
ലോകത്ത് അഞ്ചാംപനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രോഗം ആഗോള ആരോഗ്യ ഭീഷണിയായേക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊവിഡ് മഹാമാരിയോടെ അഞ്ചാംപനിയുടെ വാക്സിൻ കുത്തിവെപ്പ് ഗണ്യമായി കുറഞ്ഞതാണ് രോഗവ്യാപനത്തിന് കാരണമെന്ന് ലോകാരോഗ്യ സംഘടനയും യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ടില്‍ പറയുന്നു.
കേരളം, ഗുജറാത്ത്, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ രോഗം വർധിക്കുന്നുവെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ പരിശോധിക്കാൻ കേന്ദ്രസംഘത്തെ അയക്കുകയും ചെയ്തിരുന്നു. മലപ്പുറം, റാഞ്ചി, അഹമ്മദാബാദ് എന്നിവടങ്ങളിലേക്കാണ് കേന്ദ്ര സംഘത്തെ അയച്ചത്. രോഗവ്യാപനം നിരീക്ഷിക്കുന്നതിലും, പ്രതിരോധ മാർഗ്ഗങ്ങൾ നിർദേശിക്കുന്നതിലും സംഘം സംസ്ഥാനത്തെ ഉദ്യോഗസ്ഥർക്കൊപ്പം ചേർന്ന് പ്രവർത്തിക്കും.
മീസിൽസ് വൈറസ് മൂലമുണ്ടാകുന്ന ഒരു സാംക്രമികരോഗമാണ് അഞ്ചാംപനി. കുട്ടികളിലാണിത് സാധാരണയായി കണ്ടുവരുന്നത്. രോഗബാധിതരുടെ ചുമയിലൂടെയും തുമ്മലിലൂടെയും വായുവിലൂടെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തിൽ പകരുന്ന രോഗമാണ് അഞ്ചാംപനി. വായയിലെയോ മൂക്കിലെയോ സ്രവങ്ങളുമായോ നേരിട്ടുള്ള സമ്പർക്കത്തിലൂടെയും ഇത് പകരാം.
2021-ൽമാത്രം ഏകദേശം 40 ദശലക്ഷം കുട്ടികൾക്കാണ് അഞ്ചാംപനി വാക്സിൻ നഷ്ടമായത്. കൊവിഡ് വാക്സിനേഷൻ ത്വരിതമാക്കുന്നതിനിടയിൽ പതിവ് പ്രതിരോധ കുത്തിവയ്പ്പുകൾ ലോകത്ത് എല്ലായിടത്തും തടസ്സപ്പെട്ടുവെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. അതിനാല്‍ രോഗപ്രതിരോധ പരിപാടികൾ ഊർജിതമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചാംപനിയെ തടയാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam