസുകള്‍ അപൂര്‍വമാണെന്ന് പറയാം. 

എന്തുകൊണ്ടാണ് ഒരു വ്യക്തിയില്‍ അല്‍ഷിമേഴ്സ് രോഗം പിടിപെടുന്നത് എന്നതിന് കൃത്യമായൊരു ഉത്തരം നല്‍കാൻ ഇന്നും ശാസ്ത്രലോകത്തിന് സാധിച്ചിട്ടില്ല. എന്നാലിപ്പോള്‍ പുതിയൊരു പഠനത്തില്‍ വായ്ക്കകത്ത് കാണപ്പെടുന്നൊരു രോഗകാരിയായ ബാക്ടീരിയയും അല്‍ഷിമേഴ്സ് രോഗവും തമ്മില്‍ ബന്ധമുള്ളതായി കണ്ടെത്തിയിരിക്കുകയാണ്. 

യുഎസിലെ 'ലൂയിസ്വില്‍ യൂണിവേഴ്സിറ്റി'യില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനം നടത്തിയിരിക്കുന്നത്. മോണരോഗം എന്താണെന്ന് അധികപേര്‍ക്കും അറിയാമായിരിക്കും. ഗുരുതരമായ മോണരോഗം അഥവാ 'ക്രോണിക് പീരിയോഡോണ്ടൈറ്റിസ്'ന് കാരണമാകുന്ന 'പോര്‍ഫൈറോമൊണാസ് ജിൻജിവാലിസ്' എന്ന ബാക്ടീരിയ അല്‍ഷിമേഴ്സ് രോഗത്തിന് കാരണമാകാമെന്നോ, അല്ലെങ്കില്‍ കാരണത്തിലേക്കുള്ള കണ്ണിയായി ഇത് പ്രവര്‍ത്തിക്കുമെന്നോ ആണ് ഗവേഷകരുടെ കണ്ടെത്തല്‍.

പഠനത്തിനായി തെരഞ്ഞെടുത്ത അല്‍ഷിമേഴ്സ് രോഗികളുടെ തലച്ചോറില്‍ നിന്ന് ഈ രോഗകാരിയായ ബാക്ടീരിയയുടെ സാന്നിധ്യം ഇവര്‍ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം അല്‍ഷിമേഴ്സ് രോഗത്തിന് കാരണമാകുന്നത് ഈ ബാക്ടീരിയ ആണെന്ന് സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് ഗവേഷകര്‍ ആവര്‍ത്തിച്ച് പറയുന്നു. അല്‍ഷിമേഴ്സ് രോഗം എന്തുകൊണ്ട് എന്ന സമസ്യക്ക് ഒരുത്തരം കണ്ടെത്താനുള്ള, നാളിതുവരെ ലഭിച്ചിട്ടുള്ള ഏറ്റവും വ്യക്തമായ തുമ്പ് ആണിതെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. 

Also Read:- പ്രമേഹം സ്ത്രീകളിലുണ്ടാക്കുന്ന പ്രശ്നങ്ങള്‍ പുരുഷന്മാരില്‍ നിന്ന് വ്യത്യസ്തം; അറിയാം ചില ലക്ഷണങ്ങള്‍...